പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലക്കരുത്

Posted on: June 17, 2016 6:00 am | Last updated: June 17, 2016 at 12:12 am

എയര്‍ ഇന്ത്യ, കേരളത്തിലെ ഫാക്ട് തുടങ്ങി കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള 32 പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കപ്പെടുകയാണ്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പ്പന തീവ്രമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താനായി നീതി ആയോഗ് ഉപാധ്യക്ഷന്‍ അരവിന്ദ് പനഗഡിയയുടെ നേതൃത്വത്തില്‍ നിയോഗിതമായ സമിതി കഴിഞ്ഞ ദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 32 എണ്ണത്തിന്റെ ഓഹരി വിറ്റഴിക്കാനും 26 എണ്ണം അടച്ചുപൂട്ടാനുമാണ് ശിപാര്‍ശ ചെയ്തത്. പത്തെണ്ണത്തിന്റെ ഓഹരികള്‍ എത്രയും വേഗത്തില്‍ വില്‍ക്കാനും 22 എണ്ണം പുനരുജ്ജീവിപ്പിച്ചു ആകര്‍ഷകമായ വില്‍പ്പന വസ്തുവാക്കിയ ശേഷം വിറ്റഴിക്കാനുമാണ് നിര്‍ദേശം. 56,500 കോടി രൂപയുടെ സമാഹാരണമാണ് ഇതുവഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
2015-16 സാമ്പത്തികവര്‍ഷത്തില്‍ ഓഹരി വില്‍പ്പനയിലൂടെ 69,500 കോടി രൂപ സമാഹരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഒ എന്‍ ജി സി, സെയില്‍, എന്‍ എച്ച് പി സി തുടങ്ങിയ കമ്പനികളിലെ പത്ത് ശതമാനം ഓഹരി വില്‍പ്പന നടത്തിയെങ്കിലും സമാഹരിക്കാനായത് 25,312 കോടിയാണ്. ലക്ഷ്യത്തിന്റെ പകുതി പോലുമെത്തിയില്ല. ഇതേ തുടര്‍ന്നാണ് പ്രധാനമന്ത്രി പ്രത്യേക താത്പര്യമെടുത്ത് വിറ്റഴിക്കല്‍ നടപടി കൂടുതല്‍ ഫലപ്രദമാക്കുന്നതിന് നിര്‍ദേശം സമര്‍പ്പിക്കാന്‍ സമിതി രൂപവത്കരിച്ചത്. സര്‍ക്കാറിന്റെ വിഭവസമാഹരണത്തിനും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ ഊര്‍ജിതമാക്കണമെന്ന് ശിപാര്‍ശ ചെയ്ത അരവിന്ദ് പനഗഡിയ സമിതി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമി പാട്ടത്തിനു നല്‍കണമെന്നും നിര്‍ദേശിക്കുന്നു. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ ടി ഡി സി ഹോട്ടലുകള്‍ ദീര്‍ഘകാലത്തേക്കു പാട്ടത്തിനു കൊടുക്കണമെന്നതാണ് മറ്റൊരു ശിപാര്‍ശ.
ധനക്കമ്മി പരിഹരിക്കാനുള്ള എളുപ്പ വഴി എന്ന നിലയില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുക എന്ന ആശയം 1991 ലാണ് ഉടലെടുത്തത്. 1991-92ലെ ഇടക്കാല ബജറ്റില്‍ അന്നത്തെ ധനമന്ത്രി യശ്വന്ത് സിന്‍ഹ ഈ ആശയം പാര്‍ലിമെന്റ് മുമ്പാകെ വെക്കുകയും ഇതേക്കുറിച്ചു പഠിക്കാന്‍ ഡോ.സി രംഗരാജ സമിതി, ജി വി രാമകൃഷ്ണ സമിതി തുടങ്ങിയ സമിതികളെ നിയോഗിക്കുകയുമുണ്ടായി. 1999ല്‍ ഓഹരി വിറ്റഴിക്കലിന് മാത്രമായി ഒരു മന്ത്രാലയവും രൂപവത്കരിച്ചു. അന്ന് മുതല്‍ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ ഒന്നൊന്നായി വിറ്റഴിച്ചു കൊണ്ടിരിക്കയാണ്.
നഷ്ടത്തിലായ ഇത്തരം സ്ഥാപനങ്ങളെ രക്ഷിക്കാന്‍ സ്വകാര്യവത്കരണമെന്ന ഒറ്റമൂലിയല്ല സര്‍ക്കാറിന്റെ മുമ്പിലുള്ളത്. കുറഞ്ഞ ഉത്പാദനശേഷി, ഉത്പന്നങ്ങളുടെ ഗുണമേന്മക്കുറവ്, തലപ്പത്തുള്ളവരുടെ കെടുകാര്യസ്ഥത തുടങ്ങിയവയാണ് ഇവയുടെ നഷ്ടത്തിന് കാരണം. ഇത് പരിഹരിച്ചു സ്ഥാപനങ്ങളെ കരകയറ്റാനാകുമോ എന്നാണ് ആദ്യം പരീക്ഷിക്കേണ്ടത്. മെച്ചപ്പെട്ട മാനേജ്‌മെന്റാണ് ഏതൊരു വ്യവസായ സ്ഥാപനത്തിന്റെയും വിജയത്തില്‍ പ്രധാന ഘടകം. എന്നാല്‍ സ്ഥാപനത്തിന്റെ നടത്തിപ്പിനെക്കുറിച്ചറിയാത്ത രാഷ്ട്രീയക്കാരുടെ നോമിനികളാണ് പലപ്പോഴും പൊതുമേഖലാ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ നിയമിക്കപ്പെടുന്നത്. ഈ പ്രവണത അവസാനിപ്പിച്ചു മാനേജ്‌മെന്റ് കാര്യക്ഷമമാക്കിയാല്‍ ഏറെക്കുറെ സ്ഥാപനങ്ങളെയും രക്ഷപ്പെടുത്താനാകും. പൊതുമേഖലാ സ്ഥാപനങ്ങള്‍ യഥാര്‍ഥത്തില്‍ ജനങ്ങളുടെതാണ്. അവരുടെ നികുതിപ്പണമാണ് അവയുടെ ആസ്തി. ഇത്തരം സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ജനകീയാഭിപ്രായം തേടുകയും തങ്ങളുടെ നയത്തിന് അനുകൂലമായി ജനകീയ അഭിപ്രായ സമന്വയം ഉണ്ടാക്കുകയും ചെയ്യേണ്ടതുണ്ട്. അല്ലാതെയുള്ള വില്‍പ്പനയും സ്വകാര്യവത്കരണവും ജനവിരുദ്ധവും അധാര്‍മികവുമാണ്. മാത്രമല്ല, കേവലം സാമ്പത്തിക താത്പര്യത്തിലുപരി തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുക,സ്വകാര്യ സ്ഥാപനങ്ങളുടെ കൊള്ള ലാഭവും ചൂഷണവും അവസാനിപ്പിക്കുക, സാമ്പത്തിക പ്രതിസന്ധിയെ പ്രതിരോധിക്കുക തുടങ്ങിയ സാമൂഹിക ക്ഷേമപരവും രാഷ്ട്രീയവുമായ ലക്ഷ്യങ്ങളുണ്ട് അവയുടെ സ്ഥാപനത്തിന് പിന്നില്‍. ഇതിനിടെ ആഗോള തലത്തില്‍ അനുഭവപ്പെട്ട സാമ്പത്തിക മാന്ദ്യം ഇന്ത്യയെ സാരമായി ബാധിക്കാതിരുന്നതിന് പിന്നില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
സാമൂഹിക ക്ഷേമപദ്ധതികള്‍ക്ക് പണം കണ്ടെത്താനാണ് വില്‍പ്പനയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ മുന്നോട്ട് വെക്കുന്ന ന്യായം. കോര്‍പറേറ്റുകള്‍ക്കും അതിസമ്പന്നര്‍ക്കും വര്‍ഷാവര്‍ഷം അനുവദിക്കുന്ന ഇളവുകളുടെ ഒരു ചെറിയ ശതമാനം മതി ഇവയെ പുനരുദ്ധരിക്കാന്‍. ദശലക്ഷക്കണക്കിന് കോടികളാണ് ഓരോ വര്‍ഷവും നികുതി ഇനത്തില്‍ അവര്‍ക്ക് ഇളവ് ചെയ്യുന്നത്. കിട്ടാക്കടമെന്ന പൊതുമേഖലാ ബേങ്കുകള്‍ക്ക് അവരുടെ കോടിക്കണക്കിന് രൂപയുടെ കടങ്ങള്‍ എഴുതിത്തള്ളുകയും ചെയ്യുന്നു. സര്‍ക്കാറിനെയും ബേങ്കുകളെയും വെട്ടിച്ച് അവസാനം അവര്‍ രാജ്യത്ത് നിന്ന് മുങ്ങുകയും ചെയ്യുന്നു. ഇത്തരക്കാരെ നിലക്ക് നിര്‍ത്താനുള്ള ആര്‍ജവവും ശുഷ്‌കാന്തിയുമുണ്ടെങ്കില്‍ സാമൂഹിക ക്ഷേമപദ്ധതികള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കേണ്ട ഗതികേടുണ്ടാകില്ല.