ചീഫ് സെക്രട്ടറി- ഐ എ എസ് അസോസിയേഷന്‍ ഭിന്നത പരിഹരിച്ചു

Posted on: September 3, 2014 12:12 am | Last updated: September 3, 2014 at 12:12 am
SHARE

bharath booshanതിരുവനന്തപും: ചീഫ് സെക്രട്ടറിയും ഐ എ എസ് അസോസിയേഷനുമായി നിലനിന്നിരുന്ന അഭിപ്രായഭിന്നത ഒത്തുതീര്‍ന്നു. ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷനും, ഐ എ എസ് അസോസിയേഷന്‍ ഭാരവാഹികളും തമ്മില്‍ ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് തര്‍ക്കങ്ങള്‍ക്ക് പരിഹാരമായത്.
ഐ എ എസ് ഓഫീസര്‍മാരുടെ വാര്‍ഷിക രഹസ്യ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്കോ വകുപ്പ് മന്ത്രിക്കോ നേരിട്ട് സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്ന അസോസിയേഷന്‍ പ്രതിനിധികളുടെ ആവശ്യം മുഖ്യമന്ത്രിയുടെ തീര്‍പ്പിന് വിട്ടു. സംസ്ഥാനത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്ന ഐ എ എസ് ഉദ്യോഗസ്ഥര്‍ തലസ്ഥാനത്ത് വരുമ്പോള്‍ ഔദ്യോഗിക വാഹനം അനുവദിക്കുന്നത് സംബന്ധിച്ച ഫയലില്‍ ഉടന്‍ തീരുമാനമെടുക്കും.
ഐ എ എസ് ഉദ്യോഗസ്ഥരുടെ സ്‌പെഷ്യല്‍ അലവന്‍സ് വര്‍ധിപ്പിക്കണമെന്ന ആവശ്യം മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. സിവില്‍ സര്‍വീസ് ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാത്രമേ ഐ എ എസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റം നടന്നുവരുന്നുള്ളൂ. തുടര്‍ന്നും ഇത് തുടരും.
സെക്രട്ടേറിയറ്റ് ഐ എ എസ് കേഡറില്‍ ഉള്ള എ എസ്, ജെ എസ്, ഡി എസ് എന്നീ തസ്തികകളില്‍ ഐ എ എസ് ഉദ്യോഗസ്ഥരെ തന്നെ പരമാവധി നിയമിക്കാനായി മുഴുവന്‍ സമയവും സെക്രട്ടേറിയറ്റ് സേവനത്തിന് തയ്യാറായ ഐ എ എസ് ഉദ്യോഗസ്ഥരുടെ പട്ടിക ചീഫ് സെക്രട്ടറിക്ക് അസോസിയേഷന്‍ സമര്‍പ്പിക്കും. ഔദ്യോഗിക വസതി അനുവദിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അവ രേഖാമൂലം ലഭിക്കുന്നപക്ഷം ചീഫ് സെക്രട്ടറി പരിഹരിക്കുന്നതാണ്. ജില്ലാതലത്തില്‍ ഉള്ള തര്‍ക്കങ്ങള്‍ക്കും വേഗത്തില്‍ പരിഹാരം കാണും. അലവന്‍സ് നല്‍കാനാകില്ലെന്ന സി എ ജിയുടെ തീരുമാനം തിരുത്തുന്നതിനുള്ള നടപടികള്‍ ചീഫ് സെക്രട്ടറി സ്വീകരിച്ചുവരുന്നു.
അച്ചടക്ക നടപടിയില്‍ കാലതാമസം ഉണ്ടാകുന്നപക്ഷം ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതും അദ്ദേഹം അടിയന്തര നടപടി സ്വീകരിക്കേണ്ടതുമാണ്. ഐ എ എസ് ഓഫീസര്‍മാരുടെ ഇടയില്‍ ഉണ്ടായ അസ്വസ്ഥതകളെക്കുറിച്ച് അനേകം വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചതായും ഇതുസംബന്ധിച്ച തെറ്റിദ്ധാരണകള്‍ പൂര്‍ണമായി നീങ്ങിക്കഴിഞ്ഞതായും അസോസിയേഷന്‍ അറിയിച്ചു. ഒരു കുടുംബത്തെപ്പോലെ ഈ നിര്‍ഭാഗ്യകരമായ സംഭവത്തെ നേരിടുകയും പൊതുജന സേവനത്തിനായി സിവില്‍ സര്‍വീസിനെ കാര്യക്ഷമമാക്കുകയും ചെയ്യും. പൊതുജനസേവകര്‍ എന്ന നിലയില്‍ ഭരണഘടനയില്‍ സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ മുറുകെപ്പിടിച്ച് അച്ചടക്കമുള്ള ഔദ്യോഗിക സംവിധാനം കുറ്റമറ്റതാക്കുമെന്ന് ഉറപ്പ് നല്‍കുന്നതായും അസോസിയേഷന്‍ അറിയിച്ചു. ഇതോടെ വാര്‍ഷിക രഹസ്യ റിപ്പോര്‍ട്ടില്‍ ചീഫ് സെക്രട്ടറി പ്രതികൂല പരാമര്‍ശങ്ങള്‍ എഴുതുന്നുവെന്നാരോപിച്ച് ഐ എ എസ് ഉദ്യോഗസ്ഥര്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ക്ക് അവസാനമായി. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചതായി ചര്‍ച്ചകള്‍ക്കുശേഷം അസോസിയേഷന്‍ പ്രസിഡന്റ് ടോം ജോസും സെക്രട്ടറി പ്രശാന്ത് നായരും അറിയിച്ചു.