കുതിച്ചുയരുന്ന സിമെന്റ് വില

Posted on: February 6, 2015 4:29 am | Last updated: February 5, 2015 at 9:13 pm

സംസ്ഥാനത്ത് സിമെന്റ് വില അടിക്കടി ഉയര്‍ന്നുകൊണ്ടിരിക്കയാണ്. 50 കിലോ തൂക്കം വരുന്ന ഒരു ചാക്ക് സിമെന്റിന് 420 രൂപയാണിപ്പോള്‍ മാര്‍ക്കറ്റ് വില. കഴിഞ്ഞ ആറ് മാസത്തിനിടെ ചാക്കൊന്നിന് 80 രൂപയോളം വര്‍ധിച്ചു. കൃത്യമായ ബജറ്റുമായി വീട് നിര്‍മാണത്തിന് ഒരുങ്ങുന്ന സാധാരണക്കാരെയും സിമന്റുമായി ബന്ധപ്പെട്ട് ഉദ്പാദനം നടത്തുന്ന ചെറുകിട കമ്പനിക്കാരെയുമാണ് ഇത് സാരമായി ബാധിക്കുന്നത്. സിമന്റിനൊപ്പം മണല്‍, കല്ല് തുടങ്ങിയ നിര്‍മാണ മേഖലയിലെ മറ്റു വസ്തുക്കള്‍ക്കും വില വര്‍ധിക്കുന്നതിനാല്‍ സാധാരണക്കാരുടെ വീട് പണികള്‍ ഏറെക്കുറെ സ്തംഭനത്തിലാണ്. നിര്‍മാണത്തൊഴിലാളികളും പ്രതിസന്ധിയിലാണ്. വന്‍കിടക്കാര്‍ കമ്പനികളില്‍ നിന്ന് നേരിട്ടുവാങ്ങുന്നതിനാല്‍ അവര്‍ക്ക് വിലക്കുറവിലും, ഇടനിലക്കാരുടെ കമ്മീഷനില്ലാതെയും സിമെന്റ് ലഭിക്കും. സാധാരണക്കാര്‍ക്ക് പൊതുമാര്‍ക്കറ്റിനെ ആശ്രയിക്കേണ്ടിവരുന്നതിനാല്‍, കൂടിയ വിലക്ക് തന്നെ വാങ്ങേണ്ടിവരുന്നു.
സിമെന്റ് നിര്‍മാണത്തിന് ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയുടെ വിലവര്‍ധന, വൈദ്യുതി ചാര്‍ജ്ജ് വര്‍ധന തുടങ്ങിയ കാരണങ്ങളാല്‍ വില ഇടക്കിടെ നേരിയ തോതില്‍ ഉയരാറുണ്ട്. ഇപ്പോഴത്തെ ക്രമാതീതമായ വര്‍ധന ഇതിന്റെ ഭാഗമല്ല. തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള കമ്പനികളുടെ ഗൂഢനീക്കമാണിതിന് പിന്നിലെന്നാണ് വിവരം. മാര്‍ക്കറ്റില്‍ സിമെന്റ് വില്‍പ്പന മുന്നറിയിപ്പില്ലാതെ നിര്‍ത്തിക്കൊണ്ടാണ് കമ്പനികള്‍ വിലവര്‍ധനവിന് തുടക്കമിട്ടത്. കേരളത്തിലെ പ്രധാന വിതരണക്കാരുടെ ഗോഡൗണുകളില്‍ സ്‌റ്റോക്ക് ചെയ്തിരുന്ന സിമെന്റ് തത്കാലം വിപണിയില്‍ എത്തിക്കരുതെന്നും നിര്‍ദേശം നല്‍കി. ഇതുവഴി കൃത്രിമ ക്ഷാമം സൃഷ്ടിച്ചാണ് വില കുത്തനെ കൂട്ടിയത്.
പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ കമ്പനികള്‍ മുമ്പും ആസൂത്രിതമായി വില വര്‍ധിപ്പിച്ചിട്ടുണ്ട്. 2012-ല്‍ എ സി സി, അംബുജം, അള്‍ട്ര ടെക്ക്, ലഫാര്‍ജ്, ജെ പി അസോസിയേറ്റ്‌സ്, സെഞ്ചുറി, മദ്രാസ് സിമെന്റ്‌സ്, ബിനാനി സിമെന്റ്‌സ്, ഇന്ത്യാ സിമെന്റ്‌സ്, ജെ കെ സിമെന്റ്‌സ് തുടങ്ങി പതിനൊന്ന് കമ്പനികള്‍ കൃത്രിമമായി സിമന്റ് വില വര്‍ധിപ്പിച്ചതിന് കോമ്പറ്റീഷന്‍ കമീഷന്‍ ഓഫ് ഇന്ത്യ (സി സി ഐ)യുടെ നടപടിക്ക് വിധേയമായിട്ടുണ്ട്. 2010- 11 സാമ്പത്തിക വര്‍ഷത്തെ ലാഭത്തിന്റെ 50 ശതമാനമായ 6300 കോടി രൂപ പിഴ അടക്കാനായിരുന്നു ഉത്തരവ്. കമ്പനികളുടെ സംഘടനയായ സിമെന്റ് മാനുഫാക്ച്വറേഴ്‌സ് അസോസിയേഷന് 73 ലക്ഷം രൂപയുടെ പിഴയും ചുമത്തി. ഉത്പാദനം കുറച്ച് വില വര്‍ധിപ്പിച്ചതായി ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ നല്‍കിയ പരാതിയിലായിരുന്നു ഈ നടപടി. ആരോപണം ശരിയാണെന്ന് കണ്ടെത്തിയ കമ്മീഷന്‍, കൃത്രിമ വില വര്‍ധന ഉപഭോക്താക്കള്‍ക്ക് മാത്രമല്ല ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്കു തന്നെ ദേഷകരമാണെന്ന് വിലയിരുത്തുകയുണ്ടായി.
പ്രൈസ് റഗുലേറ്ററി കമ്മിഷന്‍ രൂപവത്കരിച്ച് ഉത്പാദന ചെലവിന്റെ അടിസ്ഥാനത്തില്‍ വില നിശ്ചയിക്കുകയും, ഗോഡൗണുകളില്‍ സിമെന്റ് വന്‍തോതില്‍ സ്റ്റോക്കുണ്ടായിരിക്കെ, കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന ഘട്ടത്തില്‍ മിന്നല്‍ പരിശോധനയിലൂടെ അതിന് തടയിടുകയും ചെയ്താല്‍ അനിയന്ത്രിതമായ വിലക്കയറ്റം ഏറെക്കുറെ തടയാനാകും. പൂഴ്ത്തിവെയ്പ്പ് തടയുന്നതിന് മിന്നല്‍ പരിശോധന നടത്താന്‍ കലക്ടര്‍മാര്‍ക്ക് അധികാരമുവുമുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള നീക്കം സംസ്ഥാനത്ത് ഇതുവരെയുണ്ടായിട്ടില്ല. വിതരണക്കാരും ഉദ്യോഗസ്ഥ പ്രമുഖരുമായുള്ള അവിഹിത കൂട്ടുകെട്ടാണ് ഇതിന് തടസ്സമെന്നാണറിയുന്നത്.
ഇടത്തട്ടുകാരെ ഒഴിവാക്കി കമ്പനികളില്‍ നിന്ന് നേരിട്ടു മൊത്തവിലക്ക് വാങ്ങി മാര്‍ക്കറ്റ് നിരക്കിനേക്കാള്‍ കുറഞ്ഞ വിലയില്‍ സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് സിമെന്റ്എത്തിക്കാനുള്ള സംരംഭവും സര്‍ക്കാര്‍ തലത്തില്‍ ആരംഭിക്കാകുന്നതുമാണ്. അമ്മ സിമന്റ് പദ്ധതി എന്ന പേരില്‍ മുമ്പ് തമിഴ്‌നാട്ടിലെ ജയലളിത സര്‍ക്കാര്‍ ജനുവരി തുടക്കത്തില്‍ ഇത്തരമൊരു പദ്ധതി ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ കമ്പനികളില്‍ നിന്നും സര്‍ക്കാര്‍ ഏജന്‍സികള്‍ മൊത്ത വിലക്ക് സിമെന്റ് വാങ്ങി ചാക്കിന് 190 രൂപാ നിരക്കിലാണ് അമ്മ പദ്ധതി പ്രകാരം വിതരണം ചെയ്യുന്നത്. 100 ചതുരശ്ര അടിയുള്ള വീടുകള്‍ക്ക് 50 ചാക്ക് സിമെന്റും 1500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 750 ചാക്കും കുറഞ്ഞ വിലയില്‍ ലഭിക്കും. വീടുകളുടെ അറ്റകുറ്റ പണികള്‍ക്ക് പത്ത് മുതല്‍ നൂറ് ചാക്ക് വരെയും നല്‍കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി കമ്പനികളില്‍ നിന്ന് സിമന്റ് വാങ്ങി സൂക്ഷിക്കാന്‍ 470 ഗോഡൗണുകളും എ ഐ എ ഡി എം കെ സര്‍ക്കാര്‍ തുറക്കുന്നുണ്ട്. അമ്മ മിനറല്‍ വാട്ടര്‍, അമ്മ കാന്റീന്‍, അമ്മ ഉപ്പ് തുടങ്ങി വിവിധ ജനപ്രിയ പദ്ധതികള്‍ക്കും അവിടെ ജയ സര്‍ക്കാര്‍ തുടക്കമിട്ടിട്ടുണ്ട്. എന്നാല്‍ അടിക്കടി ഉയരുന്ന അഴിമതിയാരോപണങ്ങളെ അതിജീവിക്കാനാകാതെ നട്ടം തിരിയുകയും, ദൈനംദിന ഭരണത്തിന് തന്നെ വഴിയില്ലാതെ ജനങ്ങളെ ഞെക്കിപ്പിഴിയാനുള്ള പുതിയ മാര്‍ഗങ്ങള്‍ പരതിക്കൊണ്ടിരിക്കുകയും ചെയ്യുന്ന കേരള സര്‍ക്കാറിന് ഇത്തരം ജനക്ഷേമ പദ്ധതികളെക്കുറിച്ചു ചിന്തിക്കാനെവിടെ നേരം?