ഓപറേഷന്‍ സുരക്ഷ: നടപടികള്‍ ശക്തമാക്കാന്‍ തീരുമാനം

Posted on: March 18, 2015 5:09 am | Last updated: March 18, 2015 at 12:09 am
SHARE

തിരുവനന്തപുരം: ഓപറേഷന്‍ സുരക്ഷയിലൂടെ സംസ്ഥാനത്തെ മുഴുവന്‍ ഗുണ്ടകളെയും അമര്‍ച്ച ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപറേഷന്‍ സുരക്ഷയുടെ പുരോഗതി വിലയിരുത്താന്‍ ആഭ്യന്തരമന്ത്രിയുടെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓപറേഷന്‍ സുരക്ഷയുടെ ഭാഗമായി ഇന്നലെ വരെ 16,584 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ നടത്തിയ 242 പേരും, കൊലപാതകം, കൊലപാതക ശ്രമം, കുറ്റകരമല്ലാത്ത നരഹത്യ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 439 പേരും, ഒളിവില്‍ കഴിഞ്ഞിരുന്ന അബ്കാരി ആക്ട്, എന്‍ ഡി പി എസ് ആക്ട് കള്ളനോട്ട് തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ട 403 പേരും ഉള്‍പ്പെടുന്നു. കൂടാതെ ഓപറേഷന്‍ സുരക്ഷയുടെ ഭാഗമായി ജാമ്യമില്ലാ വാറണ്ടുകളിലെ ( ട്രാഫിക് ഒഫന്‍സ് ഒഴികെ ) പ്രതികളായ 10,125 പേരെ അറസ്റ്റ് ചെയ്തു.
കരുതല്‍ നടപടികളുടെ ഭാഗമായി 220 പേരുടെ പേരില്‍ 107 പേരെ സി ആര്‍ പി സി പ്രകാരവും 555 പേരുടെ പേര്‍ക്കെതിരെ 109 സി ആര്‍ പിസി, 110 ( ഇ) സി ആര്‍ പി സി തുടങ്ങിയ വകുപ്പുകളനുസരിച്ചും നടപടി സ്വീകരിച്ചു. കൂടാതെ 21 പേര്‍ക്കെതിരെ പുതുതായി ഗുണ്ടാനിയമം അനുസരിച്ച് നടപടി ആരംഭിച്ചതായും ആഭ്യന്തരമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ സാമൂഹിക വിരുദ്ധരെയും ഗുണ്ടകളെയും സ്ഥിരം കുറ്റവാളികളെയും അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം 25 മുതലാണ് ഓപറേഷന്‍ സുരക്ഷ ആരംഭിച്ചത്. ഉന്നതതല യോഗത്തില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഡി ജി പി. കെ എസ് ബാലസുബ്രഹ്മണ്യം, എ ഡി ജി പിമാരായ എ ഹേമചന്ദ്രന്‍, ലോക്‌നാഥ് ബെഹ്‌റ പങ്കെടുത്തു.