അബൂദബിയില്‍ ഗതാഗതം തടസ്സപ്പെടുത്തിയാല്‍ ഇനി 200 ദിര്‍ഹം പിഴ

Posted on: September 14, 2014 2:16 pm | Last updated: September 16, 2014 at 12:31 am
SHARE

Aboodabi trafic blockഅബൂദബി: ചെറിയ അപകടങ്ങളെ തുടര്‍ന്ന് വാഹനങ്ങള്‍ റോഡില്‍ നിന്ന് മാറ്റാതെ ഗതാഗത തടസ്സം സൃഷ്ടിച്ചാല്‍ 200 ദിര്‍ഹം പിഴ ഈടാക്കാന്‍ അബൂദബി ട്രാഫിക് ആന്‍ഡ് പട്രോള്‍ വിഭാഗം തീരുമാനിച്ചു. ടയര്‍ പഞ്ചറാകുക, ബ്രേക്ക് ഡൗണാകുക തുടങ്ങിയ കാരണങ്ങളാല്‍ വാഹനം റോഡില്‍ നിന്നാല്‍ ഉടന്‍ അടുത്ത പാര്‍ക്കിംഗ് ബേയിലേക്കോ അതിന് സാധിച്ചില്ലെങ്കില്‍ റോഡരികിലേക്കോ മാറ്റണമെന്നാണ് നിര്‍ദേശം. ശാരീരികമായ പരുക്കുകള്‍ സംഭവിക്കാത്ത ചെറിയ അപകടങ്ങള്‍ സംഭവിച്ചാലും ഇതു തന്നെയാണ് വ്യവസ്ഥ. നാളെ മുതല്‍ പുതിയ നിയമം നിലവില്‍ വരും.

വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റിയാല്‍ അത് സ്വയം നന്നാക്കാനാകുന്നില്ലെങ്കില്‍ 999 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് അബൂദബി ട്രാഫിക് ആന്‍ഡ് പട്രോള്‍ വകുപ്പ് ഡയറക്ടര്‍ ഹുസൈന്‍ അഹമ്മദ് അല്‍ ഹര്‍ത്തി അറിയിച്ചു.

ചെറിയ അപകടങ്ങളെ തുടര്‍ന്ന് വാഹനങ്ങള്‍ മാറ്റാതിരിക്കുന്നത് വന്‍ ഗതാഗത കുരുക്കിന് ഇടയാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിയമം കര്‍ശനമാക്കാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചത്.