താനൂര്‍ ഉണ്യാല്‍ ബീച്ചില്‍ സംഘര്‍ഷം; മൂന്ന് പോലീസുകാര്‍ക്ക് പരുക്ക്‌

Posted on: February 13, 2016 9:53 am | Last updated: February 13, 2016 at 9:53 am
SHARE

താനൂര്‍: ഉണ്യാല്‍ ആലിന്‍ ചുവട് ബീച്ചില്‍ വീണ്ടും സി പി എം, മുസ്‌ലിം ലീഗ് സംഘര്‍ഷം. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഇരു പാര്‍ട്ടി പ്രവര്‍ത്തകരുടെയും വീടുകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍കും പോലീസ് വാഹനത്തിനുനേരെയും ആക്രമണം നടന്നു. അക്രമണം തടയാനെത്തിയ പോലീസുകാര്‍ക്ക് നേരെയും പോലീസ് വാഹനത്തിനു നേരെയും അക്രമികള്‍ കല്ലെറിഞ്ഞു.
പോലീസ് ജീപ്പിന്റെ മുന്‍ വശത്തെ ഗ്ലാസ് തകര്‍ക്കുന്നതിനു വേണ്ടി വലിയ കല്ലുകൊണ്ട് ഗ്ലാസ് ഗാര്‍ഡിനു മുകലേക്കെറിയുകയായിരുന്നുവെന്ന് പരുക്കേറ്റ പോലീസുകാര്‍ പറഞ്ഞു. പരുക്കുപറ്റിയ താനൂര്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍മാരായ ഷൈജു, സുധീപ്, ഹോം ഗാര്‍ഡ് ശശിധരന്‍ എന്നിവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് തിരൂര്‍ ഡി വൈ എസ് പി, താനൂര്‍ സി ഐ. പി കെ ബിജോയ്, താനൂര്‍ എസ് ഐ. കെ പി മിഥുന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. മുന്‍ രാഷ്ട്രീയ വൈരാഗ്യത്തിന്റെ മറവിലായിരുന്നു അക്രമണം പൊട്ടിപ്പുറപ്പെട്ടത്. സംഭവത്തില്‍ ഇരു വിഭാഗങ്ങളില്‍ നിന്നുമായി 13 പേരുടെ മേല്‍ താനൂര്‍ പോലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here