മോദിയും മമതയും ജനാധിപത്യത്തിന് ഭീഷണി: സോണിയ

Posted on: April 27, 2016 12:44 pm | Last updated: April 27, 2016 at 12:44 pm
SHARE

കൊല്‍ക്കത്ത: മോദിയും മമതയും ജനാധിപത്യത്തിന് ഭീഷണിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്തിന്റെ അടിസ്ഥാന തത്വമായ ജനാധിപത്യത്തേയും മതനിരപേക്ഷതയേയും തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇരുവരില്‍ നിന്നും ഉണ്ടാകുന്നതെന്നും സോണിയ പറഞ്ഞു. അഞ്ചാം ഘട്ട തിരഞ്ഞെടുപ്പിന് കാത്തിരിക്കുന്ന പശ്ചിമബംഗാളില്‍ പൊതുയോഗത്തില്‍ സംസാരിക്കവെയാണ് സോണിയ പ്രധാനമന്ത്രിക്കും ബംഗാള്‍ മുഖ്യമന്ത്രിക്കുമെതിരെ ആഞ്ഞടിച്ചത്. മോദിയും മമതയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് സോണിയ നേരത്തെ വ്യക്തമാക്കിയിരുന്നു.
പശ്ചിമ ബംഗാളിലെ ജനങ്ങളെ മമതയും ഇന്ത്യയിലെ ജനങ്ങളെ മോദിയും വഞ്ചിച്ചുവെന്നാണ് സോണിയയുടെ ആരോപണം. ‘അഞ്ച് വര്‍ഷം മുമ്പ് പുലരാത്ത പ്രതീക്ഷകളും പാഴ്‌വാക്കുകളും സമ്മാനിച്ചാണ് മമത ഭരണത്തിലേറിയതെങ്കില്‍ രണ്ട് വര്‍ഷം മുമ്പ് നടക്കാത്ത സ്വപ്‌നങ്ങള്‍ പറഞ്ഞാണ് കേന്ദ്രത്തില്‍ മോദി അധികാരത്തിലെത്തിയത്.
’60 വര്‍ഷത്തിനിടെ കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്നും എല്ലാം രണ്ട് വര്‍ഷത്തിനുള്ളിലാണ് ഉണ്ടായതെന്നും മോദി വാദിക്കുന്നു. എന്നാല്‍ രാജ്യത്ത് ഐക്യവും അഖണ്ഡതയും ഭരണഘടനാ സംവിധാനവും സമാധാനവും സാഹോദര്യവും എല്ലാം സ്ഥാപിച്ചത് കോണ്‍ഗ്രസാണ്’ – സോണിയ പറഞ്ഞു.
ശനിയാഴ്ച അഞ്ചാം ഘട്ട തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളില്‍ പ്രചാരണം ചൂടുപിടിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്, ബി ജെ പി, സി പി എം പാര്‍ട്ടികളുടെ കേന്ദ്ര സംഘം തന്നെ ബംഗാളില്‍ തമ്പടിച്ചിട്ടുണ്ട്. ഇടത്- കോണ്‍ഗ്രസ് സഖ്യം നിലനില്‍ക്കുന്ന പശ്ചിമ ബംഗാളില്‍ സി പി എം കേന്ദ്ര കമ്മിറ്റി അംഗമായ സുജന്‍ ചക്രബര്‍ത്തിക്കൊപ്പമാണ് ഇന്നലെ സോണിയ വേദി പങ്കിട്ടത്.
53 മണ്ഡലങ്ങളാണ് ശനിയാഴ്ച ബൂത്തിലേക്ക് പോകുന്നത്. വിവാദങ്ങളും കൊമ്പുകോര്‍ക്കലും ഓരോ ദിവസം കഴിയുംതോറും പശ്ചിമബംഗാളിലെ രാഷ്ട്രീയ പരിസരം കലുഷിതമാകുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here