Connect with us

Wayanad

ബയോഗ്യാസ് പ്ലാന്റുകളുടെ ശേഷി വര്‍ധിപ്പിക്കാനുള്ള വിദ്യയുമായി സ്‌നേഹഗംഗ

Published

|

Last Updated

കല്‍പ്പറ്റ: വയനാട്ടിലെ എസ്.കെ.എം.ജെ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വി.പി.സ്‌നേഹഗംഗയും സംഘവും ശാസ്ത്ര കോണ്‍ഗ്രസ്സിലെത്തിയത് ബയോഗ്യാസ് പ്ലാന്റുകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള വിദ്യയുമായാണ്. വീടുകളില്‍ സാധാരണ കന്നുകാലികള്‍ക്ക് കൊടുക്കുന്ന തീറ്റ മെത്തനോജനിക് ബാക്ടീരിയകളുടെ ക്ഷമത കുറയ്ക്കുന്നു. ഇത് ബയോഗ്യാസ് പ്ലാന്റുകളുടെ ഊര്‍ജ്ജക്ഷമത തന്നെ കുറയ്ക്കാന്‍ കാരണമാകും. ഈ തിരിച്ചറിവാണ് സ്‌നേഹയെ പുതിയ പരീക്ഷണങ്ങളിലേക്ക് നയിച്ചത്. ഇതിനായി ഇവര്‍ കാട്ടുപോത്തിന്റെ ചാണകത്തില്‍ നിന്ന് മെത്തനോജനിക് ബാക്ടീരിയകളെ വേര്‍തിരിച്ചെടുത്തു. സൂക്ഷനിരീക്ഷണത്തിലൂടെ ഇവയ്ക്ക് മീതേനും കാര്‍ബണ്‍ഡയോക്‌സൈഡും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുണ്ടെന്ന് കണ്ടെത്തി. കാട്ടുപോത്തിന്റെ ചാണകത്തിലെ മെത്തനോജന്‍ പ്ലാന്റുകളിലെ ഊര്‍ജ്ജക്ഷമത വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന് തെളിയിക്കപ്പെട്ടു. ഇത് ഭാവിയില്‍ ബയോഗ്യാസ് പ്ലാന്റുകളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കാന്‍ സഹായകമാകുമെന്ന് ഇവര്‍ പറയുന്നു.
ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സിലേക്ക് ഈ പഠനത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ കേരള ചില്‍ഡ്രന്‍സ് സയന്‍സ് കോണ്‍ഗ്രസ്സില്‍ രണ്ടാം സ്ഥാനവും. ഭോപ്പാല്‍ നാഷണല്‍ ചില്‍ഡ്രന്‍സ് സയന്‍സ് കോണ്‍ഗ്രസ്സില്‍ മികച്ച 20 പ്രബന്ധങ്ങളില്‍ ഒന്നായും ഇത് സ്ഥാനം പിടിച്ചിട്ടുണ്ട്. എം.എസ്.സ്വാമിനാഥന്‍ റിസേര്‍ച്ച് ഫൗണ്ടേഷനിലെ മൈക്രോബയോളജിസ്റ്റ് ജോസഫ്‌ജോണ്‍ ആണ് ഇവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ഗോരഖ്പൂര്‍ ഐഐടി ഫെലോഷിപ്പ് ലഭിച്ച സ്‌നേഹ തുടര്‍ പഠനത്തിലൂടെ രാജ്യത്തിന് ഊര്‍ജ്ജ ഉല്‍പ്പാദനത്തിന് മികച്ച സംഭാവനകള്‍ നല്‍കണമെന്ന് ആഗ്രഹിക്കുന്നു.

Latest