Connect with us

Gulf

'മയക്കുമരുന്നുകളെ നേരിടുന്നതില്‍ അന്താരാഷ്ട്ര നിലവാരം നേടും'

Published

|

Last Updated

ദുബൈ: പത്താമത് അന്താരാഷ്ട്ര മയക്കുമരുന്ന് പ്രതിരോധ സമ്മേളനം (ഹിമായ) ദുബൈയില്‍ ആരംഭിച്ചു. ദുബൈ പോലീസാണ് സംഘാടകര്‍. 24 രാജ്യങ്ങളില്‍ നിന്നായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന 300 ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ സംബന്ധിക്കുന്നുണ്ട്. മയക്കുമരുന്ന് കടത്ത്, വ്യാപനം, പുനരധിവാസം തുടങ്ങിയ വിഷയങ്ങളില്‍ ഗഹനമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും സമ്മേളനം വേദിയാവും.
മയക്കുമരുന്നുകളെ നേരിടുന്നതിന് അന്താരാഷ്ട്ര നിലവാരം നേടുകയും സമൂഹത്തില്‍ വ്യക്തമായ ദിശാബോധം സൃഷ്ടിക്കുകയും ചെയ്യുന്നതിനാവശ്യമായ വിവിധ വിഷയങ്ങള്‍ മൂന്നു ദിവസം നീളുന്ന സമ്മേളനം ചര്‍ച്ച ചെയ്യും. മയക്കുമരുന്നുകള്‍ സൃഷ്ടിക്കുന്ന ആരോഗ്യ-സാമൂഹിക പ്രത്യാഘാതങ്ങളെകുറിച്ചും യുവതലമുറ ഇത്തരം മാര്‍ഗങ്ങളിലേക്ക് നീങ്ങാതിരിക്കാനും വ്യക്തമായ കാഴ്ചപ്പാടുണ്ടാക്കാന്‍ സമ്മേളനം സഹായകരമാവുമെന്ന് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ദുബൈ പോലീസ് ഉപമേധാവി മേജര്‍ ജനറല്‍ അബ്ദുര്‍റഹ്മാന്‍ മുഹമ്മദ് റഫീഅ് പറഞ്ഞു. മാനവ വിഭവ ശേഷിയെയും രാജ്യത്തിന്റെ സമ്പത്തിനെയും കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന വലിയൊരു പ്രവണതയാണ് മയക്കുമരുന്നുകളുടെ വ്യാപനം. ദുബൈ പോലീസ് ഇതിനെതിരെ മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര രംഗത്തെയും മേഖലയിലെയും സഹകാരികളുമായി സഹകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മയക്കുമരുന്ന് കടത്തുകാര്‍ നാള്‍ക്കുനാള്‍ നൂതന മാര്‍ഗങ്ങളാണ് അവലംബിക്കുന്നത്. ഇതിനെതിരെ നിരന്തര ജാഗ്രതയോടെയാണ് പോലീസിലെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം പ്രവര്‍ത്തിക്കുന്നത്.
മയക്കുമരുന്നുകളെ നേരിടുന്നതില്‍ യു എ ഇ ഭരണകൂടം നല്‍കുന്ന പിന്തുണ മികച്ചതാണെന്ന് യു എന്‍ ഓഫീസ് ഓണ്‍ ഡ്രഗ്‌സ് പ്രതിനിധി ജഡ്ജ് ഡോ. ഹാതം അലി അലി പറഞ്ഞു. മയക്കുമരുന്ന് കൃഷി, വാണിജ്യം കടത്ത് എന്നിവക്ക് കുപ്രസിദ്ധമായ രാജ്യങ്ങളുടെ മധ്യസ്ഥാനത്താണ് യു എ ഇ സ്ഥിതിചെയ്യുന്നത്. പലപ്പോഴും മയക്കുമരുന്ന് കടത്തിനും വിപണനത്തിനും യു എ ഇയുടെ തുറമുഖങ്ങളെ ഉപയോഗിക്കുന്നുണ്ട്. ഇതിനെതിരെ ശക്തമായ പ്രവര്‍ത്തനമാണ് ദുബൈ പോലീസും മറ്റും നടത്തുന്നത്. അന്താരാഷ്ട്ര നിലവാരത്തിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ അവര്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Latest