Connect with us

Editorial

യു പി സംഭവങ്ങള്‍ നാണക്കേട്

Published

|

Last Updated

ക്രൂരമായ സ്ത്രീപീഡനങ്ങളുടെ വാര്‍ത്തകള്‍ തുടരെത്തുടരെ പുറത്തുവന്നുകൊണ്ടിരിക്കയാണ് ഉത്തര്‍ പ്രദേശില്‍ നിന്ന്. മെയ് 27ന് ബദൗന്‍ ഗ്രാമത്തില്‍ രണ്ട് ദളിത് പെണ്‍കുട്ടികളെ മൃഗീയമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം മാവിന്‍കൊമ്പില്‍ കെട്ടിത്തൂക്കിയത് അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധത്തിനിടയാക്കയതാണ്. അസംഗഢില്‍ മെയ് 29ന് രാത്രി് 17 വയസുള്ള മറ്റൊരു ദളിത് യുവതിയെ നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. മൊറാദാബാദില്‍ കൃഷിയിടത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ 35 വയസുകാരിയെ നാല് പേര്‍ ചേര്‍ന്നു പീഡിപ്പിക്കുകയും വടിയുപയോഗിച്ചു ക്രൂരമായി മര്‍ദിക്കുകയുമുണ്ടായി. തൊട്ടടുത്ത ദിവസമാണ് ബറേലി ജില്ലയിലെ അയത്പ്പുര ഗ്രാമത്തില്‍ 22കാരിയെ മൃഗീയമായ ബലാത്സംഗത്തിനിരയാക്കിയതും ആസിഡ് കുടിപ്പിച്ചു കൊന്നതും. തിരിച്ചറിയാതിരിക്കാന്‍ അവരുടെ മുഖം ആസിഡ് ഒഴിച്ചു വികൃതമാക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച അലിഗഡില്‍ ചിലര്‍ ഒരു വനിതാ ജഡ്ജിയെ അവരുടെ ഔദ്യോഗിക വസതിയില്‍ കയറി മാനഭംഗപ്പെടുത്തിയ ശേഷം മാരകമായ കീടനാശിനി കുടിപ്പിച്ചു കൊല്ലാന്‍ ശ്രമിക്കുകയുണ്ടായി. ബുധനാഴ്ച അമേഠിയിലായിരുന്നു അടുത്ത സംഭവം. ഇരുപത്തിയഞ്ചുകാരിയായ യുവതിയാണ് അവിടെ കൂട്ടമാനഭംഗ ത്തിനിരയായത്.
മറ്റു സംസ്ഥാനങ്ങളിലും സ്ഥിതി ഭിന്നമല്ല. രാജ്യത്തെങ്ങും സ്ത്രീ സുരക്ഷ പൂര്‍വോപരി അപകടത്തിലാണ്. അമൃതാനന്ദമയീ മഠം പോലുള്ള “അത്മീയ കേന്ദ്രങ്ങളി”ല്‍ പോലും ബലാത്സംഗങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ദീര്‍ഘകാലം അവിടുത്തെ അന്തേവാസിനിയായിരുന്ന ആസ്‌ത്രേലിയന്‍ സ്വദേശിനി ഗെയില്‍ ട്രെഡ്‌വെല്‍ വെളിപ്പെടുത്തിയത്. നമ്മുടെ നിയമ നിര്‍മാണ സഭകളിലെ പല ജനപ്രതിനിധികളും ബലാത്സംഗ, സ്ത്രീപീഡനക്കേസുകളിലെ പ്രതികളാണ്. ഒരു രാജ്യത്തിന്റെ വികസനവും സാമൂഹിക പുരോഗതിയും ക്ഷേമവും വിലയിരുത്തപ്പെടുന്നത് അവിടുത്തെ സ്ത്രീകളുടെ സുരക്ഷയും പുരോഗതിയും കൂടി മാനദണ്ഡമാക്കിയാണെന്നിരിക്കെ വര്‍ധിതമായ ബലാത്സംഗക്കേസുകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയെ മറ്റു രാഷ്ട്രങ്ങള്‍ എങ്ങനെ വിലയിരുത്തുമെന്ന് ഊഹിക്കാവുന്നതേയുള്ളു. യു പിയില്‍ ദളിത് സഹോദരിമാരെ കൂട്ടബലാല്‍സംഗം ചെയ്തു കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തെ ഐക്യരാഷ്ട്രസഭ പോലും അപലപിക്കുകയും ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഇന്ത്യയോടാവശ്യപ്പെടുകയുമുണ്ടായി. ശൗച്യാലയങ്ങള്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ അപര്യാപ്തമായതാണ് ഇന്ത്യയില്‍ സ്ത്രീപീഡനങ്ങളുടെ പെരുപ്പത്തിന് കാരണമെന്നും സമാധാനം, സുരക്ഷ, മനുഷ്യാവകാശം, വികസനം എന്നിവയുമായി ബന്ധപ്പെട്ടതാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെന്നും യു എന്‍ സെക്രട്ടരി ജനറല്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.
ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം നടന്ന കൂട്ടബലാത്സംഗങ്ങളുടെ പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട നിയമങ്ങളും ശിക്ഷാനടപടികളും കൂടുതല്‍ കര്‍ശനമാക്കിയിരുന്നെങ്കിലും അവയൊന്നും സത്രീസുരക്ഷ ഉറപ്പു വരുത്താന്‍ പര്യാപ്തമല്ലെന്നാണ് പുതിയ സംഭവങ്ങള്‍ വിളിച്ചോതുന്നത്. ഭരണാധികാരികള്‍ തന്നെ ഇത്തരം സംഭവങ്ങളെ നിസ്സാരമായി കാണുകയും അക്രമികള്‍ക്ക് സഹായകമായ നിലപാടെടുക്കുകയും ചെയ്യുമ്പോള്‍ നിയമങ്ങള്‍ നോക്കുകുത്തികളായില്ലെങ്കിലേ അത്ഭുതമുള്ളു. ഡല്‍ഹി സംഭവത്തെ തുടര്‍ന്ന് ബലാത്സംഗത്തിന് വധശിക്ഷ നടപ്പാക്കണമെന്ന അഭിപ്രായം ഉയര്‍ന്നപ്പോള്‍, ബലാത്സംഗങ്ങള്‍ ആണ്‍കുട്ടികളുടെ ചില കളിതമാശകളാണെന്നും അതിന്റെ പേരില്‍ അവര്‍ക്കെതിരെ വധശിക്ഷ പോലുള്ള കടുത്ത നടപടികള്‍ സ്വീകരിക്കുന്നത് ശരിയല്ലെന്നുമാണല്ലോ സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് അഭിപ്രായപ്പെട്ടത്. അദ്ദേഹത്തിന്റെ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്താണ് ഇപ്പോള്‍ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥ വന്നിരിക്കുന്നത്. ലൈംഗികാക്രമണം മാത്രമല്ല, ഗാര്‍ഹിക പീഡനം, സ്ത്രീപീഡനം, ബാല ശൈശവ വിവാഹങ്ങള്‍, ബാലവേല തുടങ്ങിയ അതിക്രമങ്ങളും യു പിയില്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നത്.
ശ്രദ്ധേയ മറ്റൊരു വസ്തുത ഡല്‍ഹിയിലെ കൂട്ടബലാത്സംഗത്തിനെതിരെ രാജ്യത്തെങ്ങും പതിഷേധാഗ്നി ആളിപ്പടര്‍ന്നപ്പോള്‍, യു പിയിലെ സ്ത്രീപീഡനങ്ങള്‍ രാജ്യത്തെ സത്രീസംഘടനങ്ങള്‍ക്കിടയിലോ, പുരോഗമന പ്രസ്ഥാനങ്ങള്‍ക്കിടയിലോ യാതൊരു ചലനവുമുണ്ടാക്കിയില്ലെന്നതാണ്. ഡല്‍ഹിയിലെ ഒരു പെണ്‍കുട്ടിക്ക് ഇവര്‍ കല്‍പിച്ച വിലയും നിലയും യു പിയിലെ പീഡിതരായ പെണ്‍കുട്ടികളില്‍ കാണാതെ പോയത് അവരിലേറെയും ദളിതരായിപ്പോയതു കൊണ്ടാണോ? ദരിതരെ മനുഷ്യരായി കാണാന്‍ പോലും മനസ്സില്ലാത്തവരാണല്ലോ ഭരണക്കസേരകളിലും ഉദ്യോഗസ്ഥ പദവികളിലും വിരാജിക്കുന്നതില്‍ ഏറെയും. ദളിതര്‍ ഇരുന്ന കസേരകളില്‍ സവര്‍ണന് ഇരിക്കണമെങ്കില്‍ അത് ചാണകം തെളിച്ചു ശുദ്ധികലശം വരുത്തണമെന്ന് ശഠിക്കുന്നവര്‍ അധികാരക്കസേരകളിലിക്കുന്ന നാട്ടില്‍ ദളിതര്‍ക്കു വേണ്ടി പ്രതിഷേധിക്കാന്‍ ആര്‍ക്കാണ് നേരവും മനസ്സും.

Latest