ആശങ്ക പരത്തി ആഫ്രിക്കന്‍ ഒച്ചിന്റെ സാന്നിധ്യം

Posted on: June 27, 2016 9:36 am | Last updated: June 27, 2016 at 9:36 am

മുക്കം: ഏറെ നശീകരണ ശക്തിയുള്ള ആഫ്രിക്കന്‍ ഒച്ച് കാരശ്ശേരി പഞ്ചായത്തിലെ പാലായില്‍ പ്രദേശത്ത് കണ്ടെത്തി. ഒരു ഒച്ചില്‍നിന്ന് 500ഓളം കുഞ്ഞുങ്ങള്‍ ഒരുമിച്ചുണ്ടാവുന്ന അതിവേഗം പെരുകുന്ന ഇനമാണ് വിനാശകാരിയായ ഇവ. കെട്ടിടങ്ങള്‍ക്കും മനുഷ്യനും ഒരേ പോലെ ഭീഷണിയാണീ ഒച്ചുകള്‍. കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ ഭിത്തിയിലെ കുമ്മായമാണ് പ്രധാന ആഹാരം. പുറംതോടിന്റെ വളര്‍ച്ചക്ക് വേണ്ടിയാണ് കുമ്മായം തിന്നുന്നത്. കൂട്ടത്തോടെ കെട്ടിടത്തിന്റെ ഭിത്തി കാര്‍ന്നുതിന്നാല്‍ കെട്ടിടം ഇടിഞ്ഞു വീഴാന്‍ വരെ ഇടയാക്കും. ഒച്ചില്‍ നിന്ന് പ്രവേശിക്കുന്ന വൈറസ് കൊച്ചുകുട്ടികളുടെ തലച്ചോറില്‍ കടന്നാല്‍ മാരകമായ അവസ്ഥയാണുണ്ടാക്കുക.
ഉപ്പ്, പുകയിലക്കഷായം എന്നിവ കൊണ്ട് ആഫ്രിക്കന്‍ ഒച്ചിനെ നശിപ്പിക്കാം. ഇതില്‍ പുകയിലക്കഷായമാണ് കൂടുതല്‍ ഫലപ്രദം. ഉപ്പ് ഉപയോഗിച്ചുകൊന്നാലും ബാക്ടീരിയ നശിക്കില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. കാബേജ്, കര്‍മൂസയില എന്നിവ ഇവയുടെ ഇഷ്ടാഹാരമാണ്. അതുകൊണ്ടു തന്നെ കാബേജോ കര്‍മൂസ ഇലയോ ചതച്ച് കൂട്ടിയിട്ടാല്‍ പരിസരത്തുള്ള മുഴുവന്‍ ഒച്ചുകളും അവിടേക്ക് കൂടിച്ചേരും. കൂട്ടത്തോടെ നശിപ്പിക്കാന്‍ ഇത് ഉപകാരപ്പെടും. രാത്രി ആറിനും എട്ടിനും ഇടയിലാണ് ഒച്ചുകള്‍ ആഹാരം തേടി പുറത്തിറങ്ങുന്നത്.
ഇന്ത്യയില്‍ ആദ്യമായി ആഫ്രിക്കന്‍ ഒച്ചുകളെ 1954ലാണ് കണ്ടെത്തിയത്. ആഫ്രിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന തടികള്‍, മണ്ണ്, വളം മുതലായവയിലൂടെയും അവിടെ നിന്നെത്തുന്ന വാഹനങ്ങളുടെ അടിഭാഗങ്ങളില്‍ പറ്റിപ്പിടിച്ചിരുന്നുമൊക്കെയാണ് ആഫ്രിക്കന്‍ ഒച്ച് ഇന്ത്യയിലും കേരളത്തിലുമൊക്കെ എത്തുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
നാശത്തിന്റെ സൂചനയുമായി ആഫ്രിക്കന്‍ ഒച്ച് എത്തിയതറിഞ്ഞ് ഗ്രാമ പഞ്ചായത്തധികൃതര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രതിരോധത്തിന് രംഗത്തിറങ്ങി. കേരളാ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് വിദഗ്ധരെ സ്ഥലത്ത് കൊണ്ടുവന്നു. ശാസ്ത്രജ്ഞരായ സുഗന്ധന്‍, കീര്‍ത്തി എന്നിവര്‍ ഒച്ചിനെക്കണ്ടെത്തിയ സ്ഥലം സന്ദര്‍ശിച്ചു. വിദഗ്ധ പഠനത്തിനായി ഒച്ചുകളെ ശേഖരിച്ചുകൊണ്ടുപോയിട്ടുണ്ട്. സ്ഥാപനത്തിന്റെ മേധാവി സജീവ് അടുത്ത ദിവസം എത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി കെ വിനോദ് പറഞ്ഞു.
പ്രദേശവാസികളെ വിളിച്ചു കൂട്ടി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച അടിയന്തിര പ്രതിരോധ നടപടികളെപ്പറ്റിയും മുന്‍കരുതല്‍ സംബന്ധിച്ചും ബോധവത്കരണം നടത്തി. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ഊര്‍ജിതമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തദ്ദേശവാസികളെ ഉള്‍പ്പെടുത്തി നടപ്പിലാക്കുമെന്നും പ്രസിഡന്റ് വി കെ വിനോദ് അറിയിച്ചു.