Connect with us

Gulf

മുശ്‌രിഫ് സെന്‍ട്രല്‍ പാര്‍ക്ക് ഇരുപതിന് തുറക്കും

Published

|

Last Updated

അബുദാബി: മുശ്‌രിഫ് സെന്‍ട്രല്‍ പാര്‍ക്ക് ഇരുപതിന് തുറക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. തലസ്ഥാന നഗരിയിലെ പ്രധാന ഉദ്യാനങ്ങളില്‍ ഒന്നായ പാര്‍ക്കില്‍ കഴിഞ്ഞ കുറേക്കാലമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയായിരുന്നു. ഇന്‍ഡോര്‍ പ്ലേ ഏരിയ, കഫെ, സ്‌പോട്‌സ് ഹാള്‍, പരിപാടികള്‍ക്കുള്ള പ്രത്യേക സ്ഥലം എന്നിവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് അന്തിമ ഘട്ടത്തില്‍ എത്തിയിരിക്കുന്നത്. 299 സ്പീക്കറുകളാണ് ഉദ്യാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സജ്ജീകരിച്ചിരിക്കുന്നത്. പാര്‍ക്കിലെ ആംഫിതിയറ്ററില്‍ നിന്നുള്ള പരിപാടികള്‍ ഇതുവഴി ഉദ്യാനത്തിന്റെ മുഴുവന്‍ ഭാഗത്തേക്കും കേള്‍പ്പിക്കാന്‍ സാധിക്കും. 28 മീറ്റര്‍ ഉയരമുള്ളതും 215 മെട്രിക് ടണ്‍ ഭാരമുള്ളതുമായ ഷെയ്ഡ് ഹൗസാണ് ഉദ്യാനത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഉദ്യാനത്തില്‍ പരിപാലിച്ചുവരുന്ന മൂപ്പെത്താത്ത ചെടികളെയും മറ്റും വെയിലിന്റെ കാഠിന്യത്തില്‍ നിന്നു രക്ഷിച്ചു നിര്‍ത്താനാണിത്.
സന്ദര്‍ശകര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി ഉദ്യാനത്തെ ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്ന് പുനരുദ്ധാരണ പദ്ധതിക്ക് നേതൃത്വം നല്‍കുന്ന അല്‍ ഐന്‍ പ്രോപര്‍ട്ടീസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു. വിനോദത്തിനൊപ്പം അറിവ് സമ്പാദിക്കാനുള്ള അവസരങ്ങളും മുശ്‌രിഫ് സെന്‍ട്രല്‍ പാര്‍ക്കില്‍ സജ്ജമാക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
പാര്‍ക്കില്‍ സന്ദര്‍ശകരെ സ്വീകരിക്കാന്‍ ഒട്ടകങ്ങള്‍, ചെറു കുതിരകള്‍, മുയല്‍, ആട് എന്നിവയെയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എമിറേറ്റ്‌സ് പാര്‍ക്ക് സൂവില്‍ നിന്നുള്ള വൈല്‍ഡ്‌ലൈഫ് ഉദ്യോഗസ്ഥര്‍ പ്രകൃതിയെയും അതിലെ ജീവജാലങ്ങളെയും സംരക്ഷിക്കേണ്ടതിനെക്കുറിച്ച് മുശ്‌രിഫ് സെന്‍ട്രല്‍ പാര്‍ക്കില്‍ സന്ദര്‍ശനം നടത്തുന്ന കുട്ടികളെ ബോധവത്ക്കരിക്കും. എജ്യുക്കേഷന്‍ സോണ്‍, കളികള്‍ക്കായുള്ള മൈതാനം എന്നിവയും ഇവിടെ സജ്ജമാക്കുന്നുണ്ട്. ബോട്ടണിക്കല്‍ ഗാര്‍ഡണ്‍, ലെഡ് സിനിമ സ്‌ക്രീനുകള്‍ എന്നിവക്കൊപ്പം 2,500 പേരെ ഉള്‍ക്കൊള്ളാവുന്ന ഗ്രേറ്റ് ലോണും ഉദ്യനത്തിലുണ്ടാവും. വിവിധ കലാരൂപങ്ങള്‍ അവതരിപ്പിക്കാനും മറ്റ് പരിപാടികള്‍ക്കുമാണ് ഗ്രേറ്റ് ലോണ്‍ ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ 30 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ഈ ഉദ്യാനം വികസനപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് അടച്ചിട്ടത്. വീണ്ടും തുറക്കുന്നതോടെ അബുദാബിയിലെ ഏറ്റവും മികച്ച ഉദ്യാനങ്ങളില്‍ ഒന്നായി ഇത് മാറുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. മരുഭൂമിയുടെയും വാദികളുടെയും പരിസ്ഥിതി കുട്ടികള്‍ക്ക് ബോധ്യപ്പെടുത്തുന്നതിനുള്ള സജ്ജീകരണങ്ങളും ഉദ്യാനത്തിന്റെ ഭാഗമായിരിക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി പട്ടം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ശില്‍പശാല നടത്തും. കഥ പറയല്‍ തുടങ്ങിയ കുട്ടികളെ ലക്ഷ്യം വെച്ചുള്ള പരിപാടികളും അരങ്ങേറും. ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി ഡേയുടെ ഭാഗമായാണ് ഇത്തരം പരിപാടികള്‍ ഒരുക്കുന്നത്. പൊതുജനങ്ങള്‍ക്ക് സൗജന്യമായാണ് പരിപാടിയിലേക്ക് പ്രവേശനം. ഉച്ചക്ക് 12 മുതല്‍ വൈകുന്നേരം ആറു വരെയാവും ഇത്. ആഴ്ച അവധി ദിനങ്ങളില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ 21 ശനി വരെ തുടരും.