കുടുംബശ്രീ സി ഡി എസുകളിലെ അക്കൗണ്ടന്റുമാര്‍ക്ക് അവഗണന

Posted on: August 6, 2015 5:32 am | Last updated: August 6, 2015 at 9:33 am
SHARE

തൃശൂര്‍: സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്റെ കീഴില്‍ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സി ഡി എസുകളിലെ എക്കൗണ്ടന്റുമാരോട് കുടുംബശ്രീയുടെ അവഗണന. ഈ തസ്തികയില്‍ പ്രവര്‍ത്തിക്കുന്ന 90% പേരും സ്ത്രീകളാണെന്നിരിക്കെയാണ് സ്ത്രീശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയില്‍ നിന്നും ഇവര്‍ക്ക് അവഗണന നേരിടുന്നത്. മതിയായ വേതനമോ മറ്റു ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല.
സംസ്ഥാനത്ത് 1072 കുടുംബശ്രീ സി ഡി എസുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതിലെ എക്കൗണ്ടന്റുമാര്‍ക്ക് പ്രതിമാസം 6000 രൂപ യാണ് ശമ്പളം. ശമ്പളം വര്‍ധിപ്പിക്കുന്നതിന് നിരന്തരം മുറവിളി കൂട്ടിയതിന്റെ ഫലമായാണ് 2013 മുതല്‍ ആയിരം രൂപ വര്‍ധിപ്പിച്ചത്. അവശ്യ സാധനങ്ങള്‍ക്ക് വില കയറുമ്പോള്‍ തുഛമായ വരുമാനം കൊണ്ട് മുന്നോട്ട് പോകാന്‍ ആവില്ലെന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്. കാലോചിതമായി ശമ്പളം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് എല്ലാ ജില്ലകളിലും മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടികളിലുള്‍പ്പെടെ അപേക്ഷ സമര്‍പ്പിച്ചിട്ടും പരിഹാരമായില്ല.
വകുപ്പ് മന്ത്രിക്ക് രണ്ട് വര്‍ഷം മുമ്പ് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അടിസ്ഥാന ശമ്പളം 10000 ആയി ഉയര്‍ത്തുന്നതിന് തീരുമാനമായെങ്കിലും ധനവകുപ്പ് നിരസിച്ചതിനാല്‍ തീരുമാനം കടലാസിലൊതുങ്ങി. കുടുംബശ്രീ വാര്‍ഷികത്തില്‍ വകുപ്പ് മന്ത്രി എക്കൗണ്ടന്റുമാരുടെ ശമ്പളം 8000 രൂപയാക്കി വര്‍ധിപ്പിക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നുവെങ്കിലും ഇതും പ്രാബല്യത്തിലായില്ല.
ബി കോം ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഈ രംഗത്ത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ 2009 മുതലാണ് കരാര്‍ അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. 2013ല്‍ പിരിച്ചുവിട്ടെങ്കിലും സി ഡി എസിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനും കണക്കുകള്‍ തിട്ടപ്പെടുത്തുന്നതിനും ഇവരെ തിരിച്ച് വിളിക്കുകയായിരുന്നു. അന്ന് ഒ എം ആര്‍ പരീക്ഷയും അഭിമുഖവും കമ്പ്യൂട്ടര്‍ ടെസ്റ്റും നടത്തി റാങ്ക് ലിസ്റ്റ് പ്രകാരം നിയമനം ലഭിക്കുകയായിരുന്നു. എക്കൗണ്ടിംഗിനു പുറമെ ഡാറ്റാ അപ്‌ഡേഷന്‍, ആശ്രയ പദ്ധതിയുടെ നിര്‍വഹണം, കുടുംബശ്രീ അംഗങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങിയവയും ഇവരാണ് നടത്തുന്നത്. അടിസ്ഥാന ശമ്പളം 15000 രൂപയായി നിജപ്പെടുത്തണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ജോലിഭാരത്തിന് അനുസൃതമായി ശമ്പളം പരിഷ്‌കരിച്ചില്ലെങ്കില്‍ സമര രംഗത്തിറങ്ങാനും അണിയറകളില്‍ ആലോചനയുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here