Connect with us

Kerala

സുന്നി പ്രവര്‍ത്തകരുടെ കൊല: മുഖ്യ പ്രതി വിദേശത്തേക്ക് കടന്നതായി സൂചന

Published

|

Last Updated

മണ്ണാര്‍ക്കാട്: കല്ലാംകുഴിയില്‍ രണ്ട് സുന്നിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതികളിലൊരാള്‍ വിദേശത്തേക്ക് കടന്നതായി സൂചന. നവംബര്‍ 20ന് രാത്രിയിലാണ് കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ രണ്ട് സുന്നിപ്രവര്‍ത്തകരെ വിഘടിത, ലീഗ് പ്രവര്‍ത്തകര്‍ മൃഗീയമായി കൊലപ്പെടുത്തിയത്. കല്ലാംകുഴി എസ് വൈ എസ് യൂനിറ്റ് സെക്രട്ടറി പള്ളത്ത് നൂറുദ്ദീന്‍, ജ്യേഷ്ഠ സഹോദരന്‍ പള്ളത്ത് കുഞ്ഞു ഹംസ, എന്നിവരെ കൊലപ്പെടുത്തുകയും മൂത്ത സഹോദരന്‍ പള്ളത്ത് കുഞ്ഞാന്‍ എന്ന മുഹമ്മദിനെ ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിക്കുകയുമായിരുന്നു. ഈ കേസില്‍ 26 ഓളം പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്. 14 പേരെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ. ഒന്നാം പ്രതിയും കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റും ലീഗ് നേതാവുമായ സിദ്ദീഖ് ഉള്‍പ്പെടെയുള്ള 12 പേരെയാണ് പിടികൂടാനുള്ളത്. പ്രധാന പ്രതികളിലൊരാളായ അംജത്ത് വിദേശത്തേക്ക് കടന്നതായാണ് സൂചന. ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്ക് വിഘടിത വിഭാഗവും രാഷ്ട്രീയ നേതൃത്വവും സംരക്ഷണവും സാമ്പത്തിക സഹായവും ചെയ്തു വരുന്നുണ്ട്. പ്രതികളെ സംരക്ഷിക്കുന്നതിനുവേണ്ടി നാട്ടിലും മറുനാട്ടിലും വ്യാപകമായി പിരിവ് നടത്തിവരുന്നതായും പറയപ്പെടുന്നു. കൊലപാതകം നടക്കുന്നതിന് നാളുകള്‍ക്ക് മുമ്പ് നാല്‍പ്പതംഗ സംഘം കേസിലെ പ്രധാന പ്രതിയുടെ വീട്ടില്‍ ഗൂഢാലോചന നടത്തിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ പ്രാദേശിക രാഷ്ട്രീയ നേതാവടക്കം സംബന്ധിച്ചതായും സൂചനയുണ്ട്.

Latest