Connect with us

Wayanad

ഡൈന അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ അഞ്ച് മുതല്‍ അമ്പലവയലില്‍

Published

|

Last Updated

കല്‍പ്പറ്റ: സംസ്ഥാന ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ ജില്ലയില്‍ ആദ്യമായി നടത്തപ്പെടുന്ന ഡൈന ഫുട്‌ബോള്‍ അഖിലേന്ത്യാ ടൂര്‍ണമെന്റ് ഏപ്രില്‍ അഞ്ചുമുതല്‍ നടക്കുമെന്ന് സംഘാടക സമിതി ഭാതരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേരള പൊലീസ്, കെ.എസ്.ഇ.ബി തിരുവനന്തപുരം, സെവന്‍ സ്റ്റാര്‍ ഗോവ, ഗ്രീന്‍ആര്‍മി ബംഗലുരു, ടൈറ്റാനിയം തിരുവനന്തപുരം, ഊട്ടി പൊലീസ്, എ.ജി.എസ് തിരുവനന്തപുരം, ജിംഖാന തൃശുര്‍, എം.എസ്.പി മലപ്പുറം, ടൗണ്‍ടീം അരിക്കോട്, കേരള എഫ്.സി, ഫ്രണ്ട്‌സ് മമ്പാട്, നോവ അരപ്പറ്റ, ഡൈന അമ്പലവയല്‍, ആക്മി തൃക്കരിപ്പൂര്‍, വീഡിയോ ക്ലബ് ബത്തേരി തുടങ്ങിയ പ്രമുഖ ടീമുകളാണ് പങ്കെടുക്കുക.
ഐ.എസ്.എല്‍ ഫുട്‌ബോളിലൂടെ പ്രശസ്തരായ ദേശീയ താരങ്ങളായ സുശാന്ത് മാത്യു, രഹനേഷ്, സന്തോഷ് ജിഗാന്‍, മുഹമ്മദ് റാഫി, മെഹ്താബ് ഹുസൈന്‍, സന്ദീപ് നന്ദി തുടങ്ങിയ താരങ്ങളും ടൂര്‍ണമെന്റില്‍ വിവിധ ടീമുകള്‍ക്കായി ബൂട്ടുക്കെട്ടും. ജില്ലയില്‍ ഫുട്‌ബോളിന്റെ സാനിധ്യം അരക്കിട്ട് ഉറപ്പിക്കുന്നതിനായി നടത്തുന്ന ടൂര്‍ണമെന്റ് അമ്പലവയല്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് എല്ലാ ദിവസവും വൈകിട്ട് 7.30 മുതല്‍ അരങ്ങേറുക. എട്ടാം തരം വരെയുള്ള കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പ്രവേശനം സൗജന്യമായിരിക്കും. പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് ചാര്‍ജ് 40 രൂപയാണ്. 3500 പേര്‍ക്കിരിക്കാവുന്ന രീതിയിലുള്ള സ്‌റ്റേഡിയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ടൂര്‍ണമെന്റിന്റെ വിജയത്തിനായി 77 അംഗ ടൂറണമെന്റ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ഐ.സി ബാലകൃഷ്ണന്‍, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി ബാലചന്ദ്രന്‍, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.എസ് വിജയ തുടങ്ങിയവരാണ് രക്ഷാധികാരികള്‍. അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്റ് എം.യു ജോര്‍ജ് ചെയര്‍മാനും, നിഷാന്ത് മാത്യു കണ്‍വീനറും ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി വി സിറാജ് ജനറല്‍ കണ്‍വീനറുമായാണ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്.
10 വര്‍ഷത്തിന് ശേഷം ആദ്യമായി സുശാന്ത് മാത്യൂ തന്റെ ക്ലബിനായി ബൂട്ടുകെട്ടുമെന്നതിന്റെ ആവേശത്തിലാണ് ജില്ലയിലെ ഫുട്‌ബോള്‍ പ്രേമികള്‍. വാര്‍ത്താസമ്മേളനത്തില്‍ ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ എം.യു ജോര്‍ജ്, ജനറല്‍ കണ്‍വീനര്‍ വി സിറാജ്, കണ്‍വീനര്‍ നിഷാന്ത് മാത്യൂ, ക്ലബ് ഭാരവാഹികളായ എ.കെ ഗോപാലകൃഷ്ണന്‍, കെ ചന്ദ്രകാന്ത്, പി.എസ് സലീഫ് എന്നിവര്‍ പങ്കെടുത്തു.

Latest