Connect with us

National

അസാമില്‍ ബി ജെ പിയുടെ ശത്രു സ്വന്തം മഴവില്‍ സഖ്യം

Published

|

Last Updated

ഗുവാഹതി : അസാമില്‍ ബി ജെ പിക്ക് നിരവധി അനുകൂല ഘടകങ്ങള്‍ ഉണ്ട്. പതിനഞ്ച് വര്‍ഷമായി അധികാരത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുകയാണ്. മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ പ്രതിച്ഛായ ഒട്ടും ആശാവഹമല്ല. ബി ജെ പിയാണെങ്കില്‍ സംസ്ഥാനത്ത് പതുക്കെ വളര്‍ന്ന് അനിഷേധ്യ ശക്തിയായിരിക്കുന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദി തരംഗത്തിന്റെ തേരിലേറി അസാമില്‍ ബി ജെ പി കൈപ്പിടിയിലൊതുക്കിയത് 14ല്‍ ഏഴ് സീറ്റാണ്. 2015 ഫെബ്രുവരിയില്‍ നടന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലും പാര്‍ട്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു. പല പാര്‍ട്ടികളില്‍ നിന്ന് ബി ജെ പിയിലേക്ക് ചേക്കേറിയവരടക്കം നേതാക്കളുടെ നിര തന്നെ ബി ജെ പിയിലുണ്ട്. എല്ലാമുണ്ടായിട്ടെന്ത് ഏപ്രില്‍ നാലിനും 11നും നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കാവി പാര്‍ട്ടി വലിയ മുന്നേറ്റമുണ്ടാക്കില്ലെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം പറയുന്നത്. എന്താണ് കാരണം?
അസാമില്‍ ബി ജെ പിക്ക് വിജയം അനിവാര്യമാണ്. രാജ്യസഭയില്‍ നില മെച്ചപ്പെടുത്തുകയെന്ന ദേശീയ ലക്ഷ്യം കൂടി ഇതിന് പിറകിലുണ്ട്. അതുകൊണ്ട് ചാന്‍സെടുക്കാന്‍ ബി ജെ പി നേതൃത്വം തയ്യാറല്ല. കഴിഞ്ഞ ഒരു വര്‍ഷമായി സുരക്ഷിതമായ വിജയം ഉറപ്പാക്കാനുള്ള തന്ത്രം ആവിഷ്‌കരിക്കുന്നതിന്റെ തിരക്കിലായിരുന്നു. തിരക്കഥകള്‍ പലതും ഒരുങ്ങിയത് അങ്ങ് ഡല്‍ഹിയിലായിരുന്നു. അങ്ങനെയാണ് ബീഹാറിലെ നിതീഷ്- ലാലു സഖ്യത്തിന്റെ മാതൃകയില്‍ മഹാസഖ്യം രൂപപ്പെടുത്തുകയെന്ന എടുത്തു ചാട്ടത്തില്‍ ബി ജെ പി എത്തിച്ചേര്‍ന്നത്. സ്വന്തം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഒരിക്കലും ദഹിക്കാത്ത കൂട്ടുകെട്ടുകളാണ് ബി ജെ പി ഉണ്ടാക്കിയത്. ശരിക്കും മഴവില്‍ സഖ്യം. ഹഗ്‌രാമാ മൊഹിലാരി നയിക്കുന്ന ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടുമായി ജനുവരിയില്‍ സഖ്യത്തിലെത്തി. തിവാ, റാഭ ഗ്രൂപ്പുകളുമായും സഖ്യം സ്ഥാപിച്ചിരിക്കുന്നു.
ഇതിന് പുറമേയാണ് ഈ മാസം തുടക്കത്തില്‍ അസം ഗണ പരിഷത്തുമായി ഉണ്ടാക്കിയ ധാരണ. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ഉപേക്ഷിച്ച സഖ്യം ഇപ്പോള്‍ പൊടിതട്ടിയെടുക്കുകയാണ്. എ ജി പിയുമായി സീറ്റ് പങ്കുവെക്കലടക്കം കാര്യങ്ങളില്‍ തീരുമാനത്തിലെത്തിയിരിക്കുന്നു. എന്നാല്‍ സഖ്യത്തിനെതിരെ ബി ജെ പിയില്‍ നിന്നും എ ജി പിയില്‍ നിന്നും ഒരു പോലെ മുറുമുറുപ്പുയരുകയാണ്. പലയിടത്തും അത് പരസ്യ പ്രതികരണമായി മറനീക്കി പുറത്ത് വന്നിരിക്കുന്നു. നൂലില്‍ കെട്ടിയിറക്കുന്ന സഖ്യമെന്നാണ് ബി ജെ പി നേതാക്കള്‍ പരസ്യമായും രഹസ്യമായും വിശേഷിപ്പിക്കുന്നത്. ആള്‍ അസാം സ്റ്റുഡന്റ്‌സ് യൂനിയന്‍ നേതാവായിരുന്ന, ഈയിടെ ബി ജെ പിയിലെത്തിയ ശങ്കര്‍ പ്രസാദ് റേ എ ജി പി സഖ്യത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടു. മറ്റൊരു പ്രമുഖ നേതാവായ സബ്ദാ രാം രാഭ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നു. എന്നാല്‍ ബി ജെ പി നേതൃത്വം പറയുന്നത് ഇവരൊക്കെ പോകാനിരിക്കുകയായിരുന്നു എ ജി പി ബന്ധം ഒരു കാരണമാക്കി മാറ്റുകയായിരുന്നുവെന്നാണ്. സത്യമതല്ലെന്നാണ് പക്ഷേ, നിഷ്പക്ഷ നിരീക്ഷകര്‍ പറയുന്നത്. പാര്‍ട്ടിയില്‍ അതൃപ്തി പുകയുക തന്നെയാണ്. ഇത് വോട്ടിംഗിലും പ്രതിഫലിക്കും. പലയിടത്തും വിമത സ്ഥാനാര്‍ഥികള്‍ ഉണ്ടാകും. സൗഹൃദ മത്സരങ്ങളും. ആകെയുള്ള 126 സീറ്റില്‍ 40ലധികം സഖ്യ കക്ഷികള്‍ക്ക് നീക്കി വെച്ചിരിക്കുകയാണ്.
മറുവശത്ത് എ ജി പിയിലും വന്‍ കലാപം ഉറപ്പാണ്. ബി ജെ യുമായുള്ള ബന്ധം ദഹിക്കാത്തവര്‍ അവിടെയും നിരവധിയുണ്ട്. പാര്‍ട്ടി വൈസ് പ്രസിഡന്റ് ദുര്‍ഗ ദാസ് ബോറോ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത് ഇതിന്റെ സൂചന. ദേശീയ മുന്നണിയിലും ഐക്യമുന്നണിയിലുമായി കേന്ദ്ര ഭരണത്തില്‍ പങ്കാളികളായ എ ജി പിയെ ബി ജെ പി പാളയത്തില്‍ എത്തിക്കുന്നത് പാര്‍ട്ടിയുടെ ചരിത്രത്തെ നിരാകരിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം വാദിക്കുന്നു. 2011ലെ തീരുമാനം മാറ്റേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ലെന്നും അദ്ദേഹം പറയുന്നു. സര്‍ബാനന്ദ സോനോവാള്‍ പാര്‍ട്ടി വിട്ട് ബി ജെ പിയില്‍ ചേര്‍ന്നതോടെയാണ് എ ജി പി ക്ഷീണിക്കാന്‍ തുടങ്ങിയതെന്നും സഖ്യ വിമര്‍ശകര്‍ പറയുന്നു. എ ജി പിയുമായുളള സഖ്യം ബി ജെ പിക്ക് വലിയ ഗുണം ചെയ്യില്ലെന്നര്‍ഥം.
ബോഡോലാന്‍ഡ് ടെറിടോറിയല്‍ ഏരിയാ ജില്ലകളില്‍ ബി ജെ പിക്ക് കാര്യമായ സ്വാധീനമില്ലാത്തതിനാല്‍ ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടുമായുള്ള സഖ്യം ഗുണം ചെയ്‌തെങ്കിലായി. ചുരുക്കത്തില്‍ സഖ്യങ്ങള്‍ ബി ജെ പിക്ക് വെളുക്കാന്‍ തേച്ചത് പാണ്ടാകുമെന്ന സ്ഥിതിയാണ്. പാര്‍ട്ടിക്ക് സംസ്ഥാനത്ത് കുറ്റമറ്റ സംഘടനാ സംവിധാനം ഇല്ലാത്തതും പ്രശ്‌നമാണ്. കോണ്‍ഗ്രസില്‍ നിന്നടക്കം വിമതസ്വരമുയര്‍ത്തി വരുന്നവര്‍ക്ക് സീറ്റുകള്‍ നല്‍കുന്ന തന്ത്രമാണ് ബി ജെ പി പയറ്റുന്നത്.

---- facebook comment plugin here -----

Latest