ഡോളര്‍ കരുത്തു കാട്ടി; സ്വര്‍ണം നാലു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വിലയില്‍

Posted on: November 2, 2014 6:37 pm | Last updated: November 2, 2014 at 6:37 pm

goldദുബൈ: ഡോളര്‍ കരുത്ത് കാട്ടിയതോടെ 2010ന് ശേഷം, പ്രിയ ലോഹമായ സ്വര്‍ണത്തിന്റെ വില ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ഇടിഞ്ഞു. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ പ്രകടമാക്കുന്ന കരുത്തും ബേങ്ക് ഓഫ് ജാപ്പന് കരുത്തു പകരാന്‍ പ്രഖ്യാപിച്ച ഉത്തേജക പാക്കേജുമാണ് ഡോളറിന് കരുത്തു കൂടാനും സ്വര്‍ണത്തിന്റെ പ്രഭ മങ്ങാനും ഇടയാക്കിയിരിക്കുന്നത്. ദീപാവലിക്ക് മുമ്പ് ദുബൈ കമ്പോളത്തില്‍ 140 ദിര്‍ഹമായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിനെങ്കില്‍ ദീപാവലി ദിവസം ഗ്രാമിന് 142 ദിര്‍ഹത്തിന് മുകളില്‍ എത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം 134.25 ദിര്‍ഹത്തിലേക്ക് കുത്തനെ താഴുന്നതിനാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം വില്‍പന നടത്തുന്ന ദുബൈ സാക്ഷിയാത്.

ഇന്നലെ നില അല്‍പം മെച്ചപ്പെടുത്തി സ്വര്‍ണം ഗ്രാമിന് 135.25ലേക്ക് എത്തിയിട്ടുണ്ട്. സമീപ ഭാവിയില്‍ സ്വര്‍ണം പഴയ അവസ്ഥയിലേക്ക് കരകയറുമെന്നാണ് വിപണി നല്‍കുന്ന സൂചന. അതായത് ഇപ്പോള്‍ സ്വര്‍ണം ഔണ്‍സി(ഏകദേശം 3.5 പവന്‍)ന് 1,173 ഡോളറിലാണ് ആഗോള വിപണികളില്‍ വില്‍പന നടക്കുന്നത്. ഇത് ഔണ്‍സിന് 1,175നും 1,225നും ഇടയിലേക്ക് ഉയരുമെന്നാണ് വ്യാപാരികളും സാമ്പത്തിക വിദഗ്ധരും പ്രതീക്ഷിക്കുന്നത്. ഡോളറിന് കരുത്ത് ലഭിച്ചതോടെ സ്വര്‍ണത്തിന് പകരം നിക്ഷേപകര്‍ ഡോളറിലേക്ക് മാറിയതാണ് സ്വര്‍ണം പിന്നോട്ടടിക്കാന്‍ ഇടയാക്കിയിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി നടന്ന അമേരിക്കന്‍ ഫെഡറല്‍ റിസേര്‍വിന്റെ യോഗത്തിന് ശേഷം പുറത്തുവിട്ട സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന തീരുമാനങ്ങളാണ് സ്വര്‍ണത്തിന് മേല്‍ ഡോളറിന് മേല്‍കൈ നേടിക്കൊടുത്തത്. മൂന്നു ശതമാനത്തോളമാണ് വില ഇടിഞ്ഞത്. സ്വര്‍ണത്തിന് ഔണ്‍സിന് 1,161.25 ഡോളറായിരിക്കയാണ്.
2013 ജൂണില്‍ സ്വര്‍ണ വില സകല റെക്കാര്‍ഡുകളും തകര്‍ത്ത് താഴോട്ട് എത്തിയിരുന്നു. ജൂണ്‍ അവസാന വാരത്തിലാണ് സ്വര്‍ണ വില രാജ്യാന്തര വിപണിയില്‍ ഔണ്‍സി 1,200 ഡോളറിനും താഴേക്ക് നിലംപൊത്തിയത്. അന്ന് സ്വര്‍ണം സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കുന്ന സപോര്‍ട്ട് വിലയിലും താഴേക്കാണ് വീണത്. യു എ കമ്പോളത്തില്‍ സ്വര്‍ണ വില 1,181 ഡോളറിലേക്കാണ് അന്ന് ഇടിഞ്ഞു തൂങ്ങിയിരുന്നത്. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ക്രിയാത്മകമായ മാറ്റം ഡോളറിന് ദിനേന കരുത്ത് വര്‍ധിപ്പിച്ചതായിരുന്നു അന്നും സ്വര്‍ണത്തിന്റെ ഉരുകലിന് ആക്കം കൂട്ടിയത്.മുമ്പ് 2010 മെയ് മാസത്തിലായിരുന്നു 1,180 ഡോളറിന് താഴേക്ക് സ്വര്‍ണം കൂപ്പുകുത്തിയത്. വില റെക്കാര്‍ഡ് കുറവ് രേഖപ്പെടുത്തിയതോടെ കഴിഞ്ഞ ഒന്നു രണ്ടു ദിവസങ്ങളിലായി ദുബൈയില്‍ സ്വര്‍ണം വാങ്ങാന്‍ ജ്വല്ലറികൡ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം മെയ് 15ന് ദുബൈയില്‍ ഒരു ഔണ്‍സിന് 1,550.36 ഡോളറായിരുന്നു വില. 14ന് 1,559 ഡോളറില്‍ നിന്നായിരുന്നു ഒരു ദിവസം കൊണ്ട് വിലയില്‍ ഒമ്പത് ഡോളറിന്റെ കുറവ് സംഭവിച്ചത്. 2012 മെയ് ഒമ്പതാം തിയ്യതി ഔണ്‍സിന് 1,583.60 ഡോളറായിരുന്നു. യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധി സങ്കീര്‍ണമായേക്കുമെന്ന ഭയമാണ് സ്വര്‍ണ വില കുത്തനെ ഇടിയാന്‍ അന്ന് ഇടയാക്കിയത്.