Connect with us

Gulf

അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന് ഉജ്വല പരിസമാപ്തി

Published

|

Last Updated

ദുബൈ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 2,700 പ്രദര്‍ശകര്‍ പങ്കെടുത്ത അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് (എ ടി എം) സമാപിച്ചു. 157 രാജ്യങ്ങളില്‍ നിന്ന് 23,000ലധികം സന്ദര്‍ശകര്‍ എത്തിയതായി പോര്‍ട്ട് ഫോളിയോ ഡയറക്ടര്‍ മാര്‍ക്ക് വാല്‍ഷ് അറിയിച്ചു. ഈ മാസം അഞ്ചിന് തുടങ്ങിയ പ്രദര്‍ശനത്തിന് വന്‍ പ്രതികരണമാണ് ലഭിച്ചത്. പ്രദര്‍ശകരുടെ എണ്ണത്തിലും സന്ദര്‍ശകരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. 25,000 ചതുരശ്ര മീറ്ററിലായിരുന്നു പ്രദര്‍ശനം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ എട്ടു ശതമാനത്തോളം സ്ഥലം കൂടുതലായി ഉപയോഗിച്ചു. യു എ ഇ, സഊദി അറേബ്യ, ഒമാന്‍, യു എസ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പ്രദര്‍ശകരും സന്ദര്‍ശകരും എത്തി. ഗള്‍ഫ് രാജ്യങ്ങളുടെ കൂറ്റന്‍ പവലിയനുകള്‍ ആകര്‍ഷകമായിരുന്നു. അടുത്തവര്‍ഷം പത്തുശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാധ്യതയുണ്ട്. വന്‍ വാണിജ്യമാണ് അറേബ്യന്‍ ട്രാവല്‍മാര്‍ക്കറ്റില്‍ നടന്നത്.
ദുബൈ ടൂറിസം വിഷന്‍ 2020 സമര്‍ഥമായി അവതരിപ്പിക്കാന്‍ ദുബൈ ഭരണകൂടത്തിന് കഴിഞ്ഞു. 2020 ഓടെ രണ്ടുകോടി സന്ദര്‍ശകരെയാണ് ദുബൈ പ്രതീക്ഷിക്കുന്നത്. വേള്‍ഡ് എക്‌സ്‌പോ 2020ന് പ്രചാരണം നല്‍കാനും എ ടി എമ്മിന് സാധിച്ചു. വിനോദ സഞ്ചാരത്തിന്റെ വിവിധ മേഖലകളെക്കുറിച്ച് സെമിനാറുകള്‍ നടന്നുവെന്നും മാര്‍ക്ക് വാല്‍ഷ് അറിയിച്ചു. അറേബ്യന്‍ ട്രാവല്‍മാര്‍ക്കറ്റില്‍ പവലിയനുകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഫ്രണ്ടിയര്‍ അവാര്‍ഡ് ഇന്ത്യനേടി.

Latest