Connect with us

Ongoing News

സൈക്കിളില്‍ ബോധവത്ക്കരണവുമായി നാസര്‍

Published

|

Last Updated

കല്‍പ്പറ്റ: സാധാരണ മനുഷ്യനാണ് മാനന്തവാടി ദ്വാകര കോരംകുന്നന്‍ നാസര്‍. എന്നാല്‍ അസാധാരണമാണ് 47കാരനായ ഇദ്ദേഹത്തിന്റെ ജീവിതസ്വപ്‌നം. ക്യാന്‍സര്‍ രോഗികളില്ലാത്ത കേരളത്തെക്കുറിച്ചാണ് ചെറുകിട കച്ചവടം ഉപജീവനമാര്‍ഗമാക്കിയ നാസറിന്റെ ചിന്തകള്‍. സഹസ്രക്കണക്കിനു കുടുംബങ്ങളെ കണ്ണീര്‍ക്കയത്തിലാക്കുന്ന അര്‍ബുദത്തെ സാവകാശമെങ്കിലും മലയാളമണ്ണില്‍നിന്നു പടിയിറക്കാന്‍ ആദ്യം രാസകീടനാശികളെ നാടുകടത്തണമെന്നാണ് നാസറിന്റെ വിശ്വാസം. ഇതിന്റെ പ്രചാരണത്തിനു വയനാട്ടില്‍ ഗ്രാമങ്ങളില്‍നിന്നു ഗ്രാമങ്ങളിലേക്ക് സൈക്കിള്‍ ചവിട്ടി നോട്ടീസ് വിതരണവും ബോധവത്കരണവും നടത്തുകയാണ് അദ്ദേഹം. രാസകീടനാശിനികള്‍ വര്‍ജിച്ചും ജൈവകൃഷിമുറ സ്വീകരിച്ചും പടിപടിയായി അര്‍ബുദവൃക്ഷത്തിന്റെ വേരറുക്കാമെന്ന സന്ദേശമാണ് നോട്ടീസിലൂടെ ജനങ്ങളിലെത്തിക്കുന്നത്. ക്യാന്‍സറിനെതിരായ പോരിന്റെ ഭാഗമായി അധികാരികള്‍ക്കുമുന്നില്‍ ഒരുപിടി ആവശ്യങ്ങളും നോട്ടീസിലൂടെ നാസര്‍ ഉന്നയിക്കുന്നു.
ദ്വാരക കോരംകുന്നന്‍ പരേതരായ മമ്മുഹാജി-ഫാത്വിമ ദമ്പതികളുടെ മകനാണ് നാസര്‍. മൂന്ന് പതിറ്റാണ്ടു മുമ്പ് അര്‍ബുദം ബാധിച്ചായിരുന്നു ഫാത്വിമയുടെ മരണം. അന്ന് നാസറിന്റെ കൗമാര മനസ് കുറിച്ചതാണ് മനുഷ്യനു ഹാനികരമായ രാസകീടനാശിനികളോടുള്ള യുദ്ധം. സ്വന്തംകാലില്‍ നില്‍ക്കാറായപ്പോള്‍ തന്റേതായ വഴികളിലൂടെ അതിനു നാന്ദികുറിക്കുകയായിരുന്നു.
അര്‍ബുദ രോഗികള്‍ നിരവധിയാണ് രാസകീടനാശിനി പ്രയോഗത്തിനു കുപ്രസിദ്ധമായ വയനാട്ടില്‍. മേപ്പാടി, മൂപ്പൈനാട്, തവിഞ്ഞാല്‍ പഞ്ചായത്തുകളിലെ തോട്ടം മേഖലകളിലാണ് ക്യാന്‍സര്‍ ബാധിതര്‍ കൂടുതലും. 2011ല്‍ ആരോഗ്യവകുപ്പ് ജില്ലയിലെ 14,596 വീടുകളില്‍ നടത്തിയ സര്‍വേയില്‍ 132 അര്‍ബുദ രോഗികളെ കണ്ടെത്തുകയുണ്ടായി. ഇതില്‍ 57 പേര്‍ മൂപ്പൈനാട്, മേപ്പാടി പഞ്ചായത്തുകളിലും 59 പേര്‍ തവിഞ്ഞാല്‍ പഞ്ചായത്തിലുമായിരുന്നു. നൂറുകണക്കിനു ഹെക്ടര്‍ തേയിലത്തോട്ടങ്ങളുള്ളതാണ് ഈ പഞ്ചായത്തുകള്‍. നിലവില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആദിവാസികളിലടക്കം നിരവധി പേരില്‍ അര്‍ബുദം സ്ഥിരീകരിച്ചിട്ടുണ്ട്. 2002നും 2014നും ഇടയില്‍ ജില്ലയിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക്കുകളില്‍ രജിസ്റ്റര്‍ ചെയ്ത അര്‍ബുരോഗികളുടെ എണ്ണം 5156 ആണ്. രജിസ്റ്റര്‍ ചെയ്യാത്തവര്‍ വേറെ. ഈ പശ്ചാത്തലത്തിലാണ് നാസറിന്റെ 13 ദിവസം നീളുന്ന സൈക്കിള്‍ യാത്ര.ഫെബ്രുവരി ഏഴിന് രാവിലെ ജില്ലാ അതിര്‍ത്തിയിലെ പേരിയയിലായിരുന്നു യാത്രയ്ക്ക് തുടക്കം. പ്രധാന കര്‍ഷക കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് 19ന് വൈകീട്ട് മാനന്തവാടിയില്‍ സമാപിക്കുന്ന വിധത്തിലാണ് ക്രമീകരണം. വിതരണം ചെയ്യുന്നതിനായി കാല്‍ ലക്ഷത്തോളം നോട്ടീസ് അച്ചടിച്ചിട്ടുണ്ട്. ഇതിനകം പേരിയക്കും കല്‍പറ്റക്കുമിടയില്‍ വിവിധ കേന്ദ്രങ്ങളിലായി 4,000 നോട്ടീസ് വിതരണം ചെയ്തതായി നാസര്‍ പറഞ്ഞു.
കല്‍പറ്റയില്‍ ജില്ലാ കലക്ടറെ നേരില്‍ക്കണ്ട് നോട്ടീസ് നല്‍കിയ നാസര്‍ രാസകീടനാശിനി ഉപയോഗം നിരോധിക്കാനും ജൈവകൃഷി പ്രോത്സാഹനത്തിനും സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്ന് അഭ്യര്‍ഥിച്ചിട്ടുമുണ്ട്.

Latest