കോളജ് യൂനിയനുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നു

Posted on: August 25, 2015 10:07 pm | Last updated: August 26, 2015 at 12:09 am
SHARE

CET onam fest accidentതിരുവനന്തപുരം: സി ഇ ടി കോളജിലുണ്ടായ സംഭവത്തിന്റെ മറവില്‍ സംസ്ഥാനത്തെ കോളജ് ക്യാമ്പസുകളില്‍ യൂനിയനുകളുടെ പ്രവര്‍ത്തനം കര്‍ശനമായി നിയന്ത്രിക്കുന്നു. കോളജ് ക്യാമ്പസുകളില്‍ വര്‍ധിച്ചുവരുന്ന അനാരോഗ്യ പ്രവണതകള്‍ ചൂണ്ടിക്കാട്ടിയാണ് കോളജ് ക്യാമ്പസുകളില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്. സി ഇ ടി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം ശിപാര്‍ശയായി മുന്നോട്ടുവെച്ചിരിക്കുന്നത്. വി സിമാരുടെയും പ്രിന്‍സിപ്പല്‍മാരുടെയും യോഗത്തില്‍ ചര്‍ച്ചക്കായി നല്‍കിയ നോട്ടിലാണ് കടുത്ത അച്ചടക്ക നടപടികള്‍ക്കുള്ള ശിപാര്‍ശയുള്ളത്. കോളജുകളിലെ ആഘോഷ പരിപാടികള്‍ക്ക് മാര്‍ഗരേഖ തയ്യാറാക്കുന്നതിന് വേണ്ടിയാണ് ആഭ്യന്തര മന്ത്രി യോഗം വിളിച്ചുചേര്‍ത്തത്.
യൂനിയനുകളെക്കുറിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ കോളജ് ക്യാമ്പസുകളില്‍ അധികൃതരുടെ അനുമതി കൂടാതെ പോലീസിന് പരിശോധനക്ക് അനുമതി നല്‍കാനാണ് സര്‍ക്കാറിന്റെ തീരുമാനം. ക്യാമ്പസുകളില്‍ വാഹനങ്ങള്‍ കയറ്റാന്‍ പാടില്ല. വിദ്യാര്‍ഥികള്‍ ടാഗ് ധരിച്ചുവേണം ക്യാമ്പസില്‍ പ്രവേശിക്കാന്‍. ടാഗ് ഇല്ലാത്ത വിദ്യാര്‍ഥിക്ക് 500 രൂപ പിഴ ചുമത്തണം. മൂന്ന് തവണ ടാഗ് ധരിക്കാതെ പിടികൂടിയാല്‍ ഈ വിദ്യാര്‍ഥിയെ പുറത്താക്കണം. പ്രിന്‍സിപ്പലിന്റെ അധ്യക്ഷതയില്‍ കോളജില്‍ അച്ചടക്ക സമിതി രൂപവത്കരിക്കണം. ഈ സമിതി ആഴ്ചയില്‍ ഒരിക്കല്‍ വിദ്യാര്‍ഥികളുടെ ഹോസ്റ്റലുകളിലും യൂനിയന്‍ ഓഫീസിലും പരിശോധന നടത്തണം. ആഘോഷങ്ങള്‍ക്ക് പ്രിന്‍സിപ്പലിന്റെ അനുമതി വാങ്ങണം. നിയമലംഘനം നടത്തുന്ന വിദ്യാര്‍ഥികളില്‍ നിന്ന് പിഴ ഈടാക്കണം. തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍. ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ചാണ് അച്ചടക്കലംഘനം കൂടുതലും നടക്കുന്നതെന്ന വിലയിരുത്തലിനെ തുടര്‍ന്ന് ഹോസ്റ്റല്‍ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനും ആലോചനയുണ്ട്.
നിലവിലെ നിയമം അനുസരിച്ച് പ്രിന്‍സിപ്പാളിന്റെ അനുമതിയോടെയേ പോലീസിന് ക്യാമ്പസിനകത്ത് പ്രവേശിക്കാന്‍ അനുമതിയുള്ളു. ഇത് മാറ്റണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്നുള്ള പരാതിയായാലും നാട്ടുകാരുടെ ഭാഗത്തു നിന്നുള്ള പരാതിയായാലും പോലീസിന് ക്യാമ്പസില്‍ കയറാനുള്ള അനുമതി നല്‍കണമെന്നാണ് സര്‍ക്കാറിന്റെ ആവശ്യം. ശിപാര്‍ശയിന്മേല്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ. യോഗത്തില്‍ വിദ്യഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ്, സര്‍വകലാശാല വൈസ് ചാന്‍സിലര്‍, വിവിധ കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ പങ്കെടുത്തു.
സംസ്ഥാനത്തെ എന്‍ജിനീയറിംഗ് കോളജുകളുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ അച്ചടക്കലംഘനങ്ങള്‍ വര്‍ധിച്ചുവരുന്നത് സംബന്ധിച്ച് മന്ത്രി പി കെ അബ്ദുര്‍റബ്ബ് നേരത്തെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.