Connect with us

Malappuram

കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ്; നേട്ടംകൊയ്ത് എം എസ് എഫ്

Published

|

Last Updated

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളജുകളിലെ യൂനിയന്‍ തിരഞ്ഞെടുപ്പില്‍ എം എസ്എഫിന് നേട്ടം. 33 കോളജുകളില്‍ തനിച്ചും നാല് കോളജുകളില്‍ എം എസ് എഫ്- കെ എസ് യു സംഖ്യവും വിജയിച്ചു.
കഴിഞ്ഞ തവണ നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ എം എസ് എഫിന് 33 യു യു സിമാര്‍ ഉണ്ടായിരുന്നത് 47 ആയി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എസ് എഫ് ഐ നേട്ടമുണ്ടാക്കിയപ്പോള്‍ ജില്ലയില്‍ കെ എസ് യുവിന് വലിയ തിരിച്ചടിയുണ്ടായി. 12 കോളജുകളിലെ യൂനിയന്‍ പതിനഞ്ചായും യു യു സിമാരുടെ എണ്ണം 14ല്‍ നിന്ന് ഇരുപത്തി രണ്ടായും എസ് എഫ് ഐ ഉയര്‍ത്തി. 12 യു യു സിമാരാണ് കെ എസ് യുവിനുളളത്. എം എസ് എഫ് തനിച്ചു മത്സരിച്ചതിനെ തുടര്‍ന്ന് ചില കോളജുകളില്‍ എസ് എഫ് ഐ-കെ എസ് യു അവിശുദ്ധ കൂട്ടുകെട്ടാണെന്ന് ആരോപണമുയര്‍ന്നിരുന്നു. പുതിയ കോളജുകളിലെ ആദ്യ യൂനിയന്‍ തിരഞ്ഞെടുപ്പും കെ എസ് യുവിന് തിരിച്ചടിയായി. കൊണ്ടോട്ടി, താനൂര്‍ കോളജുകളില്‍ എം എസ് എഫ് യൂനിയന്‍ നേടി. മങ്കട ഗവ. കോളജ് യൂനിയന്‍ എസ് എഫ് ഐ നേടി. പെരിന്തല്‍മണ്ണ പി ടി എം കോളജ്, അസ്സബാഹ് വളയം കുളം, താനൂര്‍ ഗവ. കോളജ് എന്നിവിടങ്ങളിലാണ് യു ഡി എസ് എഫ് സഖ്യം നേടിയത്.
മമ്പാട് എം ഇ എസ് കോളജ്, ചുങ്കത്തറ മാര്‍ത്തോമ കോളജ്, അസ്സബാഹ് വളയം കുളം, മേല്‍മുറി മഅ്ദിന്‍ എന്നിവ കെ എസ് യു- എം എസ് എഫ് സഖ്യം തിരിച്ചുപിടിച്ചു. മമ്പാടില്‍ കാലങ്ങളായി കെ എസ് യുവിനാണ് ചെയര്‍മാന്‍ സ്ഥാനം ലഭിക്കാറ്. വളാഞ്ചേരി എം ഇ എസ്, പി ടി എ കോളജ് പുത്തനത്താണി, പ്രവാസി കോളജ് കൊളത്തൂര്‍, പാലേമാട് എസ് വി പി കെ കോളജ് എന്നിവിടങ്ങിലെ യൂനിയന്‍ എസ് എഫ് ഐ തിരിച്ചുപിടിച്ചു.
മഞ്ചേരി എന്‍ എസ് എസ് കോളജ് യൂനിയന്‍ തുടര്‍ച്ചായി 40ാം വര്‍ഷവും എസ് എഫ് ഐ നേടി. തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളജും നിലനിര്‍ത്തി. 27 വര്‍ഷത്തിന് ശേഷം പെരിന്തല്‍മണ്ണ പി എസ് എം ഒ കോളജിലെ ചെയര്‍മാന്‍ സ്ഥാനം എസ് എഫ് ഐ നേടി. ജെംസ് കോളജ്, മജ്‌ലിസ് പുറമണ്ണൂര്‍, കൊണ്ടോട്ടി ഗവ. കോളജ് എന്നിവിടങ്ങളിലും എസ് എഫ് ഐ മുന്നേറ്റം നടത്തി. എം എസ് എഫ് കോളജുകളില്‍ ശക്തമായി മുന്നേറുന്നതും മുന്നണി മര്യാദമറന്ന് എസ് എഫ് ഐയുമായി കൂട്ടുകൂടിയ കെ എസ് യുവിനുളള പാഠവുമാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് എം എസ് എഫ് ജില്ലാ പ്രസിഡന്റ് എന്‍ എ കരീം പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെയും മുസ്‌ലീം ലീഗിന്റേയും വിദ്യാഭ്യാസ നയങ്ങളോടുളള എതിര്‍പ്പാണ് യൂനിയന്‍ തിരഞ്ഞെടുപ്പിലൂടെ പ്രതിഫലിച്ചതെന്ന് എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് വി പി സാനു പറഞ്ഞു.

Latest