Connect with us

Sports

ഇന്ത്യ-വിന്‍ഡീസ് ഏകദിനം നാളെ

Published

|

Last Updated

India-vs-West-Indiesകൊച്ചി: ഏകദിന പരമ്പരക്ക് തുടക്കം കുറിക്കുന്ന ആദ്യ മത്സരത്തില്‍ മാറ്റുരക്കാന്‍ ഇന്ത്യ, വിന്‍ഡീസ് ടീമുകള്‍ ഇവിടെയെത്തി. ക്രിക്കറ്റിന്റെ ആവേശപ്പെരുമഴയില്‍ കൊച്ചി മുങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നാളെ കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2.30നാണ് ഇന്ത്യ-വെസ്റ്റിന്‍ഡീസ് ആദ്യ ഡേ ആന്റ് നൈറ്റ് മത്സരം.

മുംബൈയില്‍ നിന്നും ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിലാണ് വിരാട് കോഹ്‌ലി, ശിഖര്‍ ധവാന്‍, അമ്പാട്ടി റായിഡു, ഭുവനേശ്വര്‍ കുമാര്‍ എന്നിവരടങ്ങുന്ന ആദ്യ ഇന്ത്യന്‍ സംഘമെത്തിയത്. നായകന്‍ എം എസ് ധോണിയും സുരേഷ് റെയ്‌നയും രാത്രിയിലാണ് എത്തിയത്. രാവിലെ 11.40നാണ് മുംബൈയില്‍ നിന്നുള്ള വിമാനത്തില്‍ കോഹ്‌ലിയെ കൂടാതെ മുഹമ്മദ് ഷമി, അജിങ്ക്യ രഹാനെ, ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരും ഉണ്ടായിരുന്നു. ഉച്ചക്ക് ഒന്നിന് അമിത് മിശ്രയും മുരളി വിജയ്‌യുമെത്തി. അഞ്ചോടെ മോഹിത ശര്‍മയും കുല്‍ദീപ് യാദവും എത്തി. താരങ്ങളെ കാണാനും ആശംസ നേരാനും നിരവധി ആരാധകരും യാത്രക്കാരും നെടുമ്പാശേരി വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലില്‍ രാവിലെമുതല്‍ കാത്തുനിന്നിരുന്നു.
മുംബൈയില്‍ നിന്നും ഉച്ചയ്ക്ക് ഒന്നിന് ഇന്‍ഡിഗോ എയര്‍വെയ്‌സിലാണ് കരീബിയന്‍ ടീമംഗങ്ങളെത്തിയത്. മുന്‍ ഫാസ്റ്റ് ബൗളര്‍ ആംബ്രോസും മുന്‍ നായകന്‍ ക്ലൈവ് ലോയ്ഡും വെസ്റ്റ് ഇന്‍ഡീസ് ടീമിന് ആവേശം പകരാനെത്തിയിട്ടു്. നായകന്‍ ഡ്വെയിന്‍ ബ്രാവോയും ഓള്‍ റൗണ്ടര്‍ ആന്ദ്രേ റസലും ഞായറാഴ്ച തന്നെ കൊച്ചിയിലെത്തിയിരുന്നു. ഡാരന്‍ ബ്രാവോ, ജെറോം ടെയ്‌ലര്‍, ലിയോണ്‍ ജോണ്‍സണ്‍, ജാസണ്‍ ഹോള്‍ഡര്‍, ദിനേശ് രാം ദിന്‍, രവി രാംപോല്‍, കെമര്‍ റോഷ്, ഡാരന്‍ സമി, ഡ്വെയിന്‍ സ്മിത്, ജോണ്‍സണ്‍ ചാള്‍സ്, മര്‍ലോണ്‍ സാമുവല്‍, ലെന്‍ഡല്‍ സിമ്മണ്‍സ്, സുലൈമാന്‍ ബെന്‍ എന്നിവരാണ് ടീമിലുള്ളത്. അഞ്ച് ഏകദിനവും ഒരു ട്വന്റി-20യും മൂന്ന് ടെസ്റ്റ് മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്.
ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം വിരുന്നെത്തിയ ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിനായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായെങ്കിലും മഴ ചതിക്കുമോ എന്ന ഭീതിയിലാണ് ക്രിക്കറ്റ് ആരാധകരും സംഘാടകരും. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി പെയ്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
കൊച്ചിയുടെ ആകാശം ഇപ്പോഴും മേഘാവൃതമാണ്. മഴ പെയ്താല്‍ മിനിറ്റുകള്‍ക്കുള്ളില്‍ മൈതാനം പൂര്‍ണമായും മൂടാന്‍ കഴിയുന്ന വിധത്തിലുള്ള ടര്‍പോളിനുകള്‍ എത്തിച്ചിട്ടുണ്ട്.
മികച്ച ഡ്രെയിനേജ് സംവിധാനവും ഇവിടെയുണ്ട്. എങ്കിലും ഇത്തരം സംവിധാനങ്ങള്‍ പാളുന്നതായാണ് കൊച്ചിയിലെ ക്രിക്കറ്റ് അനുഭവം.

 

Latest