സ്വയം ഭരണ കോളജുകള്‍

Posted on: December 25, 2013 6:00 am | Last updated: December 24, 2013 at 11:54 pm

SIRAJ.......സംസ്ഥാനത്ത് പതിമൂന്ന് കോളജുകള്‍ സ്വയംഭരണാവകാശ പദവിയിലേക്ക് ഉയരുകയാണ്. സ്വയം ഭരണാധികാരത്തിനായി ലഭിച്ച 28 അപേക്ഷകളില്‍ നിന്ന് രണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങളെയും 11 എയ്ഡഡ് സ്ഥാപനങ്ങളെയുമാണ് യോഗ്യമായി സ്വയംഭരണ കോളജ് അപ്രൂവല്‍ കമ്മിറ്റി കണ്ടെത്തിയത്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ശിപാര്‍ശയില്‍ യു ജി സിയാണ് ഇതു സംബന്ധിച്ചു അന്തിമ തീര്‍പ്പ് കല്‍പ്പിക്കേണ്ടത്. സ്വയംഭരണാധികാരം ലഭിക്കുന്ന കോളജുകള്‍ ഫലത്തില്‍ സര്‍വകലാശാലകള്‍ക്കു കീഴിലുള്ള മിനി സര്‍വകലാശാലകളായി മാറും. അക്കാദമിക് കാര്യങ്ങളില്‍ സ്വയം തീരുമാനമെടുക്കാനും സ്വന്തം രീതിയില്‍ പരീക്ഷ നടത്താനും അധികാരവും ലഭിക്കും. മൂല്യനിര്‍ണയം നടത്തി മാര്‍ക്ക് ലിസ്റ്റ് സര്‍വകലാശാലക്കു നല്‍കിയാല്‍ ഡിഗ്രിയും ഡിപ്ലോമയും നല്‍കുന്നതുമാണ്.
സംസ്ഥാനത്ത് സ്വയം ഭരണ കോളജുകള്‍ അനുവദിക്കണമെന്ന ആവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വേണ്ടത്ര പുരോഗതി നേടാന്‍ കഴിയാത്തതിന്റെ പ്രധാന കാരണം സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കോളജുകളെ അനുവദിക്കാത്തതാണെന്ന അഭിപ്രായവുമുണ്ട്. മാത്രമല്ല, അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി ഒരോ സ്വയംഭരണ കോളജിനും 200 കോടി രൂപ യു ജി സിയില്‍ നിന്ന് ധനസഹായവും ലഭിക്കുകയും ചെയ്യും. രാജ്യത്തിപ്പോള്‍ 19 സംസ്ഥാനങ്ങളിലും 79 യൂനിവേഴ്‌സിറ്റികളിലുമായി 420 സ്വയംഭരണ കോളജുകളള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ 149, ആന്ധ്ര പ്രദേശില്‍ 71, കര്‍ണാടകയില്‍ 49 എന്നിങ്ങനെ തെന്നിന്ത്യയിലാണ് കൂടുതലും. അധ്യാപക സംഘടനകളില്‍ നിന്നും മറ്റുമുള്ള എതിര്‍പ്പ് ഭയന്നാണ് കേരളം ഇതുവരെ ഈ മേഖലയില്‍ അത്ര താത്പര്യം കാണിക്കാതിരുന്നത്.
ഗുണനിലവാരം മെച്ചപ്പെടുന്നതിനനുസൃതമായി സ്ഥാപനത്തിന്റെ പ്രശസ്തി വര്‍ധിക്കുന്നതിനാല്‍ പഠന രംഗത്ത് മികവ് പുലര്‍ത്താന്‍ മാനേജ്‌മെന്റ് മത്സരബുദ്ധി കാണിക്കുകയും അത് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടങ്ങളുണ്ടാക്കുകയും ചെയ്യുമെന്നാണ് സ്വയംഭരണ കോളജുകളുടെ പ്രധാന നേട്ടമായി ചൂണ്ടിക്കാണിക്കുന്നത്. അക്കാദമിക് പ്രവര്‍ത്തനങ്ങളിലും പഠന പ്രക്രിയയിലും അധ്യാപകര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം, താളം തെറ്റുന്ന പരീക്ഷകളും അതുവഴി ഉണ്ടാകുന്ന ഭീമമായ നഷ്ടവും ഒഴിവാക്കി പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും നിര്‍ദിഷ്ട സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കല്‍, കോഴ്‌സുകളുടെ കാലാനുസൃതമായ പരിഷ്‌കരണം, അഫിലിയേറ്റിംഗ് സിസ്റ്റം ഇല്ലാതാകുന്നതിനാല്‍ എന്തിനും ഏതിനും യൂനിവേഴ്‌സിറ്റി അംഗീകാരത്തിനായുള്ള നെട്ടോട്ടമോടുന്ന പ്രവണതയില്‍ നിന്നുള്ള മോചനം തുടങ്ങി മറ്റു പല ഗുണങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്.
എന്നാല്‍ വിദ്യാഭ്യാസ മേഖല വാണിജ്യവത്കരിക്കപ്പെടുകയും ചൂഷണാധിഷ്ഠിതമാകുകയും ചെയ്ത നിലവിലെ ചുറ്റുപാടില്‍ അക്കാദമിക് നിലവാരത്തിന്റെ മികവില്‍ ഈ സ്ഥാപനങ്ങള്‍ക്ക് എത്രത്തോളം ഉയരാനാകുമെന്ന് കണ്ടറിയണം. സ്വാശ്രയ കോളജുകളുടെ അനുഭവം മുമ്പിലുണ്ട്. സ്വാശ്രയ എന്‍ജിനീയര്‍ കോളജുകളുടെ നിലവാരത്തകര്‍ച്ച നിയമസഭയില്‍ ചൂടേറിയ ചര്‍ച്ചക്കും കോടതിയുടെ വിമര്‍ശത്തിനും വിധേയമായതാണ്. സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ പ്രവേശനപരീക്ഷ നടത്തി ചോദ്യപേപ്പര്‍ സ്വന്തക്കാര്‍ക്ക് ചോര്‍ത്തിക്കൊടുത്തതായി പരാതി ഉയര്‍ന്നതിനെതുടര്‍ന്ന് പരീക്ഷ റദ്ദാക്കേണ്ടിവന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളെ കച്ചവടക്കണ്ണോടെ കാണുന്ന മാനേജ്‌മെന്റുകളുടെ കൈയില്‍ പരീക്ഷാ ചുമതല, ഫലം പ്രഖ്യാപനം, സര്‍ട്ടിഫിക്കറ്റ് നല്‍കല്‍ തുടങ്ങിയ ചുമതലകളും ഏല്‍പ്പിച്ചാല്‍ എന്ത് സംഭവിക്കുമെന്നതിന്റെ ഒന്നാന്തരം തെളിവാണിത്.
മാനേജ്‌മെന്റുകളുടെ സര്‍വാധികാരമാണ് മറ്റു സംസ്ഥാനങ്ങളിലെ സ്വയം ഭരണ കോളജുകളില്‍ പൊതുവെ നടക്കുന്നത്. പരീക്ഷാ ക്രമക്കേടും സ്വജനപക്ഷപാതവും അഴിമതിയും സര്‍വവ്യാപിതമാണ്. അധ്യാപക നിയമനത്തില്‍ അവരുടെ പ്രാഗത്ഭ്യത്തിലുപരി കോഴക്കും ശമ്പളക്കുറവിനുമാണ് മുന്‍ഗണനയെന്നതിനാല്‍ പല സ്ഥാപനങ്ങളിലും കഴിവ് കുറഞ്ഞ അധ്യാപകരെയാണ് നിയമിക്കുന്നത്. ചോദ്യ പേപ്പര്‍ തയ്യാറാക്കലും മൂല്യനിര്‍ണയവുമെല്ലാം മാനേജ്‌മെന്റിന്റെ സ്വേച്ഛാധികാര താത്പര്യങ്ങളുമായി ബന്ധപ്പെട്ടാണ് നടക്കുന്നത്. സാമ്പത്തിക താത്പര്യങ്ങള്‍ക്കുപരി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ചുരുക്കം സ്ഥാങ്ങളും സ്വകാര്യ മേഖലയിലുണ്ടെന്ന വസ്തുത വിസ്മരിക്കുന്നില്ല. സ്വയം ഭരണ പദവിയല്ല, നടത്തിപ്പുകാരുടെ സാമൂഹിക പ്രതിബദ്ധതയും മൂല്യാധിഷ്ഠിതമായ കാഴ്ചപ്പാടുമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവില്‍ പ്രധാന ഘടകങ്ങള്‍. കൂടുതല്‍ ചര്‍ച്ചകളും പഠനങ്ങളും ഇക്കാര്യത്തില്‍ ആവശ്യമാണ്.

ALSO READ  ജി എസ് ടി നഷ്ടപരിഹാരവും കേന്ദ്രത്തിന്റെ തിരിമറിയും