Connect with us

Kerala

ഗെയിംസ് അഴിമതി: സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചേക്കും

Published

|

Last Updated

തിരുവനന്തപുരം: ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് വ്യാപകമായി ക്രമക്കേട് ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഗെയിംസ് കഴിഞ്ഞ ഉടന്‍ സി ബി ഐ ഔദ്യോഗികമായി അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നറിയുന്നു. ഗെയിംസ് നടത്തിപ്പില്‍ വ്യാപക അഴിമതി നടന്നിട്ടുണ്ടെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായ സാഹചര്യത്തിലാണ് സി ബി ഐ അന്വേഷണം നടത്താമെന്ന നിഗമനത്തിലേക്ക് സി ബി ഐ എത്തിയിരിക്കുന്നത്. ഡല്‍ഹിയിലെ സി ബി ഐ ആസ്ഥാനത്തും ചെന്നൈ യൂനിറ്റിലും ഗെയിംസ് അഴിമതിയെക്കുറിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സി ബി ഐ ആസ്ഥാനത്തെ അഴിമതിവിരുദ്ധ വിഭാഗം ജോയിന്റ് ഡയറക്ടര്‍ ആര്‍ പി അഗര്‍വാളിന്റെ നിര്‍ദേശപ്രകാരം വിവരശേഖരണം ആരംഭിച്ചത്. കേന്ദ്രഫണ്ട് വിനിയോഗിച്ചതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് സി ബി ഐയുടെ കണ്ടെത്തല്‍. രാഷ്ട്രീയനേതാക്കള്‍, കായികസംഘടനകള്‍ എന്നിവരുടെ പ്രസ്താവനകള്‍, മാധ്യമങ്ങളിലൂടെ അഴിമതി സംബന്ധിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ എന്നിവയാണ് സി ബി ഐ സംഘം പ്രധാനമായും പരിശോധിക്കുന്നത്. ദേശീയ ഗെയിംസ് വൈകിപ്പിച്ച് കൂടുതല്‍ ക്രമക്കേട് നടത്താനുള്ള വഴിയൊരുക്കാനുള്ള നീക്കമാണുണ്ടായത്.
എന്നാല്‍, കൃത്യസമയത്ത് ഗെയിംസ് ആരംഭിച്ച സാഹചര്യത്തിലാണ് കൂടുതല്‍ ക്രമക്കേടുണ്ടാവാതിരുന്നത്. കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം, പുതുക്കിപ്പണിത പിരപ്പന്‍കോട് അക്വാട്ടിക് കോംപ്ലക്‌സ് എന്നിവിടങ്ങളിലും കൊല്ലം ആശ്രാമത്തെ ഹോക്കി സ്‌റ്റേഡിയം, നവീകരിച്ച ലാല്‍ബഹാദൂര്‍ ശാസ്ത്രി സ്‌റ്റേഡിയം എന്നിവിടങ്ങളില്‍ സി ബി ഐ സംഘം പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിച്ചു. കരാറുകളിലും ടെന്‍ഡറുകളിലും വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെന്ന വിലയിരുത്തലിലാണ് സി ബി ഐ സംഘം ചെന്നൈ, ഹൈദരാബാദ് മേഖലകളുടെ ചുമതലയുള്ള ജോയിന്റ് ഡയറക്ടര്‍ അരുണാചലത്തിന്റെ മേല്‍നോട്ടത്തില്‍ ചെന്നൈ, കൊച്ചി യൂനിറ്റുകള്‍ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. 660 കോടിരൂപ ചെലവുള്ള കായികമാമാങ്കത്തിന് 450 കോടിയോളം രൂപ കേന്ദ്രസര്‍ക്കാറാണ് നല്‍കുന്നത്.