ടി പി വധം: അപ്പീല്‍ നിയമോപദേശം തേടിയ ശേഷം – മുഖ്യമന്ത്രി

Posted on: January 22, 2014 7:21 pm | Last updated: January 23, 2014 at 8:06 am

oommen chandy press meetതിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ 24 പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ പോകുന്ന കാര്യം നിയമോപദേശം ലഭിച്ച ശേഷം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി ബി ഐ അന്വേഷണ കാര്യവും നിയമോപദേശത്തിന് ശേഷം തീരുമാനിക്കും.

കോടതി വിധി എന്തുതന്നെയായാലും അത് സര്‍ക്കാര്‍ മാനിക്കും. രാഷ്ട്രീയ കൊലപാതകങ്ങളുടെ ഗൂഢാലോചന അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുന്നതിനാണ് യു ഡി എഫ് സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്. ഗൂഢാലോചന അന്വേഷണ വിധേയമാക്കിയാല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇല്ലാതാക്കാനാകും.

നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണമാണ് പോലീസ് നടത്തിയത്. പ്രതികളില്‍ പലരും പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നുള്ളവരായതിനാല്‍ സാക്ഷികളും അവിടെ നിന്ന് തന്നെ വേണം. പോലീസ് ഒരു കള്ള സാക്ഷിയെയും ഹാജരാക്കിയിട്ടില്ല. അതുകൊണ്ടാണ് കൂറുമാറ്റ പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.