ബാണാസുര മലയിലെ നീരൊഴുക്ക് തടസ്സപ്പെടുത്തി വീണ്ടും കുടിവെള്ള പദ്ധതിക്കായി നീക്കം

Posted on: January 15, 2016 10:43 am | Last updated: January 15, 2016 at 10:43 am

മാനന്തവാടി: ബാണാസുരമലയില്‍ നിന്നുള്ള നീരൊഴുക്ക് തടസ്സപ്പെടുത്തി വീണ്ടും കുടിവെള്ള പദ്ധതിക്കായി നീക്കം. നിരവധി പദ്ധതികള്‍ പരാജയപ്പെട്ടിട്ടും പാഠമുള്‍ക്കൊള്ളാതെയാണ് 40 ലക്ഷത്തോളം രൂപ ചെലവില്‍ ജലനിധി പദ്ധതിയിലുള്‍പ്പെടുത്തി മംഗലശ്ശേരി മലയില്‍ കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്. ബാണാസുരമലയുടെ താഴെ മംഗലശ്ശേരി കാട്ടുനായ്ക്ക കോളനിയോട് ചേര്‍ന്ന കാട്ടരുവിക്ക് കുറുകെ ഫില്‍ട്ടര്‍ സ്റ്റേഷന്‍ സ്ഥാപിച്ചാണ് കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്. വനംവകുപ്പിന്റെ അനുമതിയോടെ നടത്തുന്ന പദ്ധതി നടപ്പാവുന്നതോടെ ഒരു കാട്ടരുവി കൂടി ചരമമടയും. ഇതോടൊപ്പം കടുത്ത വേനലില്‍ വെള്ളം ലഭിക്കാതെ പദ്ധതിക്കായി ചെലവഴിക്കുന്ന 40 ലക്ഷം രൂപയും പ്രയോജനപ്പെടാതെ പോവുമെന്നാണ് ആശങ്ക. വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്തില്‍ നടപ്പാക്കുന്ന ജലനിധി പദ്ധതിയുടെ ഭാഗമായാണ് 130 കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. അഞ്ചു ഗ്രൂപ്പുകളിലായിട്ടാണ് ഇത്രയും കുടുംബങ്ങളുള്ളത്. ആകെ ചെലവ് വരുന്ന 39 ലക്ഷം രൂപയില്‍ ഒരു കുടുംബം ഗുണഭോക്തൃ വിഹിതമായി നല്‍കേണ്ടത് 3,200 രൂപയാണ്.
ഗുണഭോക്താക്കള്‍ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയാണ് ടെന്‍ഡര്‍ നടപടികള്‍ നടത്തേണ്ടെന്നാണ് വ്യവസ്ഥയെങ്കിലും പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി നേരിട്ടാണ് കാര്യങ്ങള്‍ നടത്തുന്നതെന്ന് ആക്ഷേപമുണ്ട്.
ബാണാസുര മലയടിവാരത്ത് വനത്തില്‍ മംഗലശ്ശേരി മീന്‍മുട്ടിക്ക് തൊട്ടു മുകളിലാണ് ഫില്‍ട്ടര്‍ സറ്റേഷന്‍ നിര്‍മിക്കുന്നത്. ഇവിടെ നിന്നു പഴയ ക്വാറിക്ക് സമീപം നിര്‍മിക്കുന്ന ടാങ്കില്‍ വെള്ളമെത്തിച്ച് പൈപ്പുകള്‍ വഴി വീട്ടുകളില്‍ എത്തിക്കുന്നതാണ് പദ്ധതി. എന്നാല്‍, വേനലടുക്കുന്നതോടെ ഈ നീര്‍ച്ചാലില്‍ സ്വാഭാവികമായും വെള്ളമുണ്ടാവാറില്ലെന്നു പറയപ്പെടുന്നു. അതുകൊണ്ടു തന്നെ പദ്ധതിയുടെ ലക്ഷ്യം കുടുംബങ്ങള്‍ക്ക് പൂര്‍ണമായ തോതില്‍ ലഭിക്കില്ല.
അതോടൊപ്പം ഇവിടെ നിന്നും ഉല്‍ഭവിച്ച് രണ്ടു കിലോമീറ്ററോളം കാട്ടിലൂടെ ഓഴുകിയാണ് ഈ അരുവി പുളിഞ്ഞാല്‍ തോട്ടിലും ഇതുവഴി കബനിയിലുമെത്തുന്നത്. ഉല്‍ഭവ സ്ഥലത്ത് നിന്നു തന്നെ ഇതിനെ തടഞ്ഞുനിര്‍ത്തി തിരിച്ചുവിടുമ്പോള്‍ ഭാവിയില്‍ കാട്ടരുവി നശിക്കാനാണ് സാധ്യത.