എസ് എം എ സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് എക്‌സാമിനേഷന്‍ നവംബര്‍ 29ന്

Posted on: August 8, 2015 11:26 pm | Last updated: August 8, 2015 at 11:26 pm
SHARE

കോഴിക്കോട്: സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അംഗീകരിച്ച എല്ലാ മദ്‌റസകളിലെയും (ബോര്‍ഡിംഗ്, ഇംഗ്ലീഷ് മീഡിയം ഉള്‍പ്പെടെ) വിദ്യാര്‍ഥികള്‍ക്കു വേണ്ടി സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് എക്‌സാമിനേഷന്‍ നവംബര്‍ 29 ന് നടത്താന്‍ സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
മദ്‌റസാ വിദ്യാര്‍ഥികളിലെ അധിക നൈപുണി വളര്‍ത്തിയെടുക്കാനും മത്സര പരീക്ഷകള്‍ക്കു തയ്യാറാക്കാനുമായി സംവിധാനിച്ചിട്ടുള്ള സവിശേഷമായ ഒരു പദ്ധതിയാണ് സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് എക്‌സാമിനേഷന്‍. കുട്ടികളിലെ പഠന തല്‍പരത വളര്‍ത്തിയെടുത്ത് കാലത്തോടൊപ്പം നടത്താന്‍ പ്രാപ്തരാക്കുകയാണ് പരീക്ഷയുടെ ലക്ഷ്യം.
3 മുതല്‍ 12 കൂടിയ ക്ലാസുകളില്‍ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും പരീക്ഷയില്‍ പങ്കെടുക്കാന്‍ യോഗ്യതയുണ്ടായിരിക്കും. ലോവര്‍ പ്രൈമറി-1 (മദ്‌റസയിലെ 3-ാം ക്ലാസ്), ലോവര്‍ പ്രൈമറി-2 (4-5 മദ്‌റസാ ക്ലാസുകള്‍), അപ്പര്‍ പ്രൈമറി (6-7 മദ്‌റസാ ക്ലാസുകള്‍), സെക്കണ്ടറി (8-9-10 മദ്‌റസാ ക്ലാസുകള്‍), ഹയര്‍ സെക്കണ്ടറി (+1, +2 മദ്‌റസാ ക്ലാസുകള്‍) ഇങ്ങനെ 5 വിഭാഗങ്ങള്‍ അടിസ്ഥാനപ്പെടുത്തിയായിരിക്കും പരീക്ഷ നടത്തുക. 40% ചോദ്യങ്ങള്‍ സ്‌കൂള്‍/പൊതുവിജ്ഞാനത്തില്‍ നിന്നും 60 ശതമാനം ചോദ്യങ്ങള്‍ മദ്‌റസ/ഇസ്‌ലാമിക വിഷയങ്ങളില്‍ നിന്നുമാണ് ഉണ്ടാവുക.
സപ്തംബര്‍ അഞ്ച് മുതല്‍ അപേക്ഷ സമര്‍പ്പിച്ച് തുടങ്ങാം. സപ്തംബര്‍ പത്തിനകം മദ്‌റസകളില്‍ യോഗ്യതാ പരീക്ഷ നടത്തിയാണ് മത്സരാര്‍ഥികളെ തിരഞ്ഞെടുക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി സപ്തംബര്‍ 15. ഫലപ്രഖ്യാപനം ഡിസംബര്‍ 20 ന് നടക്കും.