കേരളത്തില്‍ ചൂട് കനക്കും

Posted on: April 2, 2016 5:39 am | Last updated: April 2, 2016 at 12:39 am
SHARE

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ഇത്തവണയും രാജ്യത്ത് കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വേനലില്‍ രാജ്യത്തെ ശരാശരി താപനിലയില്‍ ഒരു ഡിഗ്രി സെല്‍ഷ്യസിലധികം വര്‍ധനയുണ്ടാകുമെന്നാണ് പ്രവചനം. കേരളത്തില്‍ മധ്യവേനലായ ഏപ്രില്‍, മെയ് മാസങ്ങളില്‍ കടുത്ത ചൂട് അനുഭവപ്പെടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ദക്ഷിണേന്ത്യയില്‍ ഒരു ഡിഗ്രിയിലധികം ശരാശരി താപനിലയില്‍ വര്‍ധനയുണ്ടാകാന്‍ സാധ്യതയുള്ള ഒരേയൊരു സംസ്ഥാനം കേരളമാണ്. അതിനാല്‍ കൊടുംചൂടും സൂര്യാതപവുമുള്‍പ്പടെയുള്ള സാഹചര്യങ്ങളും നേരിടാന്‍ വേണ്ട നിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്നും ഇതനുസരിച്ച് നടപടികള്‍ ക്രമീകരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു. ഡല്‍ഹിയുള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ അടുത്ത രണ്ടാഴ്ചക്കകം ചൂടുകാറ്റ് അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
വ്യാപകമായ പരിസ്ഥിതി മലിനീകരണവും ഗ്രീന്‍ ഹൗസ് വാതകങ്ങളുടെ പുറന്തള്ളലുമാണ് ചൂട് കൂടാന്‍ പ്രധാന കാരണമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്. കഴിഞ്ഞ വര്‍ഷം ചൂട് കൂടാന്‍ കാരണമായ എല്‍നിനോ പ്രതിഭാസം ഇപ്പോഴും പസിഫിക് സമുദ്രത്തില്‍ തുടരുന്നുണ്ട്.