ഡോക്ടര്‍മാരുടെ കുറിപ്പടിയില്‍ ഇനി മരുന്നിനോടൊപ്പം നിര്‍ദേശങ്ങളും

Posted on: April 30, 2016 10:22 am | Last updated: April 30, 2016 at 10:22 am

കോഴിക്കോട്: കേരളത്തിലെ ശിശു മാതൃ മരണ നിരക്കുകള്‍ കുറക്കാന്‍ യൂനിസെഫും ഐ എം എയും ചേര്‍ന്ന് നൂതന പദ്ധതികള്‍ നടപ്പിലാക്കുന്നു. ഇതനുസരിച്ച് ഇനി മുതല്‍ മരുന്നിനൊടൊപ്പം രോഗ പ്രതിരോധത്തിനുള്ള കരുതല്‍ നിര്‍ദേശങ്ങളും മരുന്ന് കുറിപ്പടിയിലെഴുതുമെന്ന് ഐ എം എ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സാധാരണയായി മരുന്നുകളും പരിശോധനാ നിര്‍ദേശങ്ങളും മാത്രമേ മരുന്ന് കുറിപ്പടിയില്‍ ഡോക്ടര്‍മാര്‍ എഴുതാറുള്ളൂ. ഇതോടൊപ്പം രോഗത്തെ ചെറുക്കാനുള്ള നിര്‍ദേശങ്ങളും കൂടി പദ്ധതി പ്രകാരം കുറിപ്പടിയില്‍ സ്ഥാനം പിടിക്കും. വിവിധ മെഡിക്കല്‍ വിഭാഗങ്ങള്‍ക്ക് അനുയോജ്യമായ വിധമാകും ഇത്തരം മാര്‍ഗനിര്‍ദേശങ്ങളെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ഗര്‍ഭിണികള്‍ക്ക് അയണ്‍ ടാബ്ലോറ്റ് എഴുതുന്നതിനൊപ്പം ആരോഗ്യമുള്ള കുഞ്ഞിനായും സുരക്ഷിത പ്രസവത്തിനും ഇരുമ്പ് ധാരാളമുള്ള ഇലക്കറികളും പയറു വര്‍ഗങ്ങളും കഴിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ഗൈനക്കോളജിസ്റ്റ് കുറിക്കും. പതിമൂന്ന് രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി കുഞ്ഞിന് ജനനസമയം മുതല്‍ നല്‍കുന്ന പ്രതിരോധ കുത്തിവെപ്പിനെ കുറിച്ചും നിര്‍ദേശങ്ങളുണ്ടാകും. മുലയൂട്ടലിന്റെ അനിവാര്യതയെ കുറിച്ചും മരുന്നു കുറിപ്പടിയില്‍ ഉള്‍പ്പെടും. ആരോഗ്യ ശീലങ്ങളെ കുറിച്ചുള്ള നിര്‍ദേശങ്ങളും ഡോക്ടര്‍മാര്‍ നല്‍കും. വൃത്തിയാക്കാത്ത കൈയില്‍ 100 കോടി രോഗാണുക്കള്‍ ഉണ്ട്.

ഭക്ഷണത്തിന് മുമ്പും പിമ്പും പ്രാഥമിക കൃത്യങ്ങള്‍ക്ക് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകേണ്ടതിന്റെയും വെള്ളം തിളപ്പിച്ചാറ്റിയ ശേഷം മാത്രം കുടിക്കുന്നതിന്റെ ആവശ്യകതയും ഇനി മുതല്‍ ഡോക്ടര്‍മാര്‍ കുറിപ്പടിയിലൂടെ പറഞ്ഞു തരും. മരുന്നുകള്‍ക്കൊപ്പം രോഗ പ്രതിരോധത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളും ആരോഗ്യകരമായ ശീലങ്ങളെ കുറിച്ചും മരുന്ന് കുറിപ്പടിയിലെഴുതുന്നതിന് സംസ്ഥാനത്തെ 103 ബ്രാഞ്ചുകളിലുള്ള 35,000 ത്തോളം ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് ഐ എം എ കേരള ചാപ്റ്റര്‍ പ്രസിഡന്റ് എ വി ജയകൃഷ്ണന്‍ അറിയിച്ചു.