ചക്കരക്കല്ലില്‍ ബി ജെ പി നേതാവിന് വെട്ടേറ്റു

Posted on: April 8, 2015 5:46 am | Last updated: April 8, 2015 at 12:46 am

കണ്ണൂര്‍: ചക്കരക്കല്ലില്‍ ബി ജെ പി നേതാവിനെ വെട്ടിപ്പരുക്കേല്‍പിച്ചു. ബിജെ പി ധര്‍മ്മടം മണ്ഡലം സെക്രട്ടറിയും ചക്കരക്കല്‍ ആര്‍വി മെട്ടയിലെ പൂങ്കാവനം പുരുഷോത്തമന്‍-രത്‌നവല്ലി ദമ്പതികളുടെ മകനുമായ ഷിബിനാണ് (28) വെട്ടേറ്റത്.
ഇന്നലെ രാവിലെ എട്ട് മണിയോടെ ചക്കരക്കല്‍ ഇരിവേരി കാവിനു സമീപമായിരുന്നു സംഭവം. സ്‌കോര്‍പിയോ കാറിലും ബൈക്കിലുമായെത്തിയ എട്ടംഗ സംഘമാണ് ഷിബിനെ വെട്ടിയതെന്നു പറയുന്നു. ചാല ബൈപ്പാസ് ജംഗ്ഷനില്‍ മാര്‍ബിള്‍ കടയിലെ ജീവനക്കാരനായ ഷിബിന്‍ രാവിലെ കടയിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും അക്രമിസംഘം വാഹനങ്ങളില്‍ രക്ഷപ്പെട്ടു. ഇരുകൈകള്‍ക്കും പുറത്തും കാലിനും വെട്ടേറ്റിട്ടുണ്ട്. വലതുകൈയുടെ വിരലുകള്‍ ആഴത്തില്‍ മുറിഞ്ഞ നിലയിലാണ്. നാട്ടുകാര്‍ ഉടന്‍ തന്നെ ഷിബിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിച്ചു.
ഗുരുതരാവസ്ഥയിലുള്ള ഇയാളെ പിന്നീട് കോഴിക്കോട് ആശുപത്രിയിലേക്കു മാറ്റി. രണ്ടുമാസം മുമ്പ് ചക്കരക്കല്ലില്‍ സി പി എം-ബി ജെ പി സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ ഷിബിന്റെ വീടിനുനേരേ കല്ലേറ് നടന്നിരുന്നു. പിന്നീട് ഒരാഴ്ചയ്ക്കു ശേഷം ഷിബിന്റെ വീടിനുനേരേ ബോംബാക്രമണവുമുണ്ടായിരുന്നു. ചക്കരക്കല്ലില്‍ നേരത്തെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റ്‌ചെയ്തിരുന്ന ഷിബിന്‍ റിമാന്‍ഡ് കാലാവധി കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. യുവമോര്‍ച്ചയുടെ ധര്‍മടം മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയാണ് ഷിബിന്‍. അക്രമത്തിനു പിന്നില്‍ സി പി എം പ്രവര്‍ത്തകരാണെന്നു ബിജെ പി ആരോപിച്ചു. സമാധാനന്തരീക്ഷം നിലനില്‍ക്കെ പ്രദേശത്ത് ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കാനുള്ള നീക്കമാണ് ഷിബിനു നേരേയുണ്ടായ അക്രമമെന്ന് ബിജെപി ധര്‍മ്മമടം മണ്ഡലം പ്രസിഡന്റ് ആര്‍ കെ ഗിരിധരന്‍ പറഞ്ഞു. അക്രമത്തില്‍ പ്രതിഷേധിച്ച് ആര്‍വി മെട്ട, വെള്ളച്ചാല്‍ മേഖലയില്‍ ബി ജെ പിയുടെ ആഹ്വാന പ്രകാരം ഉച്ചവരെ ഹര്‍ത്താല്‍ ആചരിച്ചു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ആര്‍വി മെട്ട, ഇരിവേരി ഭാഗങ്ങളില്‍ കടകള്‍ അടഞ്ഞുകിടക്കുകയാണ്. വിവരമറിഞ്ഞ് കണ്ണൂര്‍ സിറ്റി സിഐ. പ്രകാശന്‍ പടന്നയില്‍, ചക്കരക്കല്‍ എസ് ഐ. പ്രദീഷ് എന്നിവരുടെ നേതൃത്വത്തില്‍ വലിയ സംഘം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.