മലേഷ്യന്‍ വിമാനം: ക്യാപ്റ്റനെ വിളിച്ച അജ്ഞാത സ്ത്രീക്കായി അന്വേഷണം

Posted on: March 23, 2014 9:16 pm | Last updated: March 23, 2014 at 9:21 pm
SHARE

malasian flight caption with familyകൊലാലംപൂര്‍: മലേഷ്യന്‍ വിമാനത്തിനായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തിരച്ചില്‍ തുടരുമ്പോള്‍ അന്വേഷണം ഒരു സ്ത്രീയിലേക്കും നീങ്ങുന്നു. വിമാനത്തിന്റെ ക്യാപ്റ്റന്‍ സഹാരി അഹമ്മദ് ഷായുമായി അവസാനമായി സംസാരിച്ച സ്ത്രീയെയാണ് അന്വേഷണ സംഘം തിരയുന്നത്. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു ഇവര്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണം. ഇത് രണ്ട് മിനുട്ട് നീണ്ടുനില്‍ക്കുകയും ചെയ്തിരുന്നു. അതേസമയം വ്യാജ പേരിലെടുത്ത സിംകാര്‍ഡ് ഉപയോഗിച്ചാണ് സ്ത്രീ വിളിച്ചതെന്നതും ദുരൂഹത വര്‍ധിക്കാന്‍ കാരണമാകുന്നു.

മലേഷ്യയില്‍ സിം കാര്‍ഡ് എടുക്കാന്‍ കര്‍ശന വ്യവസ്ഥകളാണ് നിലവിലുള്ളത്. ഐഡന്റിറ്റി കാര്‍ഡിന്റെയോ പാസ്‌പോര്‍ട്ടിന്റെയോ നമ്പര്‍ രേഖപ്പെടുത്തിയ നിര്‍ദിഷ്ട ഫോറത്തില്‍ അപേക്ഷിച്ചെങ്കില്‍ മാത്രമേ കണക്ഷന്‍ ലഭിക്കുകയുള്ളൂ. ഒരു സ്ത്രീയുടെ പേരിലെടുത്ത കണക്ഷന്‍ ഉപയോഗിച്ചാണ് ക്യാപ്റ്റനെ വിളിച്ചത്. ഈ സിംകാര്‍ഡ് വാങ്ങിയ കട പോലീസ് തിരിച്ചറിയുകയും അഡ്രസ് ശേഖരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ഈ വിലാസം വ്യാജമാണെന്നാണ് കണ്ടെത്തിയത്.

അതിനിടെ, ക്യാപ്റ്റനുമായി പിണങ്ങിക്കഴിയുന്ന ഭാര്യയെ ചോദ്യം ചെയ്യാനും അന്വേഷണ സംഘം ശ്രമം നടത്തുന്നുണ്ട്. ഇരുവരും പിരിഞ്ഞിട്ടുണ്ടെങ്കിലും ഒരു വീട്ടില്‍ തന്നെയാണ് താമസം.