Connect with us

International

സംഘര്‍ഷം വര്‍ധിപ്പിക്കുന്നതെന്ന് യു എസ്‌

Published

|

Last Updated

വാഷിംഗ്ടണ്‍: അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ അംഗമാകുന്നതില്‍ പ്രകോപിതരായി ഫലസ്തീന് നല്‍കേണ്ട ലക്ഷക്കണക്കിന് ഡോളര്‍ മരവിപ്പിച്ച ഇസ്‌റാഈല്‍ നടപടിയെ അമേരിക്ക ശക്തമായി വിമര്‍ശിച്ചു. സംഘര്‍ഷം വര്‍ധിപ്പിക്കുന്ന ഇത്തരം നടപടികള്‍ക്ക് അമേരിക്ക എതിരാണെന്നും യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ജെന്‍ പാസ്‌കി പറഞ്ഞു.
ഇസ്‌റാഈല്‍ ചെയ്ത ഈ നടപടി തീര്‍ത്തും സംഘര്‍ഷം സൃഷ്ടിക്കുന്നതാണ്. ഇത്തരം സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ അമേരിക്ക ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. രണ്ട് വിഭാഗത്തോടും സംഘര്‍ഷം ഉണ്ടാക്കുന്ന പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്. നേരിട്ടുള്ള ചര്‍ച്ചകളിലേക്ക് വരുന്നതിന് പ്രയാസം സൃഷ്ടിക്കുന്നതാണ് ഈ നടപടി. അതേസമയം, ഇസ്‌റാഈല്‍ നേതാക്കളെയോ സൈനികരെയോ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് മുമ്പാകെ കൊണ്ടുവരാനുള്ള നടപടികള്‍ അപകടകരമാണ്. ഫലസ്തീന് നല്‍കുന്ന സഹായ നടപടികള്‍ക്ക് ഇത് തടസ്സം സൃഷ്ടിക്കും. മറ്റു അന്താരാഷ്ട്ര വിഷയങ്ങളെപ്പോലെയല്ല ഇസ്‌റാഈല്‍- ഫലസ്തീന്‍ സംഘര്‍ഷം. ഇത് തണുപ്പിക്കാന്‍ യു എസ് സെക്രട്ടറി ജോണ്‍ കെറിക്ക് സാധ്യമാകുമോ എന്ന കാര്യം സംശയമാണ്. ഐ സി സിയില്‍ ചേരാനുള്ള ഫലസ്തീന്‍ തീരുമാനം കൂടുതല്‍ പ്രശ്‌നത്തിനാണ് ഇടവരുത്തുകയെന്നും പാസ്‌കി വാദിച്ചു.
കഴിഞ്ഞ ആഴ്ച, സ്വതന്ത്ര ഫലസ്തീന്‍ പ്രമേയം യു എന്‍ സുരക്ഷാ കൗണ്‍സിലില്‍ അവതരിപ്പിച്ചിരുന്നെങ്കിലം പരാജയപ്പെടുകയായിരുന്നു. അമേരിക്ക എതിര്‍ത്ത് വോട്ട് ചെയ്യുകയും മറ്റു ചില രാഷ്ട്രങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ അംഗമാകാന്‍ ഫലസ്തീന്‍ മുന്നിട്ടിറങ്ങിയത്. ഇതുവഴി, ഗാസയില്‍ നടത്തിയ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ ഇസ്‌റാഈല്‍ സൈനികരെ അന്താരാഷ്ട്ര കോടതിക്ക് മുമ്പാകെ കൊണ്ടുവരാനാകുമെന്നാണ് ഫലസ്തീന്‍ പ്രതീക്ഷിക്കുന്നത്. ഈ നടപടിയെ അമേരിക്കയും ഇസ്‌റാഈലും ശക്തമായി വിമര്‍ശിച്ചിരുന്നു. 2012ല്‍ യു എന്‍ നിരീക്ഷക രാഷ്ട്രമായി ഫലസ്തീനിനെ അംഗീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നും ലക്ഷക്കണക്കിന് ഡോളറിന്റെ ഫണ്ട് ഇസ്‌റാഈല്‍ മരവിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ്, അന്താരാഷ്ട്ര വിമര്‍ശം വിളിച്ചു വരുത്തിയ, വെസ്റ്റ്ബാങ്കിലെ 3,000 കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മിക്കാനുള്ള ഇസ്‌റാഈല്‍ പദ്ധതിയും പ്രഖ്യാപിക്കപ്പെട്ടിരുന്നത്.

Latest