Connect with us

National

കടല്‍ക്കൊല: നാവികന് മൂന്ന് മാസം കൂടി ഇറ്റലിയില്‍ തങ്ങാം

Published

|

Last Updated

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികന് മൂന്ന് മാസം കൂടി ഇറ്റലിയില്‍ തങ്ങാന്‍ സുപ്രീം കോടതി അനുമതി നല്‍കി. ഹൃദയ ശസ്ത്രക്രിയ നടത്താനാണ് മാസിമിലാനോ ലത്തോറക്ക് കോടതി അവധി നീട്ടി നല്‍കിയത്. ഈ മാസം ഇന്ത്യയിലേക്ക് മടങ്ങിയേണ്ടിയിരുന്ന ലത്തോറ, ശസ്ത്രക്രിയക്ക് വിധേയനായെന്നും അവധി ദീര്‍ഘിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.
ലത്തോറക്ക് അവധി നീട്ടി നല്‍കുന്നതില്‍ സര്‍ക്കാറിന് തടസ്സവാദമില്ലെന്നും മൂന്ന് മാസം കൂടി സമയം അനുവദിക്കുകയാണെന്നും ജസ്റ്റിസ് അനില്‍ ആര്‍ ദേവ് അറിയിച്ചു. ഏപ്രിലില്‍ ലത്തോറ ഇന്ത്യയിലേക്ക് വരുമെന്ന് ഉറപ്പു നല്‍കുന്ന രേഖയില്‍ ഒപ്പുവെക്കാന്‍ ഇറ്റാലിയന്‍ അംബാസഡര്‍ക്ക് കോടതി നിര്‍ദേശമുണ്ട്. അവധിക്കുള്ള അപേക്ഷ കോടതി നിരസിച്ചതിനെ തുടര്‍ന്ന് അംബാസഡറെ പിന്‍വലിക്കുമെന്ന് ഇറ്റലി ഭീഷണി മുഴക്കിയിരുന്നു. 2012 ഫെബ്രുവരിയില്‍ കൊല്ലം തീരത്തിനടുത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ നാവികര്‍ വെടിവെച്ച് കൊല്ലുകയായിരുന്നു. കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ചാണ് വെടിവെച്ചതെന്ന് ഇറ്റലി അവകാശപ്പെടുന്നു. ഇത് സര്‍ക്കാര്‍ നിഷേധിച്ചു. 2013ല്‍ ഇറ്റലിയിലെ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിന് നാവികര്‍ക്ക് അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇവരെ തിരിച്ചയക്കില്ലെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ നിലപാടെടുത്തത് നയതന്ത്ര പ്രതിസന്ധിക്ക് കാരണമായിരുന്നു. അന്താരാഷ്ട്ര സമ്മര്‍ദത്തെ തുടര്‍ന്ന് ഇവരെ വിട്ടയക്കുകയായിരുന്നു. ഇത് അന്നത്തെ ഇറ്റാലയന്‍ വിദേശകാര്യ മന്ത്രിയുടെ രാജിയിലാണ് കലാശിച്ചത്.

Latest