Connect with us

Kannur

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്; ആറളം നിവാസികള്‍ രണ്ടാം ഘട്ടം സമരത്തിലേക്ക്

Published

|

Last Updated

ഇരിട്ടി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആറളം വില്ലേജിനെ പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിക്കാനുള്ള തീരുമാനത്തിനെതിരെ നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി ആറളം ജനകീയ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ അടുത്ത മാസം രണ്ടാംവാരം സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപവാസസമരം നടത്തും.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സമരസമിതി നടത്തുന്ന സമരത്തിന്റെ രണ്ടാംഘട്ടം എന്ന നിലയിലാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്നത്. പ്രക്ഷോഭത്തിന്റെ ഭാഗമായി അടുത്തമാസം ആറ് മുതല്‍ എട്ട് വരെ പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളില്‍ നിന്നും ഒപ്പുശേഖരിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാറിന് സമര്‍പിക്കും. സമരത്തിന്റെ ആദ്യഘട്ടമായി ഒരാഴ്ചമുമ്പ് സമരസമിതിയുടെ നേതൃത്വത്തില്‍ ആറളം പഞ്ചായത്തില്‍ സമ്പൂര്‍ണ ഹര്‍ത്താല്‍ ആചരിച്ച് ആയിരങ്ങള്‍ ജില്ലാ ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു. യോഗത്തില്‍ ബേബി ജോണ്‍ പൈനാപ്പള്ളില്‍ അധ്യക്ഷത വഹിച്ചു. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ടി തോമസ്, ഫാ. ജോസഫ് കാവനാഴി, ഫാ. നോബിള്‍ ഓണകുളം, കെ ബി ഉത്തമന്‍, കെ ടി ജോസ് പ്രസംഗിച്ചു.