Connect with us

National

കൊച്ചിയടക്കമുള്ള 12 പ്രധാന തുറമുഖങ്ങളില്‍ സ്മാര്‍ട്ട് സിറ്റി

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ 12 പ്രധാന തുറമുഖങ്ങളില്‍ ഓരോ സ്മാര്‍ട്ട് സിറ്റി വീതം കേന്ദ്രം നിര്‍മിക്കുന്നു. അമ്പതിനായിരം കോടി രൂപ ചെലവാണ് പദ്ധതിക്ക് വേണ്ടതെന്നും കേന്ദ്ര മന്ത്രി നിതിന്‍ ഗാഡ്കരി അറിയിച്ചു.
ഓരോ തുറമുഖത്തും ഓരോ സ്മാര്‍ട്ട് സിറ്റി വീതം നിര്‍മിക്കും. അതിനുള്ള ശ്രമത്തിലാണ്. ഓരോ സിറ്റിക്കും 3000-4000 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ഹരിത സ്മാര്‍ട്ട് സിറ്റികളായിരിക്കും നിര്‍മിക്കുക. നിര്‍മാണം അടുത്ത നാല്- ആറ് മാസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാം പൂര്‍ത്തിയാകും. കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള 12 പ്രധാന തുറമുഖങ്ങള്‍ക്ക് ഏകദേശം 2.64 ലക്ഷം ഏക്കര്‍ ഭൂമിയുണ്ട്. ഇവ സാറ്റലൈറ്റ് വഴി പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. ഷിപ്പിംഗ് മന്ത്രാലയത്തിന്റെ പ്രധാന സ്രോതസ്സുകളാണിവ. മുംബൈ പോര്‍ട്ട് ട്രസ്റ്റിന് മാത്രം 753 ഹെക്ടര്‍ ഭൂമിയുണ്ട്. ഏകദേശം 46000 കോടി രൂപ മതിപ്പ് വിലയുണ്ടിതിന്. സ്വകാര്യ കെട്ടിട നിര്‍മാതാക്കള്‍ക്ക് ഭൂമി വില്‍ക്കാനല്ല ഉദ്ദേശിക്കുന്നത്. അവ സ്വന്തം നിലക്ക് വികസിപ്പിക്കാനാണ് പദ്ധതിയിട്ടത്. അതേസമയം, വീടുകളും മറ്റും നിര്‍മിക്കുന്നതിന് കമ്പനികളെ ക്ഷണിക്കും. സ്വകാര്യ നിക്ഷേപവും സ്വീകരിക്കും – ഗാഡ്കരി അറിയിച്ചു.
അന്താരാഷ്ട്ര നിലവാരമുള്ള തരത്തിലാണ് ഓരോ സിറ്റിയും നിര്‍മിക്കുക. വിശാലമായ റോഡും ഹരിതോര്‍ജവും ടൗണ്‍ഷിപ്പുകളും പച്ചപ്പും ഉള്ളതായിരിക്കും സിറ്റികള്‍. സ്മാര്‍ട്ട് സിറ്റികളെയും തുറമുഖങ്ങളെയും ഇ ഗവേണന്‍സ് വഴി ബന്ധിപ്പിക്കും. അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങള്‍, പ്രത്യേക സാമ്പത്തിക മേഖലകള്‍ (സെസ്), കപ്പല്‍ പൊളി, നിര്‍മാണ ശാലകള്‍ എന്നിവയും ഉണ്ടാകും. തുറമുഖത്തെ വെള്ളം ശുദ്ധീകരിക്കും. മാലിന്യങ്ങള്‍ ഉപയോഗിച്ച് ബയോഗ്യാസ് നിര്‍മാണം, ജൈവ ഇന്ധനം ഉപയോഗിച്ച് വാഹനങ്ങള്‍ ഓടിക്കല്‍, സോളാര്‍, കാറ്റ് ഊര്‍ജം എന്നിവ ഉത്പാദിപ്പിക്കല്‍, മാലിന്യരഹിത ഹരിതാഭ അന്തരീക്ഷം എന്നിവയും ഇവയുടെ പ്രത്യേകതയായിരിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ ഓടിക്കും. ഹൗസ് സ്‌കൂളുകളും കൊമേഴ്‌സ്യല്‍ കോംപ്ലക്‌സുകളും മറ്റ് സൗകര്യങ്ങളും ഉണ്ടാകും. ഗാഡ്കരി അറിയിച്ചു.
കാന്ദ്‌ല, മുംബൈ, ജെ എന്‍ പി റ്റി, മാര്‍മുഗാവ്, ന്യൂ മാംഗ്ലൂര്‍, കൊച്ചി, ചെന്നൈ, എണ്ണോര്‍, വി ഒ ചിദംബര്‍നാര്‍, വിശാഖപട്ടണം, പാരാദീപ്, കൊല്‍ക്കത്ത എന്നിവയാണ് 12 പ്രധാന തുറമുഖങ്ങള്‍. ചരക്ക് ഗതാഗതത്തിന്റെ 12 ശതമാനവും ഇവ വഴിയാണ് കൈകാര്യം ചെയ്യുന്നത്.

Latest