Connect with us

Malappuram

ഹോമിയോ ക്യാന്‍സര്‍ ആശുപത്രിയിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു

Published

|

Last Updated

വണ്ടൂര്‍: വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതോടെ പ്രവര്‍ത്തനം അവതാളത്തിലായ ഹോമിയോ ക്യാന്‍സര്‍ ആശുപത്രിയിലെ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു.
കുടിശ്ശിക വരുത്തിയ തുക ജില്ലാപഞ്ചായത്ത് അധികൃതര്‍ കെ എസ് ഇ ബി ഓഫീസില്‍ നല്‍കിയതിനെ തുടര്‍ന്നാണ് വൈദ്യുതി ബന്ധം പുന: സ്ഥാപിച്ചത്.അതെസമയം ഡോക്ടര്‍ക്കുള്ള ശമ്പളക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ജില്ലാപഞ്ചായത്ത് അംഗം വി സുധാകരന്‍ ആണ് ഇന്നലെ വൈദ്യുതി ഓഫീസിലെത്തി കുടിശ്ശിക ഇനത്തിലുള്ള 3500 രൂപ അടച്ചത്. ആശുപത്രിയുടെ വൈദ്യുതി ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കെഎസ്ഇബി അധികൃതര്‍ ഫ്യൂസ് ഊരിയിരുന്നു. ഇത് സംബന്ധിച്ച് സിറാജ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞതവണ ഫ്യൂസ് ഊരുമെന്ന അവസ്ഥ വന്നപ്പോള്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും സ്വന്തം കയ്യില്‍നിന്ന് പണമെടുത്ത് ബില്ലടക്കുകയായിരുന്നു. നാല് ഫ്യൂസുകളില്‍ രണ്ടെണ്ണത്തിന്റെ ഫ്യൂസ് മാത്രമാണ് കഴിഞ്ഞ ദിവസം കെഎസ്ഇബി ഊരിയത്. പൂര്‍ണ്ണമായുള്ള വൈദ്യുതി ബന്ധം വിഛേദിക്കേണ്ട സമയമായിട്ടും ആശുപത്രിയെന്ന പരിഗണന നല്‍കുകയായിരുന്നുവെന്ന് കെഎസ്ഇബി അധികൃതര്‍ പറഞ്ഞു.
വണ്ടൂര്‍ കരുണാലയപ്പടിയിലാണ് ഹോമിയോപ്പതി വിഭാഗത്തില്‍ സംസ്ഥാനത്തെ ആദ്യ ക്യാന്‍സര്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ആദ്യ ഹോമിയോ ക്യാന്‍സര്‍ ആശുപത്രിയുടെ നടത്തിപ്പ് സംബന്ധിച്ച അവ്യക്തതമൂലമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.
ആശുപത്രി ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹോമിയോ ഡിഎംഒ കത്തുനല്‍കിയെങ്കിലും ഉത്തരവില്ലെന്നുപറഞ്ഞ് മടക്കിയിരുന്നു. കെട്ടിടം കണ്ടെത്തിനല്‍കിയതും വാടക കൊടുക്കുന്നതും പഞ്ചായത്താണ്. ജില്ലാപഞ്ചായത്ത് ആണെന്ന് കരുതി അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ഫണ്ട് അനുവദിച്ചിരുന്നില്ല.സംസ്ഥാന സര്‍ക്കാറിനാണെന്നായിരുന്നു ജില്ലാ പഞ്ചായത്തിന്റെ വാദം. ഇക്കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല.
ഇതിനിടെ ജില്ലാപഞ്ചായത്ത് അംഗം വി സുധാകരന്റെ നേതൃത്വത്തിലാണ് വൈദ്യുതി കുടിശ്ശിക അടച്ചത്. ഇതോടെ ഓഫീസിന്റെയും മറ്റൊരു കെട്ടിടത്തിന്റെയും പ്രവര്‍ത്തനം പുനനാരംഭിച്ചു.
കഴിഞ്ഞ ദിവസം വൈദ്യുതി മുടങ്ങിയതോടെ ആശുപത്രിയിലേക്കുള്ള ജലവിതരണവും തടസ്സപ്പെട്ടിരുന്നു.