നെല്‍വയല്‍-നീര്‍ത്തട ചട്ട ഭേദഗതി കെപിസിസി ഉപസമിതി പരിശോധിക്കും

Posted on: December 26, 2015 10:41 pm | Last updated: December 27, 2015 at 11:27 am

Nemmara-paddyതിരുവനന്തപുരം: സര്‍ക്കാര്‍ ഇപ്പോള്‍ പുറപ്പെടുവിച്ചിട്ടുള്ള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ചട്ടങ്ങളെ സംബന്ധിച്ച് ഉയര്‍ന്നുവന്നിട്ടുള്ള പ്രശ്‌നങ്ങള്‍ പഠിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കെ പി സി സി ഉപസമിതിയെ പ്രസിഡന്റ് വി എം സുധീരന്‍ ചുമതലപ്പെടുത്തി. 2008ന് മുമ്പ് നികത്തിയ നെല്‍വയലുകള്‍ ക്രമപ്പെടുത്താന്‍ റവന്യൂവകുപ്പ് ഇറക്കിയചട്ടം നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തെ അട്ടിമറിക്കുന്നതാണെന്ന ആക്ഷേപത്തെക്കുറിച്ച് അന്വേഷിക്കാനാണ് ഉപസമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
കെ പി സി സി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ എം എല്‍ എ കണ്‍വീനറും, എം എല്‍ എമാരായ കെ ശിവദാസന്‍ നായര്‍, സി പി മുഹമ്മദ്, ടി എന്‍ പ്രതാപന്‍, സണ്ണിജോസഫ് എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് നിലവിലുള്ളത്.
അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനാണ് സുധീരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നവംബര്‍ 28ന് റവന്യുവകുപ്പ് പുറത്തിറക്കിയ ചട്ടമനുസരിച്ച് നിലം അല്ലെന്ന് കാണുന്നതും എന്നാല്‍ ഡാറ്റാ ബേങ്കിലോ കരട് ഡാറ്റാ ബേങ്കിലോ നെല്‍വയല്‍ അല്ലെങ്കില്‍ തണ്ണീര്‍ത്തടമായി രേഖപ്പെടുത്താത്തതുമായ സ്ഥലം എന്നാണ് വയലിനെ നിര്‍വചിച്ചിരിക്കുന്നത്. എന്നാല്‍ നിയമപ്രകാരമുള്ള ഡാറ്റാ ബേങ്കില്‍ ഇല്ലാത്തതിനാല്‍ 2008ന് ശേഷമുള്ള നിലംനികത്തലും ഇതോടെ അംഗീകരിക്കപ്പെടുമെന്നാണ് ആക്ഷേപം.
വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ മുന്‍സര്‍ക്കാര്‍ കൊണ്ടുവന്നതാണ് 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം. 2008 ആഗസ്റ്റ് 12നാണ് ഇത് നിലവില്‍ വന്നത്. എന്നാല്‍ ഇതിന് വിരുദ്ധമാണ് ഇപ്പോള്‍ റവന്യൂ വകുപ്പ് ഇറക്കിയ ചട്ടത്തിലെ നിര്‍വചനമെന്നാണ് ആക്ഷേപം.
ഈ നിയമത്തില്‍ നെല്‍കൃഷി ചെയ്യുന്നതും കൃഷിക്ക് യോഗ്യമായിട്ടും തരിശിട്ടിരിക്കുന്നതും വയലിന് അനുബന്ധമായ തണ്ണീര്‍ത്തടങ്ങളുമാണ് നിലമായി നിര്‍വചിച്ചിട്ടുള്ളത്. ഈ പ്രദേശങ്ങളുടെ ഡാറ്റാ ബേങ്കുണ്ടാക്കി നികത്തപ്പെടാതെ സംരക്ഷിക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, കഴിഞ്ഞ മാസം 25ന് നിയമ വകുപ്പിന്റെ അറിവില്ലാതെ റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഭേദഗതിയില്‍, നിലമെന്നാല്‍ വില്ലേജ് രേഖകളില്‍ നിലമെന്ന് രേഖപ്പെടുത്തിയിട്ടുള്ളതും ഡാറ്റാ ബേങ്കിലോ കരട് ഡാറ്റാ ബേങ്കിലോ നിലമല്ലാത്തതുമായ സ്ഥലമാണ്.
പക്ഷേ, 50 ശതമാനത്തിന് താഴെ പഞ്ചായത്തുകളില്‍ മാത്രമേ ഇതുവരെ ഡാറ്റാ ബേങ്കിന്റെ നടപടികളായിട്ടുള്ളൂ. ബാക്കിയുള്ളവ തയ്യാറാക്കിയെന്ന് അവകാശപ്പെട്ടെങ്കിലും അത് പ്രസിദ്ധീകരിച്ചിട്ടില്ല.