Connect with us

Books

എഴുത്തുമൊരു രാഷ്ട്രീയ പ്രകിയയാണ്

Published

|

Last Updated

ഓര്‍മകള്‍ക്ക്, അനുഭവങ്ങള്‍ക്ക് ഇത്രമേല്‍ തിളക്കവും മിനുക്കവും വായനയില്‍ അനുഭവപ്പെടുക എന്നത് അപൂര്‍വമാണ്. നിലപാടുകളാലും കൃത്യമായ രാഷ്ട്രീയ വീക്ഷണത്താലും സമ്പന്നമാണ് ദീപ നിശാന്തിന്റെ “കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍” എന്ന അനുഭവങ്ങളുടെ അക്ഷര ശേഖരം. എഴുത്ത് ഒരന്യദേശമായി മാറിക്കൊണ്ടിരിക്കുകയാണോ എന്ന ബോധ്യത്തില്‍ നിന്ന് എഴുതിയതുകൊണ്ടാവാം പഴകിയ വീഞ്ഞിന്റെ വീര്യം പോലെ അക്ഷരങ്ങള്‍ വായനയെ മത്തുപിടിപ്പിക്കുന്നത്. എഴുത്തിന്റെ പശ്ചാത്തലം ജീവിത പരിസരങ്ങള്‍ തന്നെയാണ്. കടന്നു പോയ വഴികളിലെ കാഴ്ചകള്‍ തന്നെയാണ്. കടന്നു പോകുന്ന കാലത്തിന്റെ വിഭിന്ന ഭാവങ്ങളാണ്.

കുന്നോളമല്ല സമുദ്രം പോലെ വിശാലമായ ഓര്‍മക്കുളിരില്‍ മുത്തും പവിഴവും ലവണവുമുണ്ട്. സ്വപ്‌നങ്ങളുടെ ആഴവും പരപ്പുമുണ്ട്. ജീവിതത്തിന്റെ മധുരവും കയ്പുമുണ്ട്. പ്രണയത്തിന്റെ ചുവപ്പും കറുപ്പുമുണ്ട്. അതിനുമപ്പുറം സാമൂഹിക അനീതികളെ കര്‍ക്കശമായി ചോദ്യം ചെയ്യുന്നുമുണ്ട്. മനുഷ്യരായി ജീവിക്കാന്‍ താത്പര്യമുള്ളവര്‍ക്കുള്ള പിന്തുണയുണ്ട്. “ആയുധക്കടത്ത് പോലെ സുന്ദരമായിരിക്കണം എല്ലാ സ്വപ്‌ന സ്ഥലികളും. ആരും കാണരുത്. ആരോടും പറയരുത്. എ ടി എം കാര്‍ഡിന്റെ പിന്‍ നമ്പര്‍ പോലെ ഉള്ളില്‍ സൂക്ഷിച്ചുവെക്കണം” എന്ന് ദീപ വരച്ചിടുന്നിടത്ത് സ്വപ്‌നങ്ങളുടെ ഒരു പ്രകാശവലയം തന്നെ വായനയെ വന്നു തലോടുന്നുണ്ട്.

“ഓര്‍മയിലെ സൈക്കിള്‍ ബെല്ലുകള്‍” വായനക്കാരന്റെ ഓര്‍മകളെ പിന്നോട്ട് നടത്തുണ്ട്. കപ്പലണ്ടി മുട്ടായിയുടെയും കോലൈസിന്റെയും മാംഗോ ഫ്രൂട്ടിയുടെയും മണവും നിറവും തൂവി ബാല്യകാല സ്മരണകളെ നീറുറുമ്പുകളുടെ നീറ്റലോടെ തൊട്ടു വിളിക്കുന്നുണ്ട്. ഇടയ്‌ക്കെല്ലാം സ്‌നേഹത്തിന്റെ പ്രണയത്തിന്റെ നിഷ്‌കളങ്കതയിലേക്ക് മുഖമുയര്‍ത്തി നോക്കുന്നുണ്ട്. നഷ്ടപ്പെടലുകളെ നോക്കി കണ്ണ് നിറയ്ക്കുന്നുണ്ട്. ഗൃഹാതുരതയുടെ നീലാകാശത്തെ നമുക്ക് മുന്നില്‍ വിരിച്ചിട്ട് മഴത്തണുപ്പ് തേടി ജീവിതത്തിന്റെ വെളിച്ചത്തിന് നേര്‍ക്ക് നടന്നു പോകുന്നുണ്ട്. ഇരുട്ടിനെ മറച്ചു പിടിക്കുന്നുണ്ട്. ഭൂതകാലക്കുളിരിലെ അക്ഷരങ്ങള്‍ ഒരു ലഹരിയായി വായനയെ ധൃതി കൂട്ടുന്നുണ്ട്. സോജ, സജു, കിഷോര്‍ എല്ലാരും നമ്മുടെ കൈയും പിടിച്ചു വായനയ്ക്ക് ഒപ്പം നടക്കുന്നുണ്ട്.

ബാല്യത്തിന്റെ എല്ലാ കുറുമ്പുകളും കള്ളത്തരങ്ങളും അതുപോലെ വരച്ചിടുന്നുണ്ട് എഴുത്തില്‍. കാപട്യം ഇല്ലാത്ത തുറന്നെഴുത്ത്. എഴുത്തുകാരിയെന്നു പേരെടുക്കാനുള്ള തിടുക്കമോ ആധിയോ ഇല്ല. സങ്കീര്‍ണമായ പ്രയോഗങ്ങള്‍ ഇല്ല. ലളിതവും ശുദ്ധവുമായ ഭാഷ വായനയെ എളുപ്പമാക്കുന്നുണ്ട്. യുക്തിയെ ചേര്‍ത്ത് നിര്‍ത്തുന്നുണ്ട്.
“ജീവിതമേ, നീയെന്തിനാണ് ആളുകളെ ഇത്ര പെട്ടെന്നങ്ങ് വലുതാക്കി കളയുന്നത്” എന്ന ചോദ്യം ഭൂതകാലക്കുളിര്‍ ചൊരിഞ്ഞു അറിഞ്ഞോ അറിയാതെയോ നമ്മില്‍ നിന്ന് കൊള്ളയടിക്കപ്പെട്ട നന്മയുടെ അബോധതലങ്ങളെ ഉന്മേഷപ്പെടുത്തുന്നുണ്ട്.

സാഹിത്യ ഭാഷയുടെ മനോഹാരിത കൊണ്ടല്ല അനുഭവങ്ങളുടെ ശുദ്ധാത്മകമായ പൊളിച്ചെഴുത്തുകൊണ്ടാണ് ഓര്‍മക്കുറിപ്പുകള്‍ എല്ലാം ഉള്ളില്‍ കടന്നു കൂടുന്നത്. ഓരോ ഓര്‍മക്കുറിപ്പും വായനക്കാരന്റെ ജീവിതത്തിലെ ഒരേടായി കടന്നു പോകുന്നു. ഗ്രാമവും ഗ്രാമ നന്മയും പച്ചിലയനക്കങ്ങള്‍ ശേഷിപ്പിച്ച് അനുഭവങ്ങളെ ക്യാന്‍വാസിലേക്കെന്ന പോലെ ദൃശ്യവത്കരിക്കുന്നു. പ്രണയവും വിപ്ലവും നിറഞ്ഞ കോളജ് ചുവരുകളിലെ വിശ്വസാഹിത്യങ്ങള്‍ ഭൂതകാലത്തെ വീണ്ടും നമുക്കായി ഒരുക്കി നിര്‍ത്തുന്നുണ്ട്. വിഷാദത്തിന്റെ ചായാചിത്രങ്ങള്‍ വരച്ച് ചിലരൊക്കെ ഇടയ്ക്ക് ഇറങ്ങി നടക്കുമ്പോള്‍ കണ്ണുകളില്‍ നോവിന്റെ ഉറവ കിനിയിക്കാന്‍ എഴുത്തിന് സാധിക്കുന്നുണ്ട്.

“ഞാന്‍ ബസ്സില്‍ കയറി സീറ്റുണ്ടോ എന്ന് നോക്കി. ബസ്സിലെ ചേച്ചിമാരെല്ലാം ദിവാസ്വപ്‌നങ്ങളില്‍ മുഴുകി ഇരിപ്പാണ്. ഗര്‍ഭിണികളെയും, പ്രായമായവരെയും, കൈക്കുഞ്ഞുമായി വരുന്ന സ്ത്രീകളെയും കാണുമ്പോള്‍ ഉണ്ടാവാറുള്ള പതിവ് ദിവാസ്വപ്‌നം തന്നെ” എന്ന് പറയുന്നിടത്ത് ചുറ്റുപാടുകള്‍ ദീപയുടെ എഴുത്തിനെ സ്വാധീനിക്കുന്നത് എങ്ങിനെയെന്ന് വ്യക്തമാണ്. കാഴ്ചകള്‍ ഒന്നും വെറുതെയാവുന്നില്ല.

“ജാത്യാലുള്ളത് തൂത്താല്‍ പോകുമോ? എന്ന മട്ടിലുള്ള പഴഞ്ചൊല്ലുകളെ ജാതി എന്നുള്ളത് തൂത്തു കളഞ്ഞു തന്നെയാണ് നാം നിസാരവത്കരിക്കേണ്ടത്” എന്നുള്ള എം എന്‍ കാരശ്ശേരി മാഷിന്റെ വാക്കുകളെ കടമെടുത്ത്‌കൊണ്ട് ദീപ ജാതി വ്യവസ്ഥകളെ ചോദ്യം ചെയ്യുന്നു.

“മോഷണത്തിന് ഇരയാകുമ്പോഴോ ഗുസ്തി മത്സരത്തില്‍ പരാജയപ്പെടുമ്പോഴോ ഒരു പെണ്‍കുട്ടിക്കും മാനം നഷ്ട്ടപ്പെടുന്നില്ല. അവളെയാരും മാനഭംഗത്തിന് ഇരയായ പെണ്‍കുട്ടി എന്ന് വിശേഷിപ്പിക്കുന്നില്ല. ഒരു പ്രത്യേക അവയവത്തെ കേന്ദ്രീകരിച്ചുള്ള ആക്രമണം മാത്രം മാനഭംഗം ആവുന്നത് എങ്ങിനെയാണ്?”. ഈ ചോദ്യം നമ്മുടെ പുരുഷാധിപത്യ സമൂഹത്തിനു നേരെയാണ്. ദീപയുടെ എഴുത്തുകള്‍ സമൂഹത്തിന് നേരെ ഇത്തരം അനേകം ചോദ്യങ്ങള്‍ എയ്തു വിടുന്നുണ്ട്. നിലപാടുകളിലെ കൃത്യത ഓരോ എഴുത്തിലും സ്പഷ്ടമാണ്. ജീവിച്ചിരിക്കുന്ന കാലത്തെയും, സമൂഹത്തെയും അടയാളപ്പെടുത്താന്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് സാധിക്കുന്നുണ്ട് എന്നുള്ളത് ഒരു എഴുത്തുകാരിക്ക് വരും കാലത്തിന് നല്‍കാവുന്ന ഏറ്റവും ഉദാത്തമായ സംഭാവനയുമാണ്.

“ഫാള്‍ ഇന്‍ ലവ്” എന്ന് എല്ലാരും പറയുന്നു. “റൈസ് ഇന്‍ ലവ്” എന്ന് എന്തുകൊണ്ട് പറയുന്നില്ല എന്ന് ദീപ വീണ്ടും ചോദ്യം ഉയര്‍ത്തുന്നു. പ്രണയത്തില്‍ വീണാല്‍, ചതിക്കപ്പെട്ടാല്‍ ആ വീഴ്ച്ചയില്‍ നിന്ന് എഴുന്നെല്‍ക്കണ്ട എന്നാണോ പൊതുസമൂഹം ശഠിക്കുന്നത് എന്ന് ദീപ നമ്മുടെ കപട സദാചാര വ്യാഖ്യാനങ്ങളെ നിരത്തി നിര്‍ത്തി പ്രഹരിക്കുന്നു.

ഇലയും മുള്ളും എന്ന പ്രയോഗത്തിലെ അലിഖിതമായ അര്‍ഥങ്ങള്‍ ഇല സ്ത്രീയും മുള്ളു പുരുഷനും ആകുമ്പോള്‍ പെണ്ണേ നീ ഇലയല്ല അഗ്‌നിയാവുക എന്ന് ആഹ്വാനം ചെയ്യാന്‍ ദീപ ശ്രമിക്കുന്നു. പെണ്‍കരുത്തിന്റെ വേറിട്ട മാനങ്ങള്‍ കാണാന്‍ ദീപയ്ക്ക് കഴിയുന്നു. വെറും കഥ പറച്ചിലുകള്‍ മാത്രമല്ല ഓരോ അധ്യായവും ഓരോ സന്ദേശങ്ങളാണ് മുന്നോട്ടു വെയ്ക്കുന്നു എന്നതാണു ഈ ഓര്‍മക്കുറിപ്പുകളുടെ ഭംഗിയും പ്രത്യേകതയും. വായനാ ശേഷവും അവ വീണ്ടും ഉള്ളില്‍ ഉടക്കി നില്‍ക്കുന്നത് അതുകൊണ്ടാണ്.

“നമുക്കിഷ്ടമില്ലാത്ത ജീവിതം നയിക്കുന്നവരെയെല്ലാം നമ്മുടെ കാഴ്ചപ്പാടില്‍ സദാചാരവിരുദ്ധരും അസന്മാര്‍ഗികളുമാണ്” ദീപ നമ്മുടെ സാമൂഹിക പൊതുബോധത്തിനു നേര്‍ക്കൊരു കണ്ണാടി വെയ്ക്കുകയാണ്. മൂന്നാം ലിംഗക്കാരും മനുഷ്യരാണ്, നമ്മളെ പോലെ തന്നെ സമൂഹത്തില്‍ തലയുയര്‍ത്തി നടക്കാന്‍ അവകാശമുള്ളവര്‍ എന്ന് രാമായണത്തിലെ ചില ഭാഗങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദീപ പറയുന്നു. മൂന്നാം ലിംഗക്കാര്‍ രാമായണകാലം മുതല്‍ക്കേ ഉണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്നു.

ഈ ഓര്‍മക്കുറിപ്പുകള്‍ ഗൃഹാതുരതയുടെ മേല്‍പ്പട്ടു പൊതിഞ്ഞ വെറും അക്ഷരങ്ങള്‍ അല്ലാതാവുന്നത് ചുറ്റുപാടുകളെ കൃത്യമായ രാഷ്ട്രീയത്തിലൂടെ വ്യക്തമായ നിലപാടുകളിലൂടെ എഴുതി തിട്ടപ്പെടുത്തിയതുകൊണ്ടാണ്. കെ രേഖയുടെ മനോഹരമായ ആമുഖവും ഈ പുസ്തകത്തിന് ഒരു മുതല്‍ക്കൂട്ടാണെന്ന് പറയാതെ വയ്യ. ഭൂതകാലക്കുളിരിനു ഒരു പൊട്ടുകുത്തി കുത്തിക്കൊടുക്കാന്‍ ആമുഖത്തിലൂടെ രേഖയ്ക്ക് സാധിച്ചിട്ടുണ്ട്.

സാമൂഹിക അപചയങ്ങളെ വിശകലനം ചെയ്യാന്‍ എഴുത്തുകാരി മുന്നോട്ടു വെയ്ക്കുന്ന മാധ്യമം അക്ഷരങ്ങള്‍ ആവുമ്പോള്‍, അതില്‍ ജാതിയും, മതവും, വംശീയതയും, സ്ത്രീകള്‍ക്ക് നേരെയുള്ള അധിക്ഷേപങ്ങളും, അരാഷ്ട്രീയതയും, കപട സദാചാരവും എല്ലാം വിഷയങ്ങള്‍ ആവുമ്പോള്‍ വര്‍ഗീയത അര്‍ബുദം പോലെ പടരുന്ന നമ്മുടെ സമൂഹത്തില്‍ “കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍” കുന്നോളമല്ല ഒരു കടലോളം ആഴത്തില്‍ നമ്മളെ ചിന്തിപ്പിക്കുന്നു. മനുഷ്യനായി മാറാനുള്ള മാറ്റം ആവശ്യപ്പെടുന്നു. എഴുത്തുകാരി നേരിട്ട കല്ലേറുകള്‍ ദീപ ഉയര്‍ത്തുന്ന ശബ്ദത്തിന് നേരെയാണ് എന്നുള്ള തിരിച്ചറിവ് വായനയും ബോധ്യപ്പെടുത്തുന്നു. ശബ്ദങ്ങളെ നിസാരവത്കരിക്കുന്ന ഒരു ജനാധിപത്യ സമ്പ്രദായത്തില്‍ ഇത്തരം ശബ്ദങ്ങള്‍ സ്ത്രീപക്ഷത്ത് നിന്ന് കേള്‍ക്കുന്നത് കൂടുതല്‍ ആഹ്ലാദിപ്പിക്കുന്നു.

Latest