കണ്ണൂരില്‍ അങ്ങിങ്ങ് അക്രമം

Posted on: November 2, 2015 11:43 pm | Last updated: November 3, 2015 at 10:10 am
SHARE

voteകണ്ണൂര്‍: കനത്ത പോലീസ് കാവലിലും കണ്ണൂര്‍ ജില്ലയുടെ പല ഭാഗങ്ങളിലും വോട്ടെടുപ്പ് തുടങ്ങിയതിനു പിന്നാലെ പതിവുപോലെ അക്രമം അരങ്ങേറി. സ്ഥാനാര്‍ഥികള്‍ക്കും ബൂത്ത് ഏജന്റുമാര്‍ക്കും നേരെയും പോലീസിനു നേരെയും അക്രമമുണ്ടായി. ചിലയിടങ്ങളില്‍ നായ്ക്കുരണ പ്രയോഗവും തലക്ക് മുകളില്‍ ചെളിവെള്ള പ്രയോഗവും അരങ്ങേറി. പലയിടത്തും വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടു. തളിപ്പറമ്പില്‍ പോലീസിനു നേരെ കല്ലേറുണ്ടായി. അക്രമ സംഭവങ്ങള്‍ ഒപ്പിയെടുക്കാന്‍ സ്ഥാപിച്ച വെബ് ക്യാമറയുടെ കേബിളുകളും ചിലയിടങ്ങളില്‍ നശിപ്പിച്ചു.
ബൂത്തിനു മുന്നിലെ പ്രചാരണ ബോര്‍ഡ് അഴിച്ചുമാറ്റിയെന്നതിനെച്ചൊല്ലി തളിപ്പറമ്പ് നഗരസഭയിലെ ഏഴാംമൈല്‍ വാര്‍ഡില്‍ എല്‍ ഡി എഫ്-യു ഡി എഫ് പ്രവര്‍ത്തകര്‍ പരസ്പരം കല്ലേറ് നടത്തി. നിരവധി പേര്‍ക്ക് പരുക്കേറ്റു. എല്‍ ഡി എഫ് പ്രവര്‍ത്തകരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും യു ഡി എഫ് പ്രവര്‍ത്തകരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തളിപ്പറമ്പ് എസ് ഐ. കെ ജെ വിനോയിയുടെ നേത്യത്വത്തിലുള്ള പോലീസ് സംഘം ഇരുവിഭാഗത്തെയും ലാത്തിവീശിഓടിച്ചു.
പരിയാരം പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ യു ഡി എഫ് സ്ഥാനാര്‍ഥി പി വി രേഷ്മ ഗോപന്‍, എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജീജ എന്നിവരാണ് മര്‍ദനമേറ്റ നിലയില്‍ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രികളില്‍ ചികി ത്സയിലുള്ളത്. സംഘര്‍ഷത്തെ തുടര്‍ന്ന് പരിയാരത്തെ അഞ്ച്, ആറ് വാര്‍ഡുകളില്‍ പോളിംഗ് നിര്‍ത്തിവെച്ചു. ഒരു മണിക്കൂറിനുശേഷം പോളിംഗ് പുനരാരംഭിക്കുകയായിരുന്നു. പയ്യന്നൂര്‍ വയക്കര പഞ്ചായത്തില്‍ യു ഡി എഫ് ബൂത്ത് ഏജന്റായ യു പവിത്രനു നേരെയുണ്ടായ ആക്രമണത്തില്‍ വലത് കണ്ണ് തകര്‍ന്നു. തവിടുശേരി ഒന്നാം നമ്പര്‍ ബൂത്ത് ഏജന്റായിരുന്നു ഇദ്ദേഹം. ചെറുകുന്ന് പഞ്ചായത്തില്‍ താവത്ത് വോട്ടെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടു. താവം ദേവിവിലാസം എല്‍ പി സ്‌കൂളിലെ 13ാം വാര്‍ഡില്‍ വോട്ട് ചെയ്യാനെത്തിയവരെ ഒരു സംഘം ആളുകള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് യു ഡി എഫ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇതിനിടെ വോട്ടര്‍മാര്‍ എത്തിയ ഇന്നോവ കാറും ഓട്ടോറിക്ഷയും അക്രമികള്‍ തകര്‍ത്തു. കണ്ണുപുരത്ത് വോട്ട് ചെയ്യാന്‍ പോവുകയായിരുന്ന സ്ത്രീ സഞ്ചരിച്ച കാറിനുനേരെ കല്ലേറുണ്ടായി.
കണ്ണപുരം പത്താം വാര്‍ഡില്‍ ബൂത്തിലിരുന്ന യു ഡി എഫ് സ്ഥാനാര്‍ഥി ആഗ്നസ് തെക്കന്റെ ശരീരത്തിലാണ് നായ്കുരണ പൊടി പ്രയോഗം. പോളിംഗ് നടക്കുന്നതിനിടയില്‍ സി പി എം പ്രവര്‍ത്തകര്‍ ബൂത്തില്‍ കയറി ശരീരത്തില്‍ നായ്കുരണ വിതറുകയായിരുന്നുവെന്നാണ് പരാതി. ചൊക്ലിയിലാണ് വനിതാ സ്ഥാനാര്‍ഥിയുടെ തലയില്‍ ചെളിവെള്ളമൊഴിച്ചത്. ചൊക്ലി പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ മത്സരിക്കുന്ന യു ഡി എഫ് വനിതാ സ്ഥാനാര്‍ഥി വസന്തയുടെ തലയിലാണ് സി പി എം പ്രവര്‍ത്തകര്‍ മുളകുപൊടിയും നായ്ക്കുരണപ്പൊടിയും കലക്കി ഒഴിച്ചതെന്നാണ് പരാതി. ചൊക്ലി ലക്ഷ്മിവിലാസം സ്‌കൂളിലെ പോളിംഗ് ബൂത്തിലെത്തിയപ്പോഴായിരുന്നു സംഭവം. ഇവരുടെ ബൂത്ത് ഏജന്റിന് നേരെയും മുളകുപൊടിപ്രയോഗം ഉണ്ടായി. ഇരിട്ടി മീത്തലെ പുന്നാട് വോട്ടുചെയ്യാന്‍ പോകുകയായിരുന്ന യു ഡി എഫ് അനുഭാവികളെ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. സി ഐ മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ബി ജെ പി പ്രവര്‍ത്തകരെ വിരട്ടിയോടിച്ചു. കൂത്തുപറമ്പ് വലിയപാറയിലെ വാര്‍ഡില്‍ യു ഡി എഫ് ഏജന്റ് പി വി പവിത്രനെ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ബൂത്തില്‍ ഭീഷണിപ്പെടുത്തി തടഞ്ഞതിനെ തുടര്‍ന്ന് യുഡി എഫ് സ്ഥാനാര്‍ഥി രജീന്ദ്രന്‍ ബൂത്ത് ഏജന്റായി. ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ 12ാം വാര്‍ഡായ കാവുംമൂലയിലെ ഒന്ന്, രണ്ട് ബൂത്തുകളില്‍ എല്‍ ഡി എഫിന്റെ ഏജന്റുമാര്‍ മാത്രമാണുണ്ടായത്. കുറ്റിയാട്ടൂരിലെത്തിയ മാതൃഭൂമി ചാനല്‍ പ്രവര്‍ത്തകര്‍ സി കെ വിജയന്‍, പ്രതീഷ് എന്നിവരെ കൈയേറ്റം ചെയ്തതായി പരാതിയുണ്ട്. കണ്ണൂര്‍ കോര്‍പറേഷനിലെ തായത്തെരു ബൂത്തിലേക്ക് വോട്ടര്‍മാരെ എത്തിച്ച മുസ്‌ലിം ലീഗുകാരുടെ കാര്‍ എസ്ഡി പി ഐക്കാര്‍ അടിച്ചുതകര്‍ത്തതായും പരാതിയുണ്ട്. ആലക്കോട് ഉദയഗിരി പൂവന്‍ചാല്‍ വാര്‍ഡില്‍ ഒരു വോട്ടര്‍ക്ക് ചിലര്‍ 100 രൂപ വാഗ്ദാനം ചെയ്ത് വോട്ട് ചെയ്യാനെത്തിച്ചത് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. മുന്‍കൂറായി നല്‍കിയ പണം മടക്കിനല്‍കിയശേഷം ഇയാളെ വോട്ട് ചെയ്യാന്‍ അനുവദിച്ചു.