Connect with us

Kozhikode

തിരുകേശത്തിന്റെ പുണ്യം തേടി മര്‍കസില്‍ ജനസഞ്ചയം

Published

|

Last Updated

കോഴിക്കോട്: തിരുകേശത്തിന്റെ പുണ്യം തേടി പണ്ഡിത കലാലയ മുറ്റത്തേക്ക് വിശ്വാസി ലക്ഷങ്ങളുടെ നിലക്കാത്ത പ്രവാഹം. തിരുകേശ ദര്‍ശനവും പുണ്യജല വിതരണവും നബികീര്‍ത്തന കാവ്യങ്ങളും പ്രാര്‍ഥനാ മന്ത്രങ്ങളും നിറഞ്ഞ ആത്മീയ അന്തരീക്ഷത്തില്‍ മര്‍കസ് വിശ്വാസികള്‍ക്ക് പകര്‍ന്നത് ആത്മനിര്‍വൃതിയുടെ മറ്റൊരു ദിവസം. മര്‍കസ്സു സഖാഫത്തി സുന്നിയ്യയില്‍ സൂക്ഷിച്ചു വരുന്ന പ്രവാചക തിരുകേശം ദര്‍ശിക്കാനും തിരുകേശ പുണ്യജലം സ്വന്തമാക്കാനും തിരുനബിയോടുള്ള അടങ്ങാത്ത സ്‌നേഹവും അതിരറ്റ ബഹുമാനവും നെഞ്ചിലേറ്റി ഒഴുകിയ പ്രവാചക പ്രേമികളെ കണ്ടാണ് മര്‍കസിന്റെ സമീപപ്രദേശങ്ങള്‍ ഇന്നലെ ഉണര്‍ന്നത്.
പാതിരാത്രിയില്‍ തന്നെ വന്‍ ജനസഞ്ചയം മര്‍കസ് നഗരിയില്‍ സ്ഥാനമുറപ്പിച്ചിരുന്നു. തിരുനബിയുടെ ജനനം കൊണ്ട് അനുഗ്രഹീതമായ റബീഉല്‍ അവ്വല്‍ മാസത്തിലെ ആദ്യ തിങ്കളാഴ്ച തിരുകേശം ദര്‍ശിക്കാനും പുണ്യം നേടാനുമായി എത്തിയ ജനസാഗരം ആദര്‍ശ ബോധത്തിന്റെ അടയാളവും പുത്തന്‍വാദികളുടെ നിലപാടുകള്‍ക്കുള്ള ശക്തമായ താക്കീതുമായി. തിരുകേശ ദര്‍ശനത്തിന് നാല് വരിയായാണ് വിശ്വാസികളെ ക്രമീകരിച്ചിരുന്നത്. പ്രവാചക പ്രേമത്തിന്റെ ആവേശം ആവോളം നുകരാനെത്തിയവര്‍ വരിയില്‍ നില്‍ക്കുമ്പോഴും പ്രവാചക പ്രകീര്‍ത്തനങ്ങള്‍ മുഴക്കിക്കൊണ്ടേയിരുന്നു. ഇതേ സമയം വേദിയില്‍ നിന്നുയര്‍ന്ന ബുര്‍ദ പരായണം ഏറ്റുപിടിച്ച വിശ്വാസികള്‍ അതേ ഈണത്തില്‍ ഏറ്റുചൊല്ലി. പ്രഭാത നിസ്‌കാരാനന്തരം നടന്ന മൗലിദ് പാരായണത്തിന് പണ്ഡിത പ്രമുഖരും സയ്യിദന്‍മാരും നേതൃത്വം നല്‍കി.
രാവിലെ 6.30 ന് ശഅ്‌റ് മുബാറക്ക് നേതാക്കള്‍ പ്രധാന വേദിയിലേക്ക് ആനയിച്ചു. ആദരവോടെ വിശ്വാസികള്‍ സ്വലാത്ത് വചനങ്ങള്‍ ഉരുവിട്ട് വരവേറ്റു. തുടര്‍ന്നു സമസ്ത ഉപാധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ആത്മീയ സദസ്സിനും മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥനകള്‍ക്കും നേതൃത്വം നല്‍കി. സയ്യിദ് യൂസുഫുല്‍ ബുഖാരി വെലത്തൂര്‍, കുഞ്ഞൂട്ടി തങ്ങള്‍ തിരൂര്‍ക്കാട്, പി എസ് ഉമരിയ്യ തങ്ങള്‍, പി കെ എസ് തങ്ങള്‍ തലപ്പാറ, എസ് ശറഫുദ്ദീന്‍ ജമലുല്ലൈലി, അവേലത്ത് ഫത്താഹ് തങ്ങള്‍ അനുബന്ധ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
ഇതോടനുബന്ധിച്ച് നടന്ന ആത്മീയസമ്മേളനം എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആമുഖ പ്രഭാഷണം നടത്തി. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, ജലീല്‍ സഖാഫി കടലുണ്ടി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, വെണ്ണക്കോട് അബൂബക്കര്‍ സഖാഫി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, വണ്ടൂര്‍ അബ്ദുര്‍റഹിമാന്‍ ഫൈസി, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി പ്രസംഗിച്ചു.

RECORDED LIVE TELECAST:

Latest