കോര്‍പറേഷന്‍ ഓഫീസ് ജനങ്ങള്‍ ചുട്ടുകരിക്കണമെന്ന് സാറാ ജോസഫ്

Posted on: September 23, 2014 10:03 am | Last updated: September 23, 2014 at 10:03 am
SHARE

sara josephകോഴിക്കോട്: കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരുടെ പ്രശ്‌നം പരിഹരിക്കാന്‍ തയ്യാറാകാത്ത കോര്‍പറേഷന്‍ ഓഫീസ് ജനങ്ങള്‍ ചുട്ടുകരിക്കണമെന്ന് സാഹിത്യകാരി സാറാ ജോസഫ്. ഒരു നഗരത്തില്‍ അനീതിയുണ്ടായാല്‍ നേരം പുലരുംമുമ്പ് അവിടം ചുട്ടുകരിക്കണമെന്ന പ്രിയപ്പെട്ട മുദ്രാവാക്യം എസ് എഫ് ഐയും ഡി വൈ എഫ് ഐയും ആദ്യം നടപ്പിലാക്കേണ്ടത് കോഴിക്കോട് കോര്‍പറേഷന്‍ ഓഫീസിലാണ്. കുടുംബശ്രീ പ്രവര്‍ത്തകരെ വിവിധ നിറത്തിലുള്ള യൂനിഫോമുകള്‍ അണിയിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ സംഘബലമാക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ പറഞ്ഞു. കോര്‍പറേഷന്‍ കവാടത്തിന് മുന്നില്‍ സി ഒമാര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അസംഘടിത തൊഴിലാളി യൂനിയന്‍ പ്രസിഡന്റ് പി വിജി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു സാറാ ജോസഫ്.
നഗരസഭയിലെ കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാര്‍ ഭിക്ഷയെടുക്കുന്നവരേക്കാള്‍ പരിതാപകരമായ അവസ്ഥയിലാണ് ജീവിക്കുന്നത്. പതിനാറ് വര്‍ഷമായി പ്രതിമാസം 1500 രൂപ വേതനത്തില്‍ പണിയെടുക്കുന്ന പാവങ്ങളെ മേയര്‍ പറഞ്ഞ് പറ്റിക്കുകയാണ്. പാടത്തും പറമ്പത്തും കര്‍ഷകര്‍ക്കൊപ്പം പണിയെടുത്തിരുന്നവരായിരുന്നു പഴയകാല ഇടത് നേതാക്കന്മാര്‍. എന്നാല്‍ ഇന്നുള്ള വര്‍ തിന്ന് തടിച്ചുകൊഴുത്ത ബൂര്‍ഷ്വാ നേതാക്കന്‍മാരായി മാറി. കോര്‍പറേഷന്‍ ഭരിക്കുന്നത് ഒട്ടും നാണമില്ലാത്തവരാണ്. മാലിന്യം ശേഖരിക്കാനുള്ള ഉപകരണങ്ങള്‍ മാത്രമായി കുടുംബശ്രീ പ്രവര്‍ത്തകരെ ഇവര്‍ മാറ്റിയെന്നും സാറാ ജോസഫ് കൂട്ടിച്ചേര്‍ത്തു.
അന്വേഷി പ്രസിഡന്റ് കെ അജിത അധ്യക്ഷയായിരുന്നു. കമ്മ്യൂണിറ്റി ഓര്‍നനൈസര്‍മാരുടെ സമരത്തിന് അനുകൂല നിലപാടെടുക്കും വരെ നിരാഹാരം തുടരുമെന്ന് പി വിജി പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനി പി വാസു, പി ടി ഹരിതാഭ്, കെ പി വിജയകുമാര്‍, കൃഷ്ണകുമാര്‍, ഹരീഷ് പ്രസംഗിച്ചു.