Connect with us

Ongoing News

സംസ്ഥാനത്ത് വോട്ടര്‍പട്ടിക പുതുക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: അടുത്ത ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്നവരെ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ വോട്ടര്‍പ്പട്ടിക പുതുക്കുന്നു. പുതുതായി പേര് ചേര്‍ക്കേണ്ടവര്‍ക്കും തെറ്റുകള്‍ തിരുത്തുന്നതിനുമായി നാളെ മുതല്‍ അപേക്ഷിക്കാം. നവംബര്‍ 25 വരെയാണ് അവസരം. ഇതിനായി കരട് വോട്ടര്‍പ്പട്ടിക നാളെ പുറത്തിറക്കും. പുതിയ വോട്ടര്‍മാരെ ഉള്‍പ്പെടുത്തിയിട്ടുള്ള അന്തിമ പട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്. പേര് ചേര്‍ക്കല്‍ സമ്പൂര്‍ണമായി ഓണ്‍ലൈന്‍ വഴിയാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. പേര് ചേര്‍ക്കാന്‍ വിപുലമായ സംവിധാനം ഒരുക്കിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റോ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തിരഞ്ഞെടുപ്പു കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.ceo.kerala.gov.in വഴി 24 മണിക്കൂറും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് അവസരം ലഭിക്കും. ഇതിന് പുറമേ, ജില്ലാ കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ച്‌വരെ എല്ലാ ദിവസങ്ങളിലും പേര് ചേര്‍ക്കാം. സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ നവംബര്‍ ഒമ്പതിനും 23നും രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെ പേരു ചേര്‍ക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അക്ഷയ സെന്ററുകളിലും സ്വകാര്യ ഇന്റര്‍നെറ്റ് കഫേകളിലും സൗകര്യം ലഭ്യമാണ്. അക്ഷയ സെന്ററുകളിലെ ഫീസ് നിരക്ക് 25 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന ഐ ടി മിഷനും ധാരണയുണ്ടാക്കി. വിദേശ മലയാളികള്‍ക്ക് പ്രവാസി വോട്ടര്‍മാരായി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യം ഉണ്ടാവും.
പ്രായാധിക്യം മൂലവും ശാരീരിക വെല്ലുവിളികള്‍ മൂലവും നേരിട്ടെത്തി പേര് ചേര്‍ക്കാന്‍ കഴിയാത്തവര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് നളിനി നെറ്റോ പറഞ്ഞു. പട്ടികയിലെ സ്ത്രീ, പുരുഷാനുപാതത്തിലുള്ള വിടവും ആദിവാസി മേഖലയിലെ പ്രാതിനിധ്യക്കുറവും പരമാവധി കുറച്ചുകൊണ്ടുവരാന്‍ ഇത്തവണ ഊന്നല്‍ നല്‍കും. കരട് വോട്ടര്‍ പട്ടിക പ്രകാരം നിലവില്‍ 21438 പോളിങ് ബൂത്തുകളായി ആകെ 2,42,51,942 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്.ഇതില്‍ 1,17,31,228 പുരുഷ വോട്ടര്‍മാരും 1,26,15,887 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. പട്ടിക പുതുക്കുന്നതോടെ മൂന്ന് മുതല്‍ അഞ്ച് ലക്ഷം വരെ യുവ വോട്ടര്‍മാര്‍ അധികമായി ഉള്‍പ്പെടുമെന്നാണ് കമ്മീഷന്റെ കണക്ക് കൂട്ടല്‍.
ഓണ്‍ലൈനിലൂടെ അപേക്ഷിച്ചു കഴിഞ്ഞാലുടന്‍ അപേക്ഷകന് രജിസ്‌ട്രേഷന്‍ നമ്പരും ബൂത്ത് ലെവല്‍ ഓഫീസറു(ബി എല്‍ ഒ)ടെ പേരും വിലാസവും എസ് എം എസ് ആയി ലഭിക്കും. അപേക്ഷ സ്വീകരിച്ചോ നിരസിച്ചോ എന്ന വിവരവും എസ് എം എസ് വഴി അറിയിക്കും. പേര് ചേര്‍ക്കപ്പെട്ടവര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് അപേക്ഷകന്റെ ഇഷ്ടാനുസരണം ബി എല്‍ ഒ വഴിയോ തപാല്‍ വഴിയോ താലൂക്ക് ആഫീസില്‍ നിന്ന് നേരിട്ടോ ലഭിക്കും. നാളെ പുറത്തിറക്കുന്ന കരട് പട്ടികയില്‍ പേരുള്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിയാന്‍ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിനു പുറമേ, കലക്ടറേറ്റുകളിലും താലൂക്ക് ഓഫീസുകളിലും ടച്ച് സ്‌ക്രീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ELE<SPACE> <EPIC NO(തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍)> എന്ന ഫോര്‍മാറ്റില്‍ 54252 എന്ന നമ്പരില്‍ എസ് എം എസ് ചെയ്തും ടോള്‍ഫ്രീ നമ്പരായ 1950 ല്‍ ബന്ധപ്പെട്ടും കരട് പട്ടികയിലെ വിവരങ്ങള്‍ അറിയാം. അതത് മേഖലയിലെ ബി എല്‍ ഒമാരില്‍ നിന്നും താലൂക്ക്, വില്ലേജ് ഓഫീസുകളില്‍ നിന്നും വിവരങ്ങള്‍ ലഭ്യമാകും.

 

Latest