മഹല്ലുകളില്‍ എസ് എം എ ‘ഹാപ്പി ഫാമിലി’ കുടുംബ സംഗമങ്ങള്‍

Posted on: February 18, 2016 5:54 am | Last updated: February 18, 2016 at 12:54 am

കോഴിക്കോട്: സന്തോഷകരമായ കുടുംബാന്തരീക്ഷം പുനഃസൃഷ്ടിക്കുകയെന്ന ലക്ഷ്യവുമായി സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) സംസ്ഥാനത്തെ എല്ലാ മഹല്ലുകളിലും ‘ഹാപ്പി ഫാമിലി’ കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കുന്നു. കുടുംബ ജീവിതവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളെക്കുറിച്ചും മഹല്ല് നിവാസികള്‍ക്ക് ബോധവത്കരണം നടത്തുന്ന പദ്ധതിയാണ് ‘ഹാപ്പി ഫാമിലി’ പ്രോഗ്രാം. ഓരോ മഹല്ലുകളിലും 50 കുടുംബങ്ങളടങ്ങിയ ഒരു ക്ലസ്റ്റര്‍ രൂപപ്പെടുത്തിയാണ് ഹാപ്പി ഫാമിലി ഏകദിന കുടുംബ സംഗമങ്ങള്‍ നടത്തുന്നത്. രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ ‘കുടുംബം-സമൂഹം’, ‘നമ്മുടെ സരണി’, ‘ഹാപ്പിഫാമിലി ദൃശ്യാവിഷ്‌കാരം, ‘കുടുംബസന്ദേശം’, ആത്മീയം തുടങ്ങിയ സെഷനുകള്‍ നടക്കും.
സംസ്ഥാന തല ഉദ്ഘാടനം ഇന്ന് രാവിലെ എട്ടിന് തിരൂരങ്ങാടി താഴെചിന മഹല്ലില്‍ നടക്കും. എസ് എം എ സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, വൈസ് പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, മലപ്പുറം ജില്ലാ പ്രസിഡണ്ട് സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, പ്രൊഫ. കെ എം എ റഹീം, ഇ യഅ്ഖൂബ് ഫൈസി, പി കെ അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, അബ്ദുറശീദ് സഖാഫി പത്തപ്പിരിയം സംബന്ധിക്കും.