Connect with us

Wayanad

വിദ്യാഭ്യാസ മേഖലയില്‍ സമൂലമായ മാറ്റം വരുത്തിയത് യു ഡി എഫ് സര്‍ക്കാര്‍: സതീശന്‍ പാച്ചേനി

Published

|

Last Updated

സുല്‍ത്താന്‍ബത്തേരി: യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് രണ്ടര വര്‍ഷത്തിനുള്ളില്‍ തന്നെ വിദ്യാഭ്യാസമേഖലയില്‍ സമൂലമായ മാറ്റം വരുത്താന്‍ സാധിച്ചുവെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി സതീശന്‍പാച്ചേനി. ബത്തേരി സെന്റ് ജോസഫ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജി എസ് ടി യു സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊടിയുടെ നിറം നോക്കാതെ അധ്യാപകര്‍ക്ക് ആത്മവിശ്വാസത്തോടെ ജോലി നോക്കാന്‍ കഴിയുന്നത് ജി എസ് ടി യുവിന്റെ കഠിനപ്രയത്‌നത്തിന്റെ ഫലമാണ്. ഇടതുഭരണത്തില്‍ അധ്യാപകരോട് പട്ടിപ്പിടുത്തക്കാരെ പോലെയാണ് പെരുമാറിയിരുന്നത്. ഒരു കുട്ടി സ്‌കൂളില്‍ നിന്നും കൊഴിഞ്ഞുപോയാല്‍ അധ്യാപകര്‍ക്ക് പണിയില്ല. ഇതിന് മാറ്റം വരുത്തിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്. ഒരു രാജ്യത്തിന്റെ സമ്പത്ത് ജനമാണെങ്കില്‍ ആ രാജ്യത്തെ നയിക്കുന്നത് വിദ്യാസമ്പന്നരാണ്. ഈ വിദ്യ നല്‍കുന്നത് അധ്യാപകരാണ്. ഈ രാജ്യത്തിന്റെ പൈതൃകം, മഹിമ, തുടങ്ങിയ മൂല്യാധിഷ്ഠിത തത്വങ്ങള്‍ ഉള്‍കൊണ്ടുകൊണ്ടാണ് ഒരധ്യാപകന്‍ അവന്റെ കടമ നിറവേറ്റേണ്ടത്. ഇന്ത്യയുടെ മഹത്തരമായ സംസ്‌ക്കാരത്തെ തച്ചുടക്കുന്ന ഒരാളാണ് ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി കസേരക്ക് നോട്ടം വെച്ചിട്ടുള്ളത്. നരേന്ദ്രമോഡി അധികാരകസേരയിലെത്തിയാല്‍ ഒരൊറ്റ ജനത, ഒരൊറ്റ ഇന്ത്യ എന്ന തത്വത്തില്‍ ഭരണം നടത്താന്‍ കഴിയില്ല. അക്രമരാഷ്ട്രീയം തൂത്തെറിയാന്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കൊപ്പം ജി എസ് ടി യുവും രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജി എസ് ടി യു സംസ്ഥാന പ്രസിഡന്റ് ജെ ശശി അധ്യക്ഷനായിരുന്നു.
ഉദ്ഘാടനസമ്മേളനത്തിന് ശേഷം നടന്ന അധ്യാപകപ്രകടനം ജി എസ് ടി യുവിന്റെ സംഘശക്തി വിളിച്ചോതുന്നതായിരുന്നു. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം കെ പി സി സി ജനറല്‍ എന്‍ സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി എസ് സലീം അധ്യക്ഷനായിരുന്ന യോഗത്തില്‍ ഐ എന്‍ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് ഈനാശു, എന്‍ ജി ഒ എ ജില്ലാപ്രസിഡന്റ് ഉമാശങ്കര്‍, കെ പി എസ് ടി യു അസോസിയേറ്റ് സെക്രട്ടറി ജോര്‍ജ്ജ് കളത്തൂര്‍, പി കെ കുഞ്ഞുമൊയ്തീന്‍ എന്ന് സംസാരിച്ചു.
ഉച്ചക്ക് ശേഷം നടന്ന വനിതാസമ്മേളനം കെ പി സി സി ജനറല്‍ സെക്രട്ടറി ലതികാസുഭാഷ് ഉദ്ഘാടനം ചെയ്തു. കൊലയാളികെ രക്ഷിക്കാന്‍ പിണറായി നടത്തുന്ന കേരള രക്ഷാമാര്‍ച്ചിന് മറുപടി പറയേണ്ടത് കേരളത്തിലെ ആബാലവൃദ്ധം സ്ത്രീജനങ്ങള്‍ക്കൊപ്പം അധ്യാപികമാരുമാണെന്ന് അവര്‍ പറഞ്ഞു. സി പി എമ്മിന്റെ കേന്ദ്രനേതാക്കള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഗൂഡാലോചനകളുമായി മുന്നോട്ടുപോകുന്ന കാഴ്ചയാണ് നാം കാണുന്നത്. സി പി എമ്മും സി പി ഐയും ഇപ്പോള്‍ നടത്തുന്നത് അവസരവാദരാഷ്ട്രീയമാണ്. കഴിഞ്ഞ ത്രിതല പഞ്ചായത്തുകളില്‍ 40,000 സ്ത്രീകളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇതില്‍ 13,000 പേര്‍ വിജയിക്കുകയും ചെയ്തു. നിയമനിര്‍മ്മാണസഭയില്‍ വനിതാബില്‍ പാസാക്കാന്‍ വനിതാപ്രാതിനിധ്യം വേണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ വനിതാഫോറം ചെയര്‍പേഴ്‌സണ്‍ പ്രസന്നകുമാരി അധ്യക്ഷയായിരുന്നു.

Latest