Connect with us

Articles

ഇന്ത്യയുടെ നിരോധിക്കപ്പെട്ട മക്കള്‍

Published

|

Last Updated

ഇന്ത്യയില്‍ നഗര ഗ്രാമ വ്യത്യാസമില്ലാതെ; യുവതികളും കുഞ്ഞുങ്ങളും വൃദ്ധകളും ദളിത്/ആദിവാസി സ്ത്രീകളും നിരന്തരമായി ബലാത്സംഗം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന വിവരം കണ്ണും കാതും തുറന്നിരിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കുമറിയാം. ഇതു സംബന്ധിച്ച വാര്‍ത്തകളും കോടതി നടപടികളും നിയമക്കുരുക്കുകളും എല്ലാം ഫലത്തില്‍ ഇരയാക്കപ്പെട്ട സ്ത്രീകള്‍ക്കും സ്ത്രീ സമൂഹത്തിനാകെയും കൂടുതല്‍ ദുരിതങ്ങളാണ് സമ്മാനിച്ചു വരാറുള്ളതും. സ്ത്രീവിരുദ്ധമായ മനോഭാവമാണ് ഇതു സംബന്ധിച്ച വാര്‍ത്താ നിര്‍മിതികളെയും കോടതിയെപ്പോലും നിയന്ത്രിക്കുന്നത് എന്നതാണ് വാസ്തവം. ലെസ്ലി ഉദ്‌വിന്‍ സംവിധാനം ചെയ്ത “ഇന്ത്യയുടെ മകള്‍” എന്ന ഡോക്കുമെന്ററി, കേട്ട പാതി കേള്‍ക്കാത്ത പാതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടവരും അത് അനുസരിക്കുന്നുവെന്ന മട്ടില്‍ ഉടനടി നിരോധിച്ച കേന്ദ്ര സര്‍ക്കാറും ഇതേ സ്ത്രീവിരുദ്ധ മര്‍ദനാധികാരത്തിന്റെ വക്താക്കളും ഗുണഭോക്താക്കളുമാണ് എന്നതാണ് യാഥാര്‍ഥ്യം. ലോകമെമ്പാടുമുള്ള സ്ത്രീകളും പെണ്‍കുട്ടികളും ഇത്തരത്തില്‍ ഏറിയും കുറഞ്ഞും ബലാത്സംഗത്തിനും അക്രമത്തിനും ഇരകളാക്കപ്പെടുന്നുണ്ട് എന്ന പരമമായ സത്യത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ പരിതസ്ഥിതിയും വിലയിരുത്തപ്പെടുന്നത്. സംവിധായിക ലെസ്ലി ഉദ്‌വിന്‍ പറയുന്നത് അവര്‍ തന്നെ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നാണ്.
എന്തുകൊണ്ടാണ് ഇന്ത്യയിലെ സംഭവത്തെക്കുറിച്ച് സിനിമയെടുത്തതെന്ന ചോദ്യത്തിനുള്ള അവരുടെ മറുപടി ഇപ്രകാരമാണ്: 2012 ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ നടന്ന കൂട്ടബലാത്സംഗമല്ല എന്നെ ഇന്ത്യയിലെത്തിച്ചത്. ഈ അക്രമത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭങ്ങള്‍ എനിക്ക് അനല്‍പമായ ആശ്വാസവും ആവേശവും പ്രതീക്ഷയും നല്‍കി. സമീപഭൂതകാലത്തൊന്നും കാണാത്ത രീതിയിലുള്ള ജനസഞ്ചയമാണ് സമരത്തീയാളിച്ചത്. തന്റെ അവകാശങ്ങള്‍ക്കു വേണ്ടി അവര്‍ ഡല്‍ഹിയില്‍ അന്തിമ സമരത്തിലേര്‍പ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവാണ് ഇന്ത്യയിലെ സ്ഥിതിഗതികളെ ലോകശ്രദ്ധ ആകര്‍ഷിക്കുന്ന വിധത്തില്‍ പരിശോധിക്കാനും അന്വേഷിക്കാനും രേഖപ്പെടുത്താനും അവരെ പ്രേരിപ്പിച്ചത്. ബലാത്സംഗത്തിന്റെ ആഗോള കണക്കുകള്‍ സംവിധായിക ചിത്രത്തിന്റെ അന്താരാഷ്ട്ര പതിപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ബി ബി സി സ്റ്റോറിവില്ലെയുടെ നിബന്ധന പ്രകാരം സ്റ്റാറ്റിസ്റ്റിക്‌സുകള്‍ക്ക് സിനിമയില്‍ സ്ഥാനം കൊടുക്കാറില്ല. അപ്രകാരം എഡിറ്റ് ചെയ്ത പതിപ്പാണ് യു ട്യൂബിലൂടെയും ടോറന്റിലൂടെയും മറ്റും മറ്റുമായി ഇന്ത്യയാകെയും ഇന്ത്യക്കാര്‍ക്കിടയിലും കാട്ടുതീ പോലെ പ്രചരിച്ചത്. ഇത് ഇന്ത്യയെ അപമാനിക്കാനുള്ളതാണെന്നും മഹത്തായ സംസ്‌ക്കാരവും ചരിത്രവും അതി നൂതനമായ വികസന-വിനോദസഞ്ചാര ഭാവിക്കുതിപ്പുമുള്ള രാജ്യത്തെ തളര്‍ത്തിയിടാനുള്ള ഗൂഢാലോചനയാണെന്നും ഭരണകക്ഷിക്കാരും അവരെ അനുകൂലിക്കുന്നവരും പിന്നെ എതിര്‍ക്കാന്‍ നിയോഗിക്കപ്പെട്ട ചിലരും ന്യൂസ് അവര്‍ ഇരിപ്പു സമരക്കാരും വലിയ വായില്‍ അധിക്ഷേപിച്ചു വിടുകയും ചെയ്തു.
മുകേഷ് എന്ന, വധശിക്ഷക്കു വിധിക്കപ്പെട്ട ഇരുപത്തെട്ടുവയസ്സുകാരനായ പ്രതിയുടെ പരാമര്‍ശങ്ങള്‍ ഇപ്രകാരമാണ്: ഒരു കൈ കൊണ്ട് കയ്യടിക്കാനാവില്ല, അതിന് രണ്ടു കൈകള്‍ വേണം. സ്ത്രീ കൂടി സഹകരിച്ചുകൊണ്ടാണ് ബലാത്സംഗത്തിനകത്തെ ലൈംഗിക ബന്ധം സാധ്യമാവുന്നതെന്നാണ് മുകേഷ് ധ്വനിസാന്ദ്രമല്ലെങ്കിലും, കാവ്യാത്മകമായി വിശദീകരിക്കുന്നത്. വിദ്യാഭ്യാസം കുറവായ, ചേരിയില്‍ താമസിക്കുന്ന, മദ്യപാനിയായ ഈ കുറ്റവാളിയുടെ അഭിപ്രായവും നമ്മുടെ ആണ്‍ പൊതുബോധവും തമ്മിലുള്ള അഗാധവും ബഹുതലസ്പര്‍ശിയുമായ സാമ്യമാണ് ഈ സംഭാഷണശകലം കേള്‍ക്കുമ്പോള്‍ നമ്മെ ഞെട്ടിക്കുന്നത്. “തടയാന്‍ കഴിയില്ല എന്നുണ്ടെങ്കില്‍ വഴങ്ങിക്കൊടുത്ത് അതിന്റെ സുഖം അനുഭവിക്കുകയാണ് ഭേദം” എന്ന ഉപമ ബലാത്സംഗത്തെ മുന്‍നിര്‍ത്തി പൊതുവ്യവഹാരങ്ങളില്‍ എപ്പോഴും പ്രകടിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മുകേഷ് തുടരുന്നു: മാന്യതയുള്ള ഒരു പെണ്‍കുട്ടിയും രാത്രി ഒമ്പതു മണിക്കു ശേഷം വീടുവിട്ട് നഗരത്തില്‍ ചുറ്റിത്തിരിയില്ല. ഐ ടി ജോലിക്കായും മറ്റ് ഫാക്ടറി ജോലികള്‍ക്കായും എന്തിന് വര്‍ധിച്ചു വരുന്ന നഗരവത്കരണത്തിന്റെ ഭാഗമായി നഗരങ്ങളില്‍ കട കയറിയിറങ്ങലിനും നേരംപോക്കുകള്‍ക്കുമായി എത്തുന്ന സ്ത്രീകളുടെ എണ്ണം ആധുനിക സമൂഹത്തില്‍ ഒട്ടും കുറവല്ല. ഈയടുത്ത കാലത്താണ് ഠാക്കറെ കുടുംബത്തിലെ ഇളമുറക്കാരന്‍, മുംബൈ നഗരത്തിന്റെ ഹൃദയഭാഗത്ത് നിശാജീവിതം നിയമവിധേയമാക്കിക്കൊണ്ട് ഉത്തരവിറക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. നോമ്പുകാലങ്ങളിലും മറ്റും വടക്കന്‍ കേരളത്തിലെ ഗ്രാമപ്രദേശങ്ങളില്‍ എമ്പാടും രാത്രി മുഴുവന്‍ നീളുന്ന മതപ്രഭാഷണങ്ങള്‍ കേള്‍ക്കാനും അതു കഴിഞ്ഞ് വീടുകളിലേക്ക് തിരിച്ചു പോകാനുമായി എത്തുന്ന നിരവധി സ്ത്രീ പുരുഷന്മാരും മുകേഷിലൂടെ വെളിപ്പെടുന്ന സദാചാര പൊലീസിന്റെ വിധി പ്രകാരം പീഡനം ഏറ്റുവാങ്ങാന്‍ നിയുക്തരാണ്.
ആണ്‍കുട്ടിയെക്കാളും ബലാത്സംഗം നടക്കുന്നതിന്റെ കാരണക്കാരി പെണ്‍കുട്ടിയാണെന്നാണ് മുകേഷ് പറയുന്നത്. ഈ മനോഭാവമാണ് ഏറ്റവും പ്രശ്‌ന ഭരിതം. തനിക്ക് അടക്കാനാകാത്ത കാമാര്‍ത്തി ഉണ്ടായിരുന്നുവെന്നും, സ്ത്രീ ശരീരം അടുത്തെത്തിയപ്പോള്‍ നിയന്ത്രിക്കാനായില്ലെന്നും അതുപ്രകാരമാണ് പ്രവര്‍ത്തിച്ചതെന്നും അയാള്‍ കുറ്റസമ്മതം നടത്തിയിരുന്നു എന്നു കരുതുക. ഭരണഘടന അനുസരിച്ചും ഇന്ത്യന്‍ പീനല്‍ കോഡ് അനുസരിച്ചും അയാളുടേത് കൊടും കുറ്റകൃത്യമായി വിധിക്കപ്പെടുകയും ഇപ്പോള്‍ ലഭിച്ച ശിക്ഷ തന്നെ അയാള്‍ക്കു ലഭിക്കുകയും ചെയ്യും. എന്നാലും ആ കുറ്റസമ്മതത്തിനകത്ത് പ്രാകൃതികമായ ചോദനയുടെ ഒരു സാധൂകരണമെങ്കിലും നമുക്ക് തിരഞ്ഞു ചെന്നാല്‍ കണ്ടെത്താനാകും. പക്ഷേ, ഇവിടെ അതല്ല തന്റെ കൃത്യത്തിന്റെ ന്യായീകരണമായി മുകേഷ് നിരത്തുന്നത്. രാത്രി ഇറങ്ങിനടക്കുന്ന, ചുറ്റിത്തിരിയുന്ന പെണ്‍കുട്ടി ദുര്‍നടപ്പുകാരിയാണെന്നും അവളെ ആര്‍ക്കും കയറിപ്പിടിച്ച് പ്രാപിക്കാമെന്നുമാണ്. നാട്ടില്‍ നിറയുന്ന സദാചാര പോലീസിന്റെ അതേ യുക്തിയാണിത്. സദാചാര പോലീസുകാര്‍ക്ക് കണ്‍ കണ്ട ദൈവമായി മുകേഷിനെ ഇനിയുള്ള കാലം ആരാധിക്കാം.
പുരുഷനും സ്ത്രീയും തുല്യരല്ലെന്നും, സ്ത്രീകള്‍ വീട്ടു ജോലിയും ഗൃഹ പരിചരണവും നടത്തി വീട്ടിനകത്ത് അടങ്ങിയൊതുങ്ങിക്കഴിയണമെന്നും മുകേഷ് ഉപദേശിക്കുന്നു. അത് തെറ്റിക്കുന്നവര്‍ക്കുള്ള ശിക്ഷയാണ് അയാളും കൂട്ടരും നടത്തിയ കൂട്ട ബലാത്സംഗം. മുകേഷ് നമ്മുടെ പൊതുബോധത്തിന്റെ കൃത്യമായ പ്രതിനിധി മാത്രമാണ്. മലയാള സിനിമയിലെ സൂപ്പര്‍ ഹിറ്റായ ചോക്കളേറ്റി(2007)ല്‍ നായകനായ ശ്യാം ബാലഗോപാല്‍(പൃഥ്വിരാജ്) ഒരു വനിതാ കോളജിലെ ഏക ആണ്‍ വിദ്യാര്‍ഥിയാണ്. ഒറ്റക്കു കിട്ടിയ അയാളെ പരിഹസിക്കുകയും മറ്റും ചെയ്യുന്ന പെണ്‍കുട്ടികളുടെ നേതാവിനോട്(റോമ) അയാള്‍ പറയുന്നത്: ഞാനൊന്ന് അറിഞ്ഞു വിളയാടിയാല്‍ പത്തു മാസം കഴിഞ്ഞേ നീയൊക്കെ ഫ്രീയാവൂ (നീ വയറും വീര്‍പ്പിച്ച് വീട്ടില്‍ കിടക്കും എന്നാണ് ഭീഷണി), എന്നാണ്. അതായത്, ബലാത്സംഗം എന്നത് പുരുഷാധിപത്യത്തിന്റെ എക്കാലത്തെയും ഒരു മര്‍ദന-ശിക്ഷണരീതിയാണെന്നര്‍ഥം. വര്‍ഗീയലഹളകളിലും യുദ്ധങ്ങളിലും പോലീസ് അടിച്ചമര്‍ത്തലുകളിലും സ്ത്രീകള്‍ക്കെതിരായ ലൈംഗിക കടന്നുകയറ്റങ്ങള്‍ സ്ഥിരമാണ്. മണിപ്പൂരിലെ ഇറോം ശര്‍മിളയും കശ്മീരിലെ കുനാന്‍ പോഷ്‌പോറ കൂട്ട ബലാത്സംഗവും എല്ലാം ഇതിന്റെ അസ്വസ്ഥപ്പെടുത്തുന്ന ഓര്‍മ്മകള്‍ ആയി നമ്മെ വേട്ടയാടിക്കൊണ്ടേയിരിക്കും.
പ്രതികള്‍ക്കു വേണ്ടി ഹാജരായ വക്കീലന്മാരായ മനോഹര്‍ ലാല്‍ ശര്‍മയും എ കെ സിംഗും ഈ ലൈംഗിക കടന്നാക്രമണത്തെ നഗ്നമായി ന്യായീകരിക്കുന്നുവെന്നതാണ് ഞടുക്കമുണ്ടാക്കുന്ന മറ്റൊരു യാഥാര്‍ഥ്യം. സ്ത്രീ പുഷ്പം പോലെ മനോഹരമാണെന്നാണ് വക്കീല്‍ പറയുന്നത്. ഈ പുഷ്പം അഴുക്കുചാലില്‍ വീണാല്‍ എന്തിനു കൊള്ളാം. അത് ക്ഷേത്രത്തില്‍ വെച്ചാല്‍ പൂജിക്കപ്പെടും. ഇന്ത്യയിലെ ശരാശരി പുരുഷന്മാരുടെ പൊതുബോധ നിലപാടുകളാണ് ബലാത്സംഗ പ്രതികളും അവരെ രക്ഷിക്കുന്ന വക്കീലന്മാരും സങ്കോചമേതുമില്ലാതെ പങ്കുവെക്കുന്നത്. ഇതേ പൊതുബോധം തന്നെയാണ് ന്യായാധിപന്മാര്‍ക്കും ഭരണാധികാരികള്‍ക്കും ജനപ്രതിനിധികള്‍ക്കും മത മേധാവികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഉള്ളതെന്നതാണ് ഏറ്റവും ഖേദകരമായ വിപുല യാഥാര്‍ഥ്യം. ഈ ഖേദകരമായ യാഥാര്‍ഥ്യം ലോകത്തിനു മുമ്പില്‍ വെളിപ്പെടുത്തുന്നു എന്നതാണ് ലെസ്ലി ഉദ്‌വിന്‍ നിര്‍വഹിക്കുന്ന കുറ്റകൃത്യം. ഇപ്രകാരം വെളിപ്പെടുത്തി ഇന്ത്യയെ മാത്രം ഒറ്റപ്പെടുത്തി വേര്‍പിരിക്കുക എന്നതായിരുന്നില്ല അവരുടെ ഉദ്ദേശ്യം എന്ന് ഇതിനകം തന്നെ എല്ലാവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. സാമൂഹികവിരുദ്ധവും മനുഷ്യവിരുദ്ധവും സ്ത്രീവിരുദ്ധവും ആയ കടന്നാക്രമണങ്ങള്‍ക്കെതിരായി ഗംഭീരമായ ചെറുത്തു നില്‍പ് ഇന്ത്യയില്‍ രൂപപ്പെട്ടു എന്ന പ്രതിയാഥാര്‍ഥ്യമാണ് അവരെ ഇന്ത്യയിലേക്ക് ആകര്‍ഷിച്ചത്. അത് വിശദീകരിക്കുന്നതിലൂടെ ഇന്ത്യയുടെ മഹിമ എത്രയോ ഉയരത്തിലെത്തുകയാണ് ചെയ്യുന്നത് എന്ന കാര്യം ആവിഷ്‌ക്കാരത്തിനു മേല്‍ കടിഞ്ഞാണ്‍ മുറുക്കുന്നവര്‍ക്ക് ഇനി ഏതു കാലത്താണ് ബോധ്യപ്പടുക?

 

Latest