Connect with us

Kozhikode

കൊയിലാണ്ടി പഴയ ബസ്സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ചുമാറ്റുന്നു

Published

|

Last Updated

കൊയിലാണ്ടി: നഗരത്തിന്റെ തിക്കിനും തിരക്കിനും സാക്ഷിയായ പഴയ ബസ്സ്റ്റാന്‍ഡ് കെട്ടിടം ചരിത്രത്തോട് ചേരുന്നു. മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള ബസ്സ്റ്റാന്‍ഡ് കം ഷോപ്പിംഗ് സെ ന്റര്‍ പൊളിച്ചുമാറ്റാന്‍ നഗരസഭ തീരുമാനിച്ചു.
1983ല്‍ അന്നത്തെ ഉപമുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഒമ്പത് ബസുകള്‍ക്ക് ഒരേ സമയം നിര്‍ത്തിയിടാനുള്ള ട്രാക്ക് സൗകര്യത്തോടെയായിരുന്നു സ്റ്റാന്‍ഡ് പണിതത്. കെട്ടിടത്തിന്റെ ഇരു നിലകളിലുമായി 20 ഓളം വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.
കൊയിലാണ്ടി പബ്ലിക് ലൈബ്രറിയും കെട്ടിടത്തിലാണ്. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് തകര്‍ന്ന് തുടങ്ങിയതിനാല്‍ ചോര്‍ന്നൊലിക്കുന്ന സ്ഥിതിയാണ്. ഇതിന് പരിഹാരമായി മുകളില്‍ ഷീറ്റ് സ്ഥാപിച്ചിരുന്നു. കെട്ടിടം തകര്‍ന്ന് തുടങ്ങിയതോടെ കോഴിക്കോട് എന്‍ ഐ ടിയിലെ വിദഗ്ധ സംഘത്തോട് പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നഗരസഭ നിര്‍ദേശിച്ചിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ കെട്ടിടം പണിയുന്നത്.
ആദ്യപടിയായി വാടകക്കാര്‍ക്കും വ്യാപാരികള്‍ക്കും നോട്ടീസ് നല്‍കും. തുടര്‍ന്ന് ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കും. അത്യാധുനിക സൗകര്യത്തോടെയുള്ള കെട്ടിടമാണ് നഗരസഭ പദ്ധതിയിട്ടുള്ളത്.

Latest