തായ്‌ലാന്‍ഡ് പ്രക്ഷോഭം: പ്രധാനമന്ത്രിയുടെ ഓഫീസ് ഉപരോധം പോലീസ് തകര്‍ത്തു

Posted on: December 4, 2013 12:29 am | Last updated: December 3, 2013 at 11:32 pm

ബാങ്കോക്ക്: തായ്‌ലാന്‍ഡില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടത്തുന്നവര്‍ പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ പോലീസ് പൊളിച്ചു മാറ്റി. പോലീസ് നടപടിയെ പ്രതിഷേധക്കാര്‍ എതിര്‍ത്തില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ആസ്ഥാന കാര്യാലയങ്ങളാണ് പ്രതിഷേധക്കാര്‍ കഴിഞ്ഞ ദിവസം ഉപരോധിച്ചത്.
കോണ്‍ക്രീറ്റ് സ്ലാബുകള്‍ ഉപയോഗിച്ചായിരുന്നു ബാരിക്കേഡുകള്‍ നിര്‍മിച്ചിരുന്നത്. ഇവ പൊളിച്ചു നീക്കാന്‍ പോലീസ് ക്രെയിനുകളുടെ സഹായം തേടിയിരുന്നു.
പ്രധാനമന്ത്രി യംഗ്‌ലക് ഷിനാവത്ര രാജിവെക്കണമെന്ന ആവശ്യമാണ് പ്രക്ഷോഭകര്‍ ഉന്നയിച്ചത്. ഒരാഴ്ചയായി പ്രധാന നഗരങ്ങളിലെല്ലാം പ്രക്ഷോഭകര്‍ കൂറ്റന്‍ റാലികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ ഭരണം മുന്‍ പ്രധാനമന്ത്രിയും ഷിനാവത്രയുടെ സഹോദരനുമായ തക്‌സിന്‍ ഷിനാവത്രയുടെ നിയന്ത്രണത്തിലാണെന്നും ജനങ്ങളുടെ അവകാശം ഉറപ്പിക്കാന്‍ പ്യൂപ്പിള്‍ കൗണ്‍സില്‍ രൂപവത്കരിക്കണമെന്നും പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന മുന്‍ പ്രതിപക്ഷ നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായിരുന്ന സുദേബ് തുആഗ്‌സുബാന്‍ ആവശ്യപ്പെട്ടിരുന്നു. രണ്ട് ദിവസത്തിനകം ആവശ്യം അംഗീകരിക്കണമെന്നും അല്ലാത്തപക്ഷം പ്രധാനമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ സുദേബിന്റെ ആരോപണങ്ങള്‍ തള്ളിയ ഷിനാവത്ര അദ്ദേഹത്തിന്റെ ആവശ്യം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി. ബാങ്കോക്കില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം വിശദീകരിച്ചത്. തായ്‌ലന്‍ഡ് നിയമമോ ഭരണഘടനയോ അനുശാസിക്കുന്ന കാര്യങ്ങളല്ല സുദേബ് മുന്നോട്ട് വെക്കുന്നതെന്നും രാജ്യത്തെ പ്രക്ഷോഭങ്ങള്‍ അവസാനിപ്പിക്കാന്‍ ആവശ്യമായ പരിഹാര മാര്‍ഗങ്ങള്‍ എല്ലാവരില്‍ നിന്നും തേടുന്നുവെന്നും ഭരണഘടന അനുശാസിക്കുന്ന കാര്യങ്ങളാകണം നിര്‍ദേശിക്കേണ്ടതെന്നും ഷിനാവത്ര കൂട്ടിച്ചേര്‍ത്തു.
പ്രക്ഷോഭകരെ നേരിടാന്‍ കനത്ത പോലീസ് സന്നാഹമാണ് രാജ്യത്ത് ഒരുക്കിയിരുന്നത്. പ്രക്ഷോഭത്തെ അടിച്ചമര്‍ത്തില്ലെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്കും പോലീസ് ആസ്ഥാനങ്ങളിലേക്കും അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കുകയും പ്രധാനമന്ത്രിയുടെ ഓഫീസ് ഉപരോധിക്കുകയും ചെയ്തതോടെ ഞായാറാഴ്ച പ്രക്ഷോഭകരെ പോലീസ് നേരിട്ടു. ഏറ്റുമുട്ടലിനിടെ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 230 ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രതിഷേധക്കാരുടെ ആവശ്യത്തെ അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടില്‍ പ്രധാനമന്ത്രി എത്തിയതാണ് സര്‍ക്കാര്‍ ആസ്ഥാനത്തെ ഉപരോധത്തില്‍ നിന്ന് പിന്‍വലിയാന്‍ പ്രതിഷേധക്കാരെ പ്രേരിപ്പിച്ചത്.