Connect with us

Ongoing News

പ്രഹസനമായി ചര്‍ച്ച, പങ്കെടുത്തത് 40 പേര്‍ മാത്രം

Published

|

Last Updated

തിരുവനന്തപുരം: റെയില്‍വേ നിരക്ക്‌വര്‍ധന പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസ്സാക്കി. റെയില്‍വെയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ് അവതരിപ്പിച്ച പ്രമേയം നിയമസഭ ഐകകണ്‌ഠ്യേന പാസ്സാക്കി. റെയില്‍വേ യാത്രാനിരക്കും ചരക്കുകൂലിയും വര്‍ധിപ്പിച്ചത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലെ ജനങ്ങള്‍ക്ക് ഏറെ ദുരിതം തീര്‍ക്കുന്ന തീരുമാനമാണെന്ന് സഭ അഭിപ്രായപ്പെട്ടു. വിലക്കയറ്റം രൂക്ഷമാകാന്‍ ഇടയാക്കുന്ന ഇത്തരം നീക്കങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും സാധാരണ ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ സംസ്ഥാനം ഒറ്റക്കെട്ടായി നേരിടുമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത അംഗങ്ങള്‍ വ്യക്തമാക്കി. അതേസമയം നിയമസഭ നടപടികള്‍ നിര്‍ത്തിവെച്ച് നടന്ന ചര്‍ച്ച പ്രഹസനമായി മാറി. 140 എം എല്‍ എമാരില്‍ 40 പേര്‍ മാത്രമാണ് ചര്‍ച്ച നടക്കുമ്പോള്‍ സഭയിലുണ്ടായിരുന്നത്.
റെയില്‍ മാര്‍ഗം എത്തുന്ന അരി, ഗോതമ്പ്, പച്ചക്കറി, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ക്കും സിമന്റ്, കമ്പി മുതലായ നിര്‍മാണ സാമഗ്രികള്‍ക്കും വന്‍ വിലക്കയറ്റത്തിന് ഇടയാക്കുമെന്നും ഇക്കാര്യത്തില്‍ സഭക്ക് ഉത്കണ്ഠയുണ്ടെന്നും പ്രമേയത്തില്‍ പറയുന്നു. സീസണ്‍ ടിക്കറ്റ് യാത്രക്കാരെയടക്കം ബാധിക്കുന്ന രീതിയില്‍ സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നിരക്ക് വര്‍ധനയില്‍ സഭ പ്രതിഷേധം രേഖപ്പെടുത്തുന്നതായും തീരുമാനം പുന:പരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് അഭ്യര്‍ഥിക്കുന്നതായും പ്രമേയത്തില്‍ പറയുന്നു. കേരളത്തിന്റെ വികാരം കേന്ദ്രത്തെ അറിയിക്കാന്‍ സര്‍ക്കാര്‍ എപ്പോഴും മുന്നിലുണ്ടാകുമെന്നും 10 വര്‍ഷത്തിനിടെ യു പി എ സര്‍ക്കാര്‍ ഒരു പ്രാവശ്യം റെയില്‍ നിരക്ക് വര്‍ധിപ്പിച്ചത് പോലെ ഒരിക്കല്‍ കുറക്കുകയും ചെയ്തിരുന്നെന്നും ചര്‍ച്ചക്ക് മറുപടി പറയവെ മന്ത്രി ആര്യാടന്‍ ഓര്‍മിപ്പിച്ചു.
റെയില്‍ നിരക്കും ചരക്കുകൂലിയും വര്‍ധിപ്പിച്ചതോടെ കേരളത്തിലെ സാഹചര്യങ്ങള്‍ നിയമസഭ പ്രത്യേകമായി ചര്‍ച്ച ചെയ്യുകയായിരുന്നു. പ്രതിപക്ഷത്ത് നിന്ന് സി ദിവാകരന്‍ അവതരിപ്പിച്ച പ്രമേയത്തിന്‍ മേല്‍ നടന്ന ചര്‍ച്ചയില്‍ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ ഏകസ്വരത്തില്‍ വിലക്കയറ്റത്തെ കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ചു.
എല്ലാ മേഖലകളെയും ഓരേപോലെ ബാധിക്കുന്ന വിഷയമായതിനാല്‍ കേരളം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും റെയില്‍വേ ബജറ്റിന് മുമ്പ് കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ നേരില്‍ക്കണ്ട് വിഷയത്തിന്റെ ഗൗരവം ധരിപ്പിക്കണമെന്നും സി ദിവാകരന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം റെയില്‍വേക്ക് കേരളത്തില്‍ നിന്നുള്ള വരുമാനം 1,400 കോടിയായിരുന്നു. ഇത് ഇനിയും വര്‍ധിക്കാനാണ് സാധ്യത. എന്നാല്‍ കേരളത്തിലെ റെയില്‍വേക്ക് ശാപമോക്ഷമില്ലാത്ത സ്ഥിതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
റെയില്‍വേ നിരക്ക് കുറഞ്ഞാല്‍ എല്ലാ സാധനങ്ങളുടെയും വില കുറയുമെന്നും കക്ഷിരാഷ്ട്രീയത്തിനതീതമായി ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത പി എ മാധവന്‍ പറഞ്ഞു. പാചകവാതകം, ഡീസല്‍, പെട്രോള്‍, മണ്ണെണ്ണ, യൂറിയ എന്നിവയുടെ വില വര്‍ധിപ്പിച്ചതിന് പിന്നാലെ പ്രകൃതി വാതകത്തിന്റെ വില വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് മോദി സര്‍ക്കാര്‍ ആലോചിച്ചു കൊണ്ടിരിക്കുകയാണെന്നും ഇത് അതീവ ഗുരുതരമായ പ്രശ്‌നമായി കാണണമെന്നും ഡോ. തോമസ് ഐസക് പറഞ്ഞു. അബ്ദുറഹിമാന്‍ രണ്ടത്താണി, തോമസ് ഉണ്ണിയാടന്‍, എ കെ ശശീന്ദ്രന്‍, സി കെ നാണു, മുല്ലക്കര രത്‌നാകരന്‍, ബന്നി ബഹന്നാന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
എന്നാല്‍, ഐകകണ്‌ഠ്യേന പ്രമേയം പാസാക്കണമെന്ന ആവശ്യമൊഴിച്ചാല്‍ പരസ്പരം രാഷ്ട്രീയമായി കുറ്റപ്പെടുത്താനാണ് ഇരുപക്ഷവും മത്സരിച്ചത്. യു പി എ സര്‍ക്കാറിന്റെ നയങ്ങളുടെ തുടര്‍ച്ചയാണ് ബി ജെ പി സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് പ്രതിപക്ഷം വാദിച്ചപ്പോള്‍ അതിനെ ഖണ്ഡിക്കാനായിരുന്നു ഭരണപക്ഷത്തു നിന്നും സംസാരിച്ചവര്‍ ശ്രമിച്ചത്.
വിപണി ഇടപെടലുമായി ബന്ധപ്പെട്ടോ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതു സംബന്ധിച്ചോ ഫലപ്രദമായ ഒരഭിപ്രായവും ചര്‍ച്ചയില്‍ ഉയര്‍ന്നില്ല. ചര്‍ച്ചക്കു മറുപടി പറഞ്ഞ മന്ത്രി ആര്യാടന്‍ മുഹമ്മദും മന്‍മോഹന്‍ സിംഗ് സര്‍ക്കാറിനെ ന്യായീകരിക്കാനാണ് ശ്രമിച്ചത്.

Latest