രാജ്യത്ത് ഒരാള്‍ക്ക് മെര്‍സ്ബാധ കണ്ടെത്തി

Posted on: February 23, 2016 9:30 pm | Last updated: February 23, 2016 at 9:30 pm

mersദോഹ: 66 കാരനായ ഖത്വരിയില്‍ കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ മെര്‍സ് രോഗബാധയാണിത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ആണ് അവസാനം മെര്‍സ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ ചികിത്സയിലാണ് രോഗി.
പനിയും കഫക്കെട്ടും അടക്കമുള്ള രോഗങ്ങളുമായി ഗുരുതരാവസ്ഥയിലാണ് രോഗിയെ ഹമദ് ജനറള്‍ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ഐ സി യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാള്‍ ഈയടുത്ത് മറ്റൊരു അയല്‍ രാജ്യത്ത് നിന്ന് ഖത്വറിലെത്തിയതായിരുന്നു. ആരോഗ്യ സംരക്ഷണ ദ്രുതകര്‍മ സംഘം ഇതിനകം അന്വേഷണങ്ങളും മറ്റ് നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇയാള്‍ ബന്ധപ്പെട്ടയിടങ്ങള്‍ പരിശോധിക്കുകയും സാമ്പിള്‍ ശേഖരണവും നടത്തിയിട്ടുണ്ട്. രണ്ടാഴ്ച ഇവ നിരീക്ഷിക്കും. മൃഗസംരക്ഷണ വിഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള സംഘം ഒട്ടകങ്ങളെയും അവകളുമായി ബന്ധം പുലര്‍ത്തുന്നവരെയും നിരീക്ഷിക്കുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ഒട്ടകങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോഴും ഫാമുകളും മറ്റും സന്ദര്‍ശിക്കുമ്പോഴും അണുബാധ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ച് ശൈത്യകാല രോഗമുള്ളവര്‍ ഒട്ടകങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തരുത്. ഒട്ടകങ്ങളുമായി ഇടപഴകുന്നതിന് മുമ്പും ശേഷവും കൈ കഴുകുകയും വൃത്തി കാത്തുസൂക്ഷിക്കുകയും ഒട്ടകപ്പാല്‍ തിളപ്പിച്ച് മാത്രമേ കുടിക്കാവൂ എന്നും മന്ത്രാലയം അറിയിച്ചു. സംശയങ്ങള്‍ക്ക് മന്ത്രാലയത്തിന്റെ 66740948, 66740951 എന്ന നമ്പറുകളില്‍ ബന്ധപ്പെടാം.