പ്രളയം: കാശ്മീരില്‍ നഷ്ടം 5700 കോടിയെന്ന് പ്രാഥമിക കണക്ക്

Posted on: September 14, 2014 1:03 pm | Last updated: September 17, 2014 at 12:17 am
SHARE

kashmir flood 1

ന്യൂഡല്‍ഹി: കാശ്മീരിനെ വിഴുങ്ങിയ മഹാപ്രളയത്തില്‍ നഷ്ടം 5700 കോടി രൂപയെന്ന് പ്രാഥമിക കണക്കുകള്‍. നാടും നഗരവും കെട്ടിടങ്ങളും കൃഷിയിടങ്ങളുമെല്ലാം വെള്ളപ്പൊക്കത്തില്‍ മുങ്ങിയതോടെ പെട്ടന്നൊന്നും തിരിച്ചുവരാനാകാത്തവിധം കാശ്മീര്‍ തകര്‍ന്നിരിക്കുന്നു. വ്യവസായ സംഘമായ അസൂചമിന്റെ കണക്കനുസരിച്ച് നഷ്ടം 5400 മുതല്‍ 5700 കോടി രൂപ വരെ വരും. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമാണ് കാശ്മീരിനെ നക്കിത്തുടച്ചത്.

kashmir flood 3

ഗതാഗതം, വൈദ്യുതി, വാര്‍ത്താവിനിമയ ബന്ധങ്ങള്‍ പോലുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം പൂര്‍ണമായും താറുമാറായതായി കാശ്മീരില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. പല ബഹുനില കെട്ടിടങ്ങളുടെയും ഗ്രൗണ്ട് ഫ്‌ളോര്‍ പൂര്‍ണമായും വെള്ളത്താല്‍ മൂടപ്പെട്ട സ്ഥിതിയിലാണ്. ചിലയിടങ്ങളിലെല്ലാം 13 അടി വരെ ഉയരത്തില്‍ വെള്ളം കയറിയിട്ടുണ്ട്.

ഹോട്ടലുകള്‍, കച്ചവടങ്ങള്‍, കൃഷി, റോഡ്, പാലം തുടങ്ങിയവക്കുണ്ടായ നാശനഷ്ടം തന്നെ 2630 കോടി രൂപ വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. റെയില്‍വേ, വൈദ്യുതി, വാര്‍ത്താവിനിമയ ബന്ധങ്ങള്‍ എന്നിവക്കേറ്റ നഷ്ടം 2700-3000 കോടി രൂപ വരുമെന്നും അസൂചമിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. വെറും പ്രാഥമിക കണക്കുകളാണിത്. യഥാര്‍ഥ കണക്കുകള്‍ വരുമ്പോള്‍ ഒരു പക്ഷേ നഷ്ടം ഇരട്ടിയായേക്കാം.

kashmir flood 2

ഭൂമിയിലെ സ്വര്‍ഗം എന്നറിയപ്പെടുന്ന കാശ്മീര്‍ താഴ് വര വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. ഇവിടത്തെ പ്രകൃതി ഭംഗിയെ പ്രളയം വിഴുങ്ങിയതോടെ കാശ്മീരിന്റെ സൗന്ദര്യംകൂടിയാണ് താറുമാറായരിക്കുന്നത്. പ്രളയജലം വറ്റിയാല്‍ തന്നെ ഇവ വീണ്ടെടുക്കാന്‍ ഇനി വര്‍ഷങ്ങളുടെ കാത്തിരിപ്പ് വേണ്ടിവരും.